സന്ധികള്‍, ചര്‍മം, എല്ലുകള്‍, തരുണാസ്ഥി, മാംസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍, തുടങ്ങിയ കോശസംയുക്തങ്ങളില്‍ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജന്‍. 28 ടൈപ്പ് കൊളാജനുകള്‍ മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട കൊളാജന്‍ 12, സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ പടരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ഉയര്‍ന്ന തോതിലുള്ള കൊളാജന്‍ 12 അര്‍ബുദ കോശങ്ങളെ അവയുടെ പ്രഭവ സ്ഥാനത്തുനിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ക്ക് ചുറ്റുമുള്ള ‘ട്യൂമര്‍ മൈക്രോ’ പരിസ്ഥിതിയുടെ ഭാഗമാണ് കൊളാജനെന്നും വിത്തുകള്‍ക്കു വളരാന്‍ മണ്ണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതുപോലെ അര്‍ബുദ കോശങ്ങള്‍ക്കു പെരുകാന്‍ ഈ ആവരണം സഹായകമാകുമെന്നും ഗാര്‍വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസര്‍ തോമസ് കോക്‌സ് പറയുന്നു.
കൊളാജന്‍ അടങ്ങിയ ഈ ആവരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതു വഴി, എന്തുകൊണ്ടാണ് ചില അര്‍ബുദ കോശങ്ങള്‍ മറ്റുള്ളവയെക്കാള്‍ മാരകമാകുന്നതെന്ന് അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ ചികിത്സയ്ക്ക് നൂതന മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു.
എലികളില്‍ നടത്തിയ പഠനത്തില്‍, അര്‍ബുദ കോശങ്ങള്‍ വളരുന്നതിനൊപ്പം കൊളാജന്‍ 12 ന്റെ തോതും വര്‍ധിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അര്‍ബുദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതല്‍ ആക്രമണോത്സുകരാക്കുന്നതില്‍ കൊളാജന് പങ്കുണ്ടെന്നും ഗവേഷകര്‍ കരുതുന്നു. അര്‍ബുദ കോശങ്ങളുടെ ബയോപ്‌സിയില്‍ കൊളാജന്‍ 12 ന്റെ തോത് കൂടി അളക്കുന്നത് അര്‍ബുദം എത്രവേഗം പടരാമെന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.