Monday, October 7, 2024

HomeLiteratureമീനാമ്മ...പിന്നെ റൂത്തും സോളമനും

മീനാമ്മ…പിന്നെ റൂത്തും സോളമനും

spot_img
spot_img

സാബു ശങ്കര്‍

കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ദൃശ്യമാധ്യമ സംവിധായകന്‍. ഔദ്യോഗിക നാമം സാബു തോമസ്. 1960 സെപ്തംബര്‍ 20 ന് ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. ആലുവ യു.സി കോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലുമായി പ്രാഥമിക വിദ്യാഭ്യാസം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം.

മാസ് കമ്മ്യൂണിക്കേഷനില്‍ എം.ബി.എ. കലയുടെ സൗന്ദര്യശാസ്ത്രം, ചലച്ചിത്രകലയുടെ ദൃശ്യഭാഷ എന്നീ വിഷയങ്ങളില്‍ പ്രത്യേക പഠനങ്ങള്‍ നടത്തി. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും വാരികകളിലും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്ത മുപ്പതിലേറെ കഥാ-കഥേതര ഹ്രസ്വചിത്രങ്ങള്‍ക്കും ഒരു സീരിയലിനും രചനയും സംവിധാനവും നിര്‍വഹിച്ചു. ‘പഥേര്‍ പാഞ്ജലി’ തിരക്കഥ മലയാള ആവിഷ്‌കാരം എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദതല പാഠപുസ്തകമാണ്. വത്തിക്കാന്‍ പത്രമായ ‘ഒസെര്‍വത്തോരെ റൊമാനോ’യുടെ മലയാള പതിപ്പില്‍ പരിഭാഷകനായിരുന്നു. പുസ്തക നിരൂപകന്‍ ഓണ്‍ലൈന്‍ ന്യൂസ് മാഗസിന്റെ ചീഫ് എഡിറ്റര്‍.

ഗ്രന്ഥങ്ങള്‍: സിനിമയുടെ സൗന്ദര്യശാസ്ത്രത്തിന് ഒരാമുഖം (1987), ചലച്ചിത്ര പാണിനി (1992), സത്യജിത്ത് റായിയുടെ പഥേര്‍ പാഞ്ജലി തിരക്കഥ-മലയാള ആവിഷ്‌കാരം (1996), ലെമൂറിയ-കഥകള്‍ (2005), ടൂറിസവും കേരളവും-പഠനങ്ങള്‍ (2005), ജി. അരവിന്ദന്റെ വാസ്തുഹാര-തിരക്കഥാ പുനരാവിഷ്‌കാരം (2009), സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒരു ചൂണ്ട-എഡിറ്റര്‍ (2010) ഉപ്പളത്തിലെ കരിമ്പുകള്‍-നോവല്‍ (2010), സോഷ്യലിസവും ക്രൈസ്തവതയും (2011), രൂപിമങ്ങള്‍ സ്വനിമങ്ങള്‍ സിനിമയുടെ രസദര്‍ശനങ്ങള്‍ (2012), ശിശിരനിദ്ര-നോവല്‍ (2016).

ഭാര്യ: ബെറ്റി, മകള്‍: സൗപര്‍ണിക

=

ലെമൂറിയ-2
നോവല്‍ ആരംഭിക്കുന്നു…

മീനാമ്മ…പിന്നെ റൂത്തും സോളമനും

അവള്‍ ഉപ്പാണ്.
ഓര്‍മ്മകളുടെ ഉപ്പ്.

ഉപ്പില്‍ സൂക്ഷിച്ച് വെച്ച കടല്‍മീനിന്റെ തുറന്ന കണ്ണുകളില്‍ ഒളിപ്പിച്ച ഓര്‍മ്മകള്‍ ഗീവര്‍ഗീസ്സിന്റെ ഹൃദയത്തെ പുഴുങ്ങുന്നു.

അവളെ ഓര്‍ക്കുമ്പോഴൊക്കെ അയാളുടെ ഉള്ളില്‍ ഒരു ഞടുക്കം. ഒരു വിങ്ങല്‍. ഒരു പൊള്ളല്‍. വെളിച്ചത്തിനും അന്ധകാരത്തിനുമിടക്കുള്ള ഒരു വിള്ളല്‍.
വള്ളിമീന്‍കൂട്ടം പോലെ ചുരുള്‍ച്ചുരുളായി ഇടതൂര്‍ന്ന് നീണ്ട് കിടക്കുന്ന തലമുടി കാണുമ്പോഴൊക്കെ നിലാവിലെ കടലിനെയാണ് ഓര്‍മ്മ വരിക. അവള്‍, മീനാമ്മ, ഒരു മനോഹര ദ്വീപ്.

ഒരു കൊച്ചുതുരുത്ത്. നീണ്ടുനിവര്‍ന്ന പെണ്ണുടല്‍.

കടലിന്റെ നീലപ്പായയില്‍ നഗ്നയായ ഒരു ശംഖുപുഷ്പം മലര്‍ന്നിരിക്കുന്നതുപോലെ. അങ്ങനെയായിരുന്നു ആ ദ്വീപിന്റെ സൗന്ദര്യം. ആ തവിട്ടുശരീരത്തിന് നീലഛായയുടെ മിനുക്കം. കടല്‍ക്കാറ്റിന്റെ ഉപ്പുമണം. ചുണ്ടുകളിലെ നനവിലും കണ്ണുകളിലെ തിളക്കത്തിനും ഉപ്പുരസം.

വര്‍ണ്ണശിലാവല്ക്കലമായ പൂക്കള്‍ തിളങ്ങുന്ന സാഗര ഹൃദയത്തിന്റെ വശ്യത അവളുടെ നീലമിഴികളുടെ തെളിച്ച സുന്ദരമായ സ്വപ്‌നങ്ങള്‍ നെയ്യുന്നു.
ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള കടങ്കഥപോലെ. ഒരു സങ്കീര്‍ത്തനം പോലെ, മുന്തിരിവള്ളികള്‍ തളിര്‍ത്ത് ജന്മസാക്ഷാത്ക്കാരമാണ് പ്രണയമെന്ന് എല്ലാ ദിവസവും ഏറ്റുപാടുന്നു. ജീവരക്തരസബിന്ദുക്കള്‍ പോലും ഏറ്റുപാടുന്നു.

ഋതുക്കളെ മോഹിച്ച യൗവനത്തിന്റെ രാവുകള്‍ ഏകനായ ഒരു വൃദ്ധവൃക്ഷത്തിന്റെ പൊഴിഞ്ഞ ഇലകള്‍ പാറി നടക്കുന്ന വിജനമായ വഴിത്താരയില്‍ കാത്തുനില്ക്കുന്നു. മധുരസ്മൃതിയുടെ ഒരു നിഴല്‍ഘടികാരം പോലെ കാത്തുനില്ക്കുന്നു.

ആ പ്രണയത്തിന് ഉപ്പുരസമായിരുന്നു. മധുരത്തേക്കാള്‍ രുചിയുള്ള ഉപ്പ് രസം. ലെമൂറിയായിലെ പാറക്കുന്നുകള്‍ പോലുള്ള മുലകളുടെ ഞെട്ടുകള്‍ക്കും ഉപ്പിന്റെ മധുരമായിരുന്നു.

അവള്‍, മീനാമ്മ, ഒരു ഉപ്പുപാടത്തെ കരിമ്പ്. നിലാവിലെ കടല്‍വെള്ളത്തിന്റെ നീലത്തിളക്കമുള്ള ആ അഴകില്‍ മുങ്ങിമറഞ്ഞ ആവേശങ്ങള്‍ ഇപ്പോഴും ഒരു കോളിളക്കമാണ്. വന്‍തിരകള്‍ പോലെ ആ പ്രേമലഹരി വാപൊളിച്ചെത്തുന്നു. ആര്‍ത്തലച്ചു മരിച്ചു വീഴുന്നു. ഇങ്ങനെ ഒരാളെ കുറിച്ച് എത്ര കൗതുകങ്ങളാണ് മറ്റൊരാള്‍ക്കു സഹിക്കാന്‍ കഴിയുക?

