Monday, June 24, 2024

HomeLiteratureലെമൂറിയ-2 (നോവല്‍-അധ്യായം 6) സാബു ശങ്കര്‍

ലെമൂറിയ-2 (നോവല്‍-അധ്യായം 6) സാബു ശങ്കര്‍

spot_img
spot_img

സംഗ്രഹം

തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും…ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്. ബ്രിട്ടീഷുകാര്‍ ആ ദ്വീപിന് പേരിട്ടു. ലെമൂറിയ 2. ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍… ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം…

അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു…അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്…

തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ…രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് കൈവശമാക്കുന്നു. അവിടെ രാജകുടുംബം ഒരു കൊട്ടാരം നിര്‍മ്മിച്ചു. പ്രശാന്ത ഹര്‍മ്മ്യം ….ഗീവര്‍ഗീസിന്റെ പ്രണയം. മീനമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി. മഹാത്മാ ഗാന്ധിയുടെ അനുയായി ആയി. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…കൂട്ടക്കൊല…മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും മീനാമ്മയും റൂത്തും സോളമനും വടക്കന്‍ ലെമൂറിയായിലേക്ക് പലായനം ചെയ്യുന്നു…ലെമൂറിയയിലെ ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായുടെ ഭരണാധികാരം കയ്യാളുന്ന ഭൂരിപക്ഷ മത ജാതി രാഷ്ട്രീയം…

ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും വര്‍ദ്ധിച്ചു …മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയാവുന്നു. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…വീണ്ടും മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…

പക്ഷേ, 1950ല്‍, ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ഗീവര്‍ഗീസും സംഘവും ഉള്‍ക്കടലില്‍ സ്രാവ് വേട്ടയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ ലെമൂറിയ ദ്വീപ് ഇല്ല…

ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു…

2000ല്‍ ഗീവര്‍ഗീസിനെ തേടി ഒരു ബ്രിട്ടീഷ് ടിവി അവതാരകയെത്തി. ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്ത് ചിത്ര ജോസഫ് എന്ന യുവസുന്ദരി ലെമൂറിയായുടെ ചരിത്രകഥ രേഖപ്പെടുത്താനുള്ള യത്‌നത്തിലാണ്…

ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…


ഒന്നാം ലോകമഹായുദ്ധവും ലെമൂറിയായും

പൂവന്‍ത്തുരുത്തില്‍ രണ്ടു വരി തെങ്ങുകളുണ്ട്. ചിലയിടത്ത് ഒറ്റവരി. ബാക്കി കടല്‍ കൊണ്ടുപോയി. തിരയുടെ ശക്തി ഏറിക്കൊണ്ടിരിക്കുന്നു. കാക്കകളും പരുന്തുകളും വട്ടമിട്ട് പറക്കുന്നു. ഓരോ തിരയിലും കടല്‍ക്കാക്കകള്‍ ചെറുമീനുകള്‍ കൊത്തി തിന്നുന്നു. കമ്പവലയില്‍നിന്ന് ചോര്‍ന്നുപോകുന്ന ചെറുമീനുകളുടെ ചെകിളയില്‍ മണല്‍ത്തരി കയറിയാല്‍ നേരെ നില്ക്കാനാവില്ല. നീന്താനാവാതെ പൊന്തിക്കിടക്കും. തിരയുടെ നുരയില്‍ മറിഞ്ഞുകൊണ്ടിരിക്കും.
കടല്‍ഭിത്തിയുടെ മറവില്‍ നിന്നും ചിത്രാ ജോസഫ് എഴുന്നേറ്റ് ജീന്‍സ് പാന്റസ് വലിച്ചു കേറ്റി. കടലിലെ വെയിലേറ്റ് കരിക്കിന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നാല്‍ മൂത്രാശയം നിറയും. ഉപ്പു കലര്‍ന്ന മണ്ണില്‍ മൂത്രമൊഴിച്ചാല്‍ ഒരു തരത്തിലും രോഗാണുബാധയേല്ക്കില്ല. കുട്ടികള്‍ക്കുപോലും. കടല്‍പോലെ ശുദ്ധമാണത്. അതൊക്കെ പൂവന്‍ത്തുരുത്തിലെ ബാലപാഠങ്ങള്‍.
കടല്‍ഭിത്തിയ്ക്ക് മുകളില്‍ രഘുവും ശശീന്ദ്രനും കയറിവന്നു. മറുവശത്ത് നിന്ന് ചിത്രാ ജോസഫും.
”ഒരു കാലെടുത്ത് അടുത്ത കല്ലില്‍ ഉറപ്പിച്ച ശേഷമേ മറ്റേക്കാല്‍ എടുക്കാവൂ. വളരെ സൂക്ഷിക്കണം. പിന്നെ വിടവുകളില്‍ ഞണ്ടും വിഷപ്പാമ്പുകളുമുണ്ട്.”
രഘു ചിത്രയെ ഓര്‍മ്മിപ്പിച്ചു.
ശശീന്ദ്രന്‍ കടല്‍ഭിത്തിയില്‍നിന്നും ചാടിയിറങ്ങി. ചതുപ്പില്‍ പുല്‍പ്പായ വിരിച്ചതുപോലെ കീഴാര്‍നെല്ലി വളര്‍ന്നു പരന്നു കിടക്കുന്നു. കീഴാര്‍നെല്ലിയുടെ ഇലകള്‍ അയാള്‍ നുള്ളിയെടുത്തു.
ഗീവര്‍ഗ്ഗീസിനു കീഴാര്‍നെല്ലി ചവയ്ക്കുന്ന സ്വഭാവമുണ്ട്. കടപ്പുറത്തെ കുടിവെള്ളത്തിലൂടെയോ വാറ്റുചാരായത്തിലൂടെയോ ഉണ്ടായേക്കാവുന്ന കരള്‍വീക്കത്തിനു ഉത്തമ മരുന്നാണത്.
രഘുവും ശശീന്ദ്രനും അടുത്തുചെന്ന് ഭവ്യതയോടെ ഇളിച്ചു.
”വല്യപ്പോ…”
ഗീവര്‍ഗ്ഗീസ് ആ വിളി കേട്ടതേയില്ല. നീലനിറത്തിന്റെ വിശാലതയില്‍ കണ്ണുറപ്പിച്ച മുഖത്ത് നിശബ്ദത. ഇടതു കണ്‍പുരികം രണ്ടായി മുറിഞ്ഞപാട്. നരച്ചമുടി പാറുന്നുണ്ട്. നീണ്ട താടിയില്‍ കാറ്റിന്റെ നനവ്. ചുളിവു വീണമുഖത്ത് കടുത്ത നിരാശ. കാതിനും കണ്ണിനും ശേഷിക്കുറവുണ്ടോ എന്നു സംശയിച്ചുപോകും. യതൊരു ഭാവമാറ്റവുമില്ല. നിശ്ചലശില്പം പോലെ.
മനസ്സ് അകലങ്ങളിലാണ്.
ഭൂതകാലത്തിന്റെ കടലില്‍.
കരയിലേയക്ക് കമ്പവല വലിച്ചുകേറ്റിയതോടെ കച്ചവടത്തിന്റെ ബഹളവും ആരംഭിച്ചു.
കമ്പവലയ്ക്കുള്ളില്‍ പിടയുന്ന മീനിന്റെ ഇനങ്ങള്‍ കച്ചവടക്കാര്‍ ആകാംക്ഷയോടെ പരിശോധിച്ചു. വിലപറയാതെ വലയഴിക്കാന്‍ പറ്റില്ലെന്ന് മീന്‍പിടിച്ചവരില്‍ ഒരു കൂട്ടര്‍. ഒറ്റവില. ഒറ്റ ലേലം. അതിനു മീന്‍പിടിച്ചവരും കച്ചവടക്കാരും തമ്മില്‍ ബഹളം. സ്ഥിരമുള്ള വക്കാണം തന്നെ.
”ആദ്യം വലയഴിക്കട്ടെ”.
ഗീവര്‍ഗ്ഗീസ് പിറുപിറുത്തു.
