കോവിഡ് വാക്സീന്‍ എടുത്തവരെ അപേക്ഷിച്ച് എടുക്കാത്തവര്‍ക്ക് കൊറോണവൈറസ് ബാധ വീണ്ടുമുണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് അധികമാണെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). അതിനാല്‍ മുന്‍പ് കോവിഡ് ബാധിതരായവര്‍ ഭാവിയില്‍ വൈറസ് പിടിപെടാതിരിക്കാന്‍ വാക്സീന്‍ എടുക്കണമെന്ന് സിഡിസി നിര്‍ദ്ദേശിച്ചു.
പ്രകൃതിദത്തമായ രോഗപ്രതിരോധത്തേക്കാള്‍ കൂടിയ അളവില്‍ വൈറസിനെതിരെ ആന്റിബോഡി പ്രതികരണമുണ്ടാക്കാന്‍ വാക്സിനേഷന് കഴിയുമെന്ന് ലബോറട്ടറി പരീക്ഷണ ഫലങ്ങളും സൂചിപ്പിക്കുന്നു. നേരത്തെ കോവിഡ് ബാധിച്ച 246 പേരില്‍ 2021 മെയ്-ജൂണ്‍ മാസങ്ങളിലാണ് സിഡിസി പഠനം നടത്തിയത്.
കോവിഡ് ഒരിക്കല്‍ വന്നു പോയവരിലും രണ്ട് ഡോസ് പൂര്‍ണ വാക്സിനേഷന്‍ അധിക സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു ഡോസ് വാക്സീന്‍ എടുത്തവരില്‍ പോലും വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ സംരക്ഷണം വൈറസില്‍ നിന്ന് ലഭിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ സാംപിളുകളുടെ ജനിതക സീക്വന്‍സിങ്ങ് നടത്താത്തത് പഠനത്തിലെ പോരായ്മയാണെന്ന് ഗവേഷകര്‍ പറയുന്നു. ആദ്യ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായ വൈറസ് വകഭേദമാണ് രണ്ടാം തവണ രോഗബാധയുണ്ടാക്കിയതെന്ന് തെളിയിക്കാന്‍ ജനിതക സീക്വന്‍സിങ്ങ് ആവശ്യമാണ്.
പഠനത്തിലെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വിശാലമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.