ഗീവര്‍ഗ്ഗീസ് നെഞ്ചുതടവി.

ഓര്‍മ്മയുടെ ഒരു അടര് അയാളുടെ നെഞ്ചില്‍ വല വിരിച്ചു.
മീനാമ്മയുടെ വിയര്‍ത്ത മാറിടം ഗീവര്‍ഗ്ഗീസിന്റെ നെഞ്ചില്‍ ഒന്നു കൂടി അമര്‍ന്നു. അവളുടെ കൈവിരലുകള്‍ അയാളുടെ തലമുടിയെ കോര്‍ത്തു. ചുണ്ടുകള്‍ പരസ്പരം ഉരസി. കടലിന്റെ ഉപ്പ് തുടച്ച് മീനാമ്മ പറഞ്ഞു.

”ഓ ഇങ്ങനെയിറുക്കിയാല്‍ ഉണക്കനെത്തോലി പോലെ ഞാന്‍ പൊടിഞ്ഞു പോകും.”
”പൊടിയട്ടെടി പെണ്ണേ”.
”നമുക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞും ഞെരുങ്ങി നിലവിളിക്കും.”
ഗീവര്‍ഗ്ഗീസ് എന്തോ ഓര്‍ത്ത് മുകളിലേക്കു നോക്കി.
റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ ഓലക്കൂര. കൂരയില്‍ നീലാകാശത്തിന്റെ മുത്തുകള്‍ മിന്നുന്നു.
”ലെമൂറിയായ്ക്ക് ഒരു പുതിയ തലമുറ!”
മീനാമ്മ ഗീവര്‍ഗ്ഗീസിനെ സൂക്ഷിച്ചു നോക്കി.
”എന്താ മുഖത്തൊരു തെളിച്ചക്കേട്?”
അയാള്‍ മീനാമ്മയെ ശ്വാസമടക്കി ചേര്‍ത്തു പിടിച്ചു. ചുമലില്‍ തലോടി.
”മീനാമ്മേ നമ്മള്‍ ഈ തെക്കന്‍ ലെമൂറിയ വിടേണ്ടി വരും”.
”എവിടേയ്ക്ക്?”
”വടക്കോട്ട്.”

”അതെന്തൊരു ന്യായം? വടക്കന്‍ ലെമൂറിയായില്‍ വേണ്ടത്ര കരയില്ല. കല്ലില്ല. കുടിവെള്ളമില്ല. തെങ്ങുകള്‍ കുന്നുകളില്‍ മാത്രം. പുല്ലില്ല. വേലിയേറ്റത്തില്‍ എപ്പോഴും കുന്നിടിയാം. തീരമില്ലാത്തതുകൊണ്ട് വള്ളം വയ്ക്കാനും കഴിയില്ല. വലയിടാനും പറ്റില്ല”.

ഗീവര്‍ഗ്ഗീസ് അവളുടെ ചുമലില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി. ഇവള്‍ക്കു സഹിക്കാന്‍ ശേഷിയില്ലേ? ലെമൂറിയായിലെ എല്ലാ പെണ്ണുങ്ങളും ഇങ്ങനെതന്നെയാണോ ചിന്തിക്കുന്നത്?
”ബ്രിട്ടീഷുകാര്‍ പഞ്ചാബില്‍ വരച്ച വിഭജനരേഖപോലെയാണിത്. ലെമൂറിയക്കാര്‍ പരസ്പരം പോരടിക്കും. ഒരു കലാപഭൂമിപോലെയാവും. സ്വന്തം ഭൂമിയില്‍ നിന്ന് നമുക്ക് ഓടിപ്പോകേണ്ടി വരും”.
”അപ്പോള്‍ നമ്മുടെ ഈ പുര? തെങ്ങുകള്‍? കിണര്‍? പുല്‍മേട്? പക്ഷികള്‍?”
ഗീവര്‍ഗ്ഗീസിന്റെ മൗനം കറുത്ത മേഘം പോലെ. പൊട്ടി വീഴാന്‍ തുടങ്ങുന്ന നിശബ്ദ മേഘം.

