ന്യൂഡൽഹി: വിഖ്യാതമായ പെൻ പിന്‍റർ പുരസ്കാരം അരുന്ധതി റോയിക്ക്. സ്വന്തം സുരക്ഷക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടിയ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെയും ജൂറി പ്രശംസിച്ചു. അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും.
നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍ററിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പെന്‍ പിന്‍റർ പുരസ്‌കാരം. 2010 ല്‍ ജമ്മുകശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തില്‍ അടുത്തിടെ അരുന്ധതി റോയിക്കെതിരെ യു എ പി എ ചുമത്താൻ ദില്ലി ലെഫ്. ഗവർണർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഖ്യാതമായ പെൻ പിന്‍റർ പുരസ്കാരം ഇവരെ തേടിയെത്തിയതെന്നത് ശ്രദ്ധേയമാണ്.