Friday, March 29, 2024

HomeLiteratureതെരുവിൻറെ നൊമ്പരം (കഥ:ചേലാമറ്റം രുഗ്മിണി)

തെരുവിൻറെ നൊമ്പരം (കഥ:ചേലാമറ്റം രുഗ്മിണി)

spot_img
spot_img

ഇതൊരു കഥയല്ല. കവിതയല്ല. സത്യം. സത്യം മാത്രം. അന്തരാത്മാവിൻറെ അടിത്തട്ടിൽനിന്ന് അടർത്തി മാറ്റുവാൻ പറ്റാത്തവണ്ണം അടിഞ്ഞുകൂടി കിടക്കുന്ന ചില നഗ്നസത്യങ്ങൾ.

നഗരത്തിലേക്ക് കടന്നപ്പോൾ നിരത്താകെ തിക്കും തിരക്കും. പൂഴി വാരി എറിഞ്ഞാൽ ഭൂമിയിൽ വീഴുകയില്ല. എവിടെ നിന്ന് വരുന്നു ഈ ജനപ്രവാഹം?. ഇങ്ങനെപോയാൽ മനുഷ്യർക്ക് നടക്കുവാനും ആകാശത്തിൽ റോഡുകൾ ഉണ്ടാക്കേണ്ടിവരുമെന്നു തോന്നുന്നു. ഓ, അതൊക്കെ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. കടകളുടെ എല്ലാം അകത്തും പുറത്തും മതിൽ പോലെ മനുഷ്യ നിര. കരിയില പോലെപാറിപ്പറക്കുന്ന കറൻസിനോട്ടുകൾ. ഇവർക്കൊന്നും പണത്തിന് ഒരു പഞ്ഞവും ഇല്ലെന്നുതോന്നുന്നു. വർണാഭമായ വേഷം, വാഹനങ്ങൾ. വീർപ്പുമുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ നിന്നും ഓടി അകലണം എന്നു തോന്നി.

ഇടതിങ്ങിയ പ്രധാന നിരത്തിൻറെ ഇടതുവശത്തുള്ള ഇടുങ്ങിയ ഇടവഴിയിൽ കൂടി നടക്കുമ്പോ ഇലപൊഴിഞ്ഞ മരത്തിൻറെ ശിഖരങ്ങളിൽ കൂടി ചിതറി വീണ വെയിൽ നാളങ്ങൾ അയാളുടെ തുടകളിൽ ചിത്രം വരച്ചുകൊണ്ടിരുന്നു. ജീവിതത്തിൻറെ സായാഹ്നത്തിലും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തെരുവിൽ ഇരിക്കേണ്ടി വന്നതാവാം.!

‘ തെരുവിൻറെ നൊമ്പരം’ -സാധു സാഹിത്യകാരൻറെ സാന്ത്വന വചസ്സുകൾ അല്ലെങ്കിൽ തന്നെ പ്രശസ്തിയുടെ വെന്നിക്കൊടി പാറി പറപിച്ചാലും ദാരിദ്ര്യത്തിൻറെ സന്തതസഹചാരിയായ സാഹിത്യകാരനു സഹതപിക്കുകയല്ലാതെ മറ്റെന്തിനാണ് കഴിയുക. അതുതന്നെയാണല്ലോ കാൽപ്പനികത്വത്തിൻറെ കൽപ്പടവുകളിൽ അനശ്വരങ്ങളായ വർണ്ണ ഗോപുരങ്ങൾ കെട്ടിപ്പടുത്ത കൊണ്ടിരുന്ന കവി സമ്രാട്ടിനോട് പ്രിയ പത്നി ചോദിച്ചതും

‘ കുത്തി കുറിച്ചുകൊണ്ടിങ്ങിരുന്നാൽ

അത്താഴ മൂണിൻന്നെന്തുചെയ്യും’

വഴിയരികിൽ കണ്ടെത്തിയ അനാഥ ജഡം പോലീസ് പരിശോധനയിൽ ഷർട്ടിൻറെ പോക്കറ്റിൽ നിന്ന് കിട്ടിയ കവിതാശകലം അവാർഡ് ജേതാവ് പ്രശസ്ത കവിപുംഗവൻറെത്.

മനുഷ്യനു – മനുഷ്യനെ കണ്ടെത്താൻ ഇനിയും കഴിയുന്നില്ലല്ലോ. പാവം കലാകാരൻറെ വിധി. മറ്റുള്ളവർക്ക് ആഹ്ലാദം പകർന്നു കൊടുക്കുമ്പോൾ സ്വന്തം യാതനയും വേദനയും ആരും അറിയുന്നില്ല. ഇന്ന് കലയും കമ്പോളത്തിലെ കച്ചവടക്കാരൻ ആയി മാറിയിരിക്കുന്നു. മാധ്യമങ്ങൾ കൂടി അതിന് അകമ്പടി സേവിക്കുന്നു, യാഥാർത്ഥ്യ കലയെ കണ്ടെത്തുന്നവർ വളരെ വിരളം.

വിശപ്പടക്കാനായി ഉച്ചിഷ്ടങ്ങൾ ഉപേക്ഷിച്ച് ഉയരം കൂടിയ വീപ്പയുടെ മുകളിലേക്ക് വലിഞ്ഞു കയറുന്ന പിഞ്ചു ബാലികയുടെ ചിത്രം പത്രത്തിൽ വന്നപ്പോൾ ചിത്രകാരന് പുരസ്കാരം.

