കേരളത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് ഈ കണക്കും ആശങ്കയും പങ്കുവച്ചത്. നേരത്തേ 40 വയസ്സില്‍ താഴെ ഹൃദ്രോഗ ബാധിതര്‍ 5 ശതമാനത്തില്‍ താഴെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 10% മുതല്‍ 15% വരെ ആയിട്ടുണ്ട്.
മാത്രമല്ല, 30 വയസ്സിനു താഴെ ഹൃദ്രോഗികള്‍ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഹൃദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കില്‍ ഇന്ത്യയില്‍ അതു പുരുഷന്മാര്‍ക്ക് 50 വയസ്സും സ്ത്രീകള്‍ക്ക് 60 വയസ്സുമാണ്.
ഭക്ഷണ നിയന്ത്രണവും വ്യായാമവും ഇല്ലാത്ത കുട്ടികളില്‍ 8 വയസ്സു മുതല്‍ ഹൃദ്രോഗ സാധ്യത ആരംഭിക്കും. കൊഴുപ്പും മധുരവും കൂടിയ ഭക്ഷണങ്ങള്‍, അമിതഭക്ഷണം, ഉറക്കമിളയ്ക്കല്‍ എന്നിവയെല്ലാം കുട്ടിക്കാലത്തു തന്നെ ഹൃദയാരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കും. ഇത്തരക്കാരില്‍ 25 വയസ്സു മുതല്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.