മീനാമ്മ അയാളുടെ മാറില്‍ കിടന്ന് തേങ്ങി. ലെമൂറിയക്കടലില്‍ നിന്ന് ആരോ കൊന്ത ചൊല്ലുന്നതുപോലെ ഗീവര്‍ഗ്ഗീസിനു തോന്നി.
”ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.”
തോന്നലാണ്.
എല്ലാം തോന്നലാണ്. കടലില്‍ അടക്കം ചെയ്യപ്പെട്ട പ്രണയത്തിന്റെ ഉപ്പുരസമുള്ള ഓര്‍മ്മകള്‍.
ചുവന്ന കല്ലുകള്‍ കൊണ്ടുള്ള കൊന്ത ലെമൂറിയായ്ക്ക് മേലെ കടലൊഴുക്കില്‍ തെന്നി ഒഴുകികൊണ്ടിരുന്നു.


ഇതാ- ഇതാണു സത്യം.

നിങ്ങളെ ഞാനെന്റെ ഉള്ളം കയ്യില്‍ വരച്ചിട്ടിരുന്നു.അന്നും ഇന്നും തുഴ പിടിച്ച തഴമ്പ് നിങ്ങള്‍ക്കുവേണ്ടി സ്‌നേഹം തടവി കൊണ്ടിരുന്നു. ഈ ഭൂമിയില്‍ ഭ്രൂണങ്ങളാകും മുമ്പേ നിങ്ങളുടെ നോട്ടവും ചിരിയും വിശപ്പും കൊതിയും തൃപ്തിയും ഞാനറിഞ്ഞിരുന്നു.

ഗീവര്‍ഗ്ഗീസിന്റെ ഓര്‍മ്മയില്‍ ഓളങ്ങളൊഴുകി.
മീനാമ്മ പേറ്റുനോവെടുത്തു കര്‍ത്താവിനെ വിളിച്ചു. പരിശുദ്ധ മാതാവിനെ വിളിച്ചു.
റൂത്ത്!
അവളുടെ ഉള്ളം കൈ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പേരും നിശ്ചയിച്ചിരുന്നു.
”പൊന്നേ, മോളേ, റൂത്തേ.”

ആദ്യത്തെ സന്താനഭാഗ്യം. നെല്ലിന്റെ നിറമുള്ള പെണ്‍മണി. ലെമൂറിയായുടെ ഓരോ മണല്‍ത്തരിയും നിന്റെ ഉള്ളംകാലിന്റെ മാര്‍ദ്ദവത്താല്‍ കോരിത്തരിച്ചിരുന്നു. ഓരോ തിരയും നിന്റെ കണ്ണിലെ വിസ്മയമായിരുന്നു.
”അച്ചച്ചാ, കടലൊന്നേയുള്ളു? പിന്നെന്താ തിരകളെല്ലാം വേറെ വേറെ?”
ഈ ലെമൂറിയാക്കടല്‍, എന്റെ രാജ്യം, നിനക്കു വേണ്ടി നിത്യവും തുറന്നിട്ടിരിക്കുന്നു. എന്റെ ഹൃദയത്തില്‍നിന്ന് ആഴിയുടെ രഹസ്യങ്ങള്‍ കഥകളായി പറഞ്ഞുതന്നിരുന്നു.
ഗീവര്‍ഗ്ഗീസ് ഓര്‍ത്തു.

രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ സോളമനും വന്നു.
പുളിഞ്ചാറു പിടിപ്പിച്ച കാറ്റുപായയുടെ നിറമുള്ളവന്‍.
വയലില്‍ നിന്നു കാലാ പെറുക്കുന്നതുപോലെ കടലില്‍ നിന്ന് പവിഴപ്പുറ്റുകള്‍ പെറുക്കിക്കൊടുത്ത് അവനെ എന്നും ഉമ്മ വച്ചു.
സോളമാ, ഇതു കേള്‍ക്കുക. നീ ഏത് അദൃശ്യദ്വീപിലാണെങ്കിലും കേള്‍ക്കുക.