കഥയെഴുതി, കവിതയെഴുതി വരി എണ്ണി കണക്കുപറഞ്ഞ് കാശും വാങ്ങി കീശ നിറച്ചു, യഥാർത്ഥ കഥാപാത്രം വല്ലതും അറിയുന്നുണ്ടോ?.

‘ ഓണം പിറന്നാലും ഉണ്ണി പിറന്നാലും-

കോരനു കുമ്പിളിൽ കഞ്ഞി.’

തെരുവിൻറെ നൊമ്പരത്തിൽ, സത്യത്തിൻറെ നൊമ്പരത്തിൽ കരളലിയിക്കുന്ന കലാകാരാ സ്വാഗതം! അത് തെരുവിൻറെ മാത്രം നൊമ്പരം ആണോ….. എൻറെ, നിൻറെ- സമൂഹത്തിൻറെ, സംസ്കാരത്തിൻറെ ,രാഷ്ട്രത്തിൻറെ, പ്രപഞ്ചത്തിൻറെ, പ്രകൃതിയുടെ മുഴുവൻ നൊമ്പരമല്ലേ???

ആ നൊമ്പരത്തെ ഉറ്റുനോക്കി… ആ മുഖം… ആ കണ്ണുകൾ… നല്ല പരിചയം… അത് ആരുടേതാണ്?.

അപ്പോൾ…. കറുത്ത ചരടിൽ തൂങ്ങിക്കിടന്ന കുരിശിൽ ചോരത്തുള്ളികൾ ഇറ്റുവീണുകൊണ്ട്- മുൾ കുരിശിൽ ക്രൂരപീഡനത്തിന്റെ ബലിപീഠത്തിൽ കിടക്കുന്ന മനുഷ്യപുത്രൻറെ ദൈന്യമാർന്ന ത്യാഗോജ്വലമായ കണ്ണുകൾ.

കാൽപ്പാദത്തിൽ വിഷബാണമേറ്റ്, ചുടുരക്തം ഒലിച്ചിറങ്ങി ആത്മത്യാഗം ചെയ്യുന്ന ശ്രീകൃഷ്ണൻറെ സാന്ത്വനത്തിൻറെ കണ്ണുകൾ.

സത്യത്തിനും ധർമ്മത്തിനും ആയി ജീവിതം അടിയറ വെച്ചിട്ടും- സത്യം അല്ലെന്നറിഞ്ഞിട്ടും- ആരുടെയോ അപവാദ ശങ്കയാൽ ഹൃദയത്തിൻറെ ഹൃദയമായ പ്രിയ പത്നിയെ പരിത്യജിക്കേണ്ടി വന്ന പൗരുഷത്തിൻറെ പ്രതീകമായ മരിയാതപുരുഷോത്തമനായ ശ്രീരാമൻറെ ത്യാഗോജ്വലമായ കണ്ണുകൾ..

സഭാ മധ്യത്തില്‍ അപമാനിതയായി പിടഞ്ഞുവീണ ദ്രൗപതിയുടെ അടങ്ങാത്ത അമർഷത്തിൻറെ ഒടുങ്ങാത്ത അഗ്നി ആളിപ്പടരുന്ന ദീപ്തിമത്തായ കണ്ണുകൾ.

മാന്യതയുടെ പുറം കുപ്പായം സംരക്ഷിക്കുന്നതിനായി ജീവിതം മുഴുവൻ എരിഞ്ഞമർന്ന് നെരിപ്പോട് ആക്കി മാറ്റേണ്ടി വന്ന കുന്തി ദേവിയുടെ നീറുന്ന കണ്ണീർവാതകത്തിൻറെ ചുടുകണ്ണീർ. രണഭൂമിയിൽ അനാഥമായി കിടക്കുന്ന കബന്ധങ്ങൾക്ക് നടുവിൽ പകച്ചുനിൽക്കുന്ന – ഗാന്ധാരി മാതാവിൻറെ വേദനകളുടെ ഈറ്റില്ലത്തിൽ വെന്തെരിഞ്ഞ മാതൃത്വത്തിൻറെ – പ്രപഞ്ചത്തിൻറെ- പ്രകൃതിയുടെ- ഹോമകുണ്ഡത്തിൽ പുകയുന്ന കണ്ണുകൾ.

സ്വന്തം കുഞ്ഞുങ്ങളുടെ പിതൃത്വം അംഗീകരിക്കുവാൻ വീണ്ടുമൊരു അഗ്നി പ്രവേശനത്തിന് കൽപ്പിച്ച ഭർത്താവിൻറെ- സ്ത്രീത്വത്തിൻറെ നേർക്കുള്ള അവഹേളനത്തിന് നിന്നും- അണ്ഡകടാഹത്തിൻറെ അടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന – മൈഥിലിയുടെ- ആത്മ വ്യഥയുടെ അലകടലുകൾ അലറി മറയുന്ന കണ്ണുകൾ…… ഞാൻ കണ്ടു…. ആ കണ്ണുകൾ….. അതെ….. ആ കണ്ണുകൾ…. അത്….. അത്… എൻറെതല്ലേ…. എൻറെതല്ലേ?……

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments