ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്.
ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.
മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നാണ് നിര്‍ദേശം.
ഏഴ് ലക്ഷം നോണ്‍ ഐ.സി.യു കിടക്കകള്‍ (ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.