കള്ളമില്ലാത്ത ഞാന്‍ ലെമൂറിയക്കടലിന്റ ജ്ഞാനം പകര്‍ത്തി. ഒതപ്പുണ്ടാകാതെ ഞാനതു പങ്കുവെച്ചു. അത് ലെമൂറിയാക്കടല്‍പോലെ അക്ഷയനിധി. ഒന്നുകൂടി ഞാന്‍ മനസ്സിലാക്കി. ജ്ഞാനം സിദ്ധിച്ചവര്‍ ലെമൂറിയക്കടലിന്റെ സൗഹൃദം തേടുന്നു. ജ്ഞാനത്തിന്റെ പ്രബോധനം ലെമൂറിയക്കടലിന്റെ സൗഹൃദത്തിനു യോഗ്യരാക്കുന്നു.

കാരണം ലെമൂറിയക്കടലാണ് ജ്ഞാനത്തെ നയിക്കുന്നത്. നമ്മെ തിരുത്തുന്നതും. അതിന്റെ ദാനങ്ങള്‍ നമ്മെ അനുഗ്രഹിക്കട്ടെ.

വിവേകവും കൈവേലയും എന്ന പോലെ നമ്മുടെ സ്വപ്‌നങ്ങളും ലെമൂറിയക്കടലിന്റെ കൈകളിലാണ്. പ്രപഞ്ച ഘടനയും പഞ്ചഭൂതങ്ങളുടെ പ്രവര്‍ത്തനവും കാലത്തിന്റെ ആദിമധ്യാന്തങ്ങളും സൂര്യന്റെ അയനങ്ങളുടെ ഗതിയും ഋതുപരിവര്‍ത്തനവും വത്സരങ്ങളുടെ മാറ്റവും കടല്‍ജീവികളുടെ പ്രകൃതവും ലെമൂറിയാദ്വീപിലെ പാറകളുടെ ശൗര്യവും നമ്മുടെ പൂര്‍വ്വപിതാക്കളുടെ ആത്മാക്കളുടെ ശക്തിയും നമ്മള്‍ മനുഷ്യരുടെ യുക്തിബോധവും കടല്‍മത്സ്യങ്ങളുടെ വൈവിധ്യവും വേരുകളുടെ ഗുണവും തെറ്റുപറ്റാതെ മനസ്സിലാക്കാന്‍ ഈ ജ്ഞാനമാണ് എനിക്കിടയാക്കിയത്.

നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു. നിന്നെ പഠിപ്പിച്ചു.
ഇപ്പോള്‍ ലെമൂറിയായുടെ ഒരു നിഴല്‍ഘടികാരമാണ് ഞാന്‍ മക്കളേ.
ആകെയുള്ളത് മഹാത്മഗാന്ധിയുടേതു പോലുള്ള ഒരു ഇംഗര്‍സോള്‍ വാച്ചു മാത്രം.
അത് ഇടവകപള്ളിയിലുണ്ട്. ഒരു നിക്ഷേപം. എന്റെ ശവമഞ്ചത്തിലണിയാന്‍.

പക്ഷേ അതു് ഇടവകപള്ളിയില്‍ത്തന്നെ നിങ്ങള്‍ വരേയ്ക്കും വരെ സൂക്ഷിക്കപ്പെട്ടിരിക്കും. കാരണം ഞാന്‍ അടക്കംചെയ്യപ്പെടുന്നത് മണ്ണിലല്ല.

കടലിനടിയിലുള്ള ആകാശത്തിലാണ്!
ഗീവര്‍ഗ്ഗീസിന്റെ മനസ്സ് നിശബ്ദതയുടെ വലയ്ക്കുള്ളില്‍ക്കുരുങ്ങി.

ചുവന്നകല്ലുകള്‍ കൊണ്ടുള്ള മിന്നുന്ന കൊന്ത ലെമൂറിയായുടെ വടക്കന്‍ ഭാഗത്ത് കടല്‍പ്പച്ചയില്‍ ആഴ്ന്നുകൊണ്ടിരുന്നു.

(തുടരും)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments