കോവിഡിന്റെ സി 1.2. വകഭേദത്തിനു നിലവിലുള്ള വാക്‌സീനുകളെ അതിജീവിക്കാനും പെട്ടെന്നു വ്യാപിക്കാനുമാകുമെന്ന മട്ടില്‍ പരക്കുന്ന വാര്‍ത്തകള്‍ കേട്ടു ഭയപ്പെടേണ്ടതില്ലെന്ന് ഐഎംഎ സമൂഹമാധ്യമ വിഭാഗം നാഷനല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു. ഇതു സംബന്ധിച്ച് ഡോക്ടറുടെ കുറിപ്പ്:
സി വണ്‍ ടു എന്ന പുതിയ ജനിതകമാറ്റം കഴിഞ്ഞ മേയില്‍ തന്നെ തിരിച്ചറിഞ്ഞതാണ്. ഇത്് വാക്‌സീനെ മറികടക്കുമെന്നും പെട്ടെന്ന് രോഗം വ്യാപിപ്പിക്കുമെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ എല്ലായിടത്തും. ഭയക്കാന്‍ വരട്ടെ. കോവിഡ്-19 വൈറസിന് നൂറുകണക്കിന് വേരിയന്റുകള്‍ ഇന്ന് നിലവിലുണ്ട്.
അതില്‍ ചിലത് മാത്രമാണ് ലോകാരോഗ്യസംഘടനയും മറ്റു ശാസ്ത്ര സംഘടനകളും വേരിയന്റ് ഓഫ് കണ്‍സേണ്‍ എന്ന് വിലയിരുത്തുന്നത്.
അതില്‍ ഡെല്‍റ്റ മാത്രമാണ് ലോകത്തെമ്പാടും പ്രത്യേകിച്ച് ഭാരതത്തില്‍ ഇപ്പോഴും പ്രസക്തമായത്. കേരളത്തില്‍ ഡെല്‍റ്റ അപകടകരമായി തുടരുന്നു.
ഈ ജനിതക മാറ്റത്തിന്റെ പ്രത്യേകതകളെ കുറിച്ച് നിരന്തരം പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. അതിനുമപ്പുറം അവര്‍ മറ്റൊന്നും പറഞ്ഞില്ല. പ്രത്യേകിച്ച് ഇത് വാക്‌സീനെ മറികടക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
കോവിഡ് വാക്‌സീനുകള്‍ രോഗം വരാതിരിക്കുവാനുള്ളതല്ലയെന്നും ഗുരുതരമായ രോഗം ഉണ്ടാക്കുന്നത് തടയുന്നതിനാണ്. ഈ ജനിതകമാറ്റം വന്ന വൈറസിനെതിരെയും വാക്‌സീന്‍ പ്രവര്‍ത്തിക്കും. ഗുരുതരമായ രോഗം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.