അതുതന്നെയാണ് അവിടെ കൂടിയ കാക്കകളും പരുന്തുകളും പട്ടികളും പറഞ്ഞുകൊണ്ടിരുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒരു വിഹിതത്തിന് അവകാശമുണ്ട്. പരമ്പരാഗതമായ ഒരു എഴുതപ്പെടാത്ത ലെമൂറിയന്‍ നിയമം ഇവിടെയും ബാധകമാണ്.
രഘു ഒരു കല്ലകലെ ചുവടുറപ്പിച്ച് വീണ്ടും വിളിച്ചു.
”വല്യപ്പോ – ഇതു രകുവാ.”
രഘുവിനും ശശീന്ദ്രനും പിന്നിലായി ചിത്രാ ജോസഫ് നിലകൊണ്ടു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്. ഗീവര്‍ഗ്ഗീസിന്റെ ആഴങ്ങള്‍ തിരഞ്ഞ്. അവള്‍ക്ക് ഏതാണ്ടൊരു ഊഹമുണ്ട്. ഊഹാപോഹങ്ങളില്‍ ചിത്രയുടെ മനസ്സ് ഇടറുന്നു. ഏതാണ് ശരി? തെറ്റ്?
ബാഹ്യാകാശത്തു നിന്നു ഒരു അമേരിക്കന്‍ ഉപഗ്രഹം ഈ കടല്‍മേഖലയുടെ ഭൗമചിത്രം പതിച്ചെടുത്തിട്ടുണ്ട്. തെര്‍മ്മല്‍ ഇമേജ്. അതൊരു ശാസ്ത്രസത്യമാണ്. ലെമൂറിയ ദ്വീപ് എന്ന പഴയ സത്യം. അതിനെ കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ഒരിടത്തുമില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പബ്ലിക്ക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ടുമെന്റെിന്റെ രേഖയില്‍ പറയുന്ന ഏതാനും സര്‍വേ വിവരങ്ങള്‍ മാത്രം.
ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം കടലൊഴിഞ്ഞു പോയ ഭാഗങ്ങള്‍ കായലുകളും ചതുപ്പുകളും ദ്വീപുകളുമായി രൂപപ്പെട്ടു. ഇന്ത്യയുടെ തെക്ക്പടിഞ്ഞാറന്‍ പ്രദേശം. അവിടെ കര കടലെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷുകാരുടെ സര്‍വ്വേ റിപ്പോര്‍ട്ട്. പക്ഷേ ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തില്‍ ലെമൂറിയ ഉണ്ടായിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധകാലത്ത് ചില സര്‍വ്വേ രേഖകളില്‍ ഒരു പൊട്ട്. അത്ര തന്നെ ലെമൂറിയ. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ ആ പൊട്ട് മാഞ്ഞുപോയി.
ബുദ്ധമത ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളില്‍ നിഷ്‌കളങ്കേശ്വരന്‍ കോവിലിനെ കുറിച്ച് ചില സൂചനകള്‍. ആ പാറമാത്രം ഇപ്പോഴും അവിടെ അവശേഷിക്കുന്നു.
ലെമൂറിയ കടലില്‍ മുങ്ങിത്താണപ്പോള്‍ പൂവന്‍ത്തുരുത്തിന്റെ പകുതിയിലേറെയും കടല്‍ കാര്‍ന്നെടുത്തു. കുറെ വര്‍ഷങ്ങള്‍ അത് ശവപ്പറമ്പായിരുന്നു. രാത്രിയെന്നല്ല പകല്‍ പോലും മീന്‍പിടുത്തക്കാര്‍ക്ക് പൂവന്‍ത്തുരുത്തിലേക്കു പോകാന്‍ ഭയമായിരുന്നു. പോയവര്‍ക്കൊക്കെ പേടി സ്വപ്‌നങ്ങള്‍. ബുദ്ധിഭ്രമം. ചിത്തരോഗം.
ഭൂതകാലം മയങ്ങികിടക്കുന്ന ഈ പൂവന്‍ത്തുരുത്തില്‍ വളരെ പതുക്കെയാണ് മീന്‍പിടുത്തം തുടങ്ങിയത്. കഥകളും കേട്ടറിവുകളും തെളിവുകളും ഇടകലര്‍ന്നു തുന്നിച്ചേര്‍ത്ത ഒരോര്‍മ്മപ്പുസ്തകം.
ആ ഓര്‍മ്മപ്പുസ്തകത്തിന്റെ നടുക്കടലിലിന്നും ഏകനായ ഒരു മനുഷ്യന്‍. ഗീവര്‍ഗ്ഗീസ്. അതിലെ ഒരോ അക്ഷരങ്ങളും അയാളുടെ ജീവനാഡിയില്‍ ത്രസിക്കുന്നുണ്ടാവണം. എല്ലാം കടലൊഴുക്കുപോലെ അവ്യക്തമാണ്. ചിന്തകളുടെ ഒഴുക്ക് എപ്പോള്‍ എവിടെ നിന്ന് എന്നു പ്രവചിക്കാനാവില്ല.
ചിത്രാ ജോസഫ് സൂക്ഷിച്ചു നോക്കി. കീറിപ്പറിഞ്ഞ സെറ്റ്വറിനു പുറമെ ഒരു വെന്തിങ്ങ തൂങ്ങി കിടക്കുന്നു. അതില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിളങ്ങുന്ന രൂപം. ആ കണ്ണുകളില്‍ കടല്‍ മറിയുന്നു. പകലും രാത്രിയും മറിയുന്നു. കാഴ്ചകളുടെ വേലിയേറ്റം. ദുരന്തങ്ങള്‍ പേറുന്ന ഹൃദയത്തിന്റെ സ്പന്ദനം മാത്രമാണ് ആ ശരീരത്തിലുള്ളത്.
രഘുവും ശശീന്ദ്രനും ഗീവര്‍ഗ്ഗീസിന്റെ അടുക്കല്‍ കുന്തിച്ചിരുന്നു.
”വല്യപ്പോ – ഞങ്ങളെ മറന്നുപോയോ?”
ഗീവര്‍ഗ്ഗീസ് ഇരുവരെയും ഒന്നു നോക്കി. പിന്നെ ചിത്രയെയും. മറന്നിട്ടില്ലെന്ന് ആംഗ്യം കാട്ടി.
രഘു കാര്യം അവതരിപ്പിക്കാന്‍ തുടങ്ങി. ശശീന്ദ്രന്‍ കീഴാര്‍നെല്ലിയില ഉരുട്ടി ഗീവര്‍ഗ്ഗീസിനു നല്കി. കീഴാര്‍നെല്ലിയില ചവച്ചരച്ച് വിഴുങ്ങിയപ്പോള്‍ ഗീവര്‍ഗ്ഗീസ് ഒന്നുകൂടി രഘുവിനെയും ശശീന്ദ്രനെയും നോക്കി. വീണ്ടും കണ്ണുകള്‍ അപാരതയിലേക്കു പായിച്ച് കൊണ്ട് ചോദിച്ചു.
”ഏതാ ഈ കൊച്ച്?”
രഘു പറഞ്ഞു.
”വല്യപ്പാ- ഇതു ചിത്രാ ജോസഫ്. ഒരു വലിയ ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍. വല്യപ്പനെ കൊണ്ട് ഈ മാഡത്തിന് ഒരു കാര്യമുണ്ട്.”
ഗീവര്‍ഗ്ഗീസിന് അതിലൊന്നും വലിയ താല്പര്യമില്ല.
ചിത്രാ ജോസഫ്, ഗീവര്‍ഗ്ഗീസ് ഇരുന്ന നമ്പര്‍ സ്റ്റോണിന്റെ അരികില്‍ സ്ഥാനം പിടിച്ചു. കാലിനു മേലെ കാലെടുത്തു വെച്ച് ഒരു സിഗരറ്റ് കത്തിച്ചു പുകച്ചു.
രഘു മടിയില്‍ തിരുകിയ കുപ്പിയുടെ അടപ്പു തുറന്നു ഗീവര്‍ഗ്ഗീസിനെ മണപ്പിച്ചു. ഗീവര്‍ഗ്ഗീസിന്റെ കണ്ണുകള്‍ തിളങ്ങി. കുപ്പിയിലെ വാറ്റുചാരായം രണ്ടു കവിള്‍ വിഴുങ്ങി. കീഴാര്‍നെല്ലി ചവച്ചു.
മനസ്സൊന്നു ശാന്തമായെന്നു തോന്നിയപ്പോള്‍ ചിത്രാ ജോസഫ് ഇടപ്പെട്ടു.
”അങ്കിള്‍, എന്റെ പേര് ചിത്രാ ജോസഫ്.”
”ങ്ങ്‌ഹേ?”
ചിത്രാ ഗീവര്‍ഗ്ഗീസിനോട് അല്പം ചേര്‍ന്നിരുന്നു കൊണ്ട് കാതിനടുത്തായി ശബ്ദിച്ചു.
”എന്റെ പേര് ചിത്രാ ജോസഫ്.”
”അതിനു ഞാനെന്തു വേണം?”
”ജോഗ്രഫിക്കല്‍ ചാനലെന്നൊരു ഇംഗ്ലീഷ് ടിവി ചാനലുണ്ട്.”
”അതിനെനിക്കെന്താ?”
”അങ്കിള്‍, ഞാനതിന്റെ റിപ്പോര്‍ട്ടറാണ്.”
”റിപ്പോര്‍ട്ട് ചെയ്യണം. ചെയ്തുകൊണ്ടേയിരിക്കണം”.
ഗീവര്‍ഗ്ഗീസ് ചിത്രാ ജോസഫിനെ ആകെയൊന്നു നോക്കി. ഒരു വിദേശി പെണ്ണാണോ? അതോ മലയാളിയോ? മലയാളം പറയുന്നുണ്ടല്ലോ?
”അങ്കിള്‍, എന്റെ വീട് കോട്ടയത്താണ്. പഴയ മധ്യതിരുവിതാംകൂര്‍. പക്ഷെ ലണ്ടനിലാണ് താമസവും ജോലിയും. എന്റെ പപ്പയും മമ്മിയുമൊക്കെ പണ്ടു മുതല്‌ക്കേ അവിടെയാണ്.”
ഗീവര്‍ഗ്ഗീസിന്റെ നനഞ്ഞ കണ്ണുകള്‍ തീരത്തേക്കു നീങ്ങി. മറ്റൊരു കമ്പവല വേറൊരു ഭാഗത്ത് കരക്കെത്തിയിരിക്കുന്നു. ലേലം ഉറപ്പിച്ചിട്ടില്ല. ബഹളം നടക്കുകയാണ്. തര്‍ക്കങ്ങള്‍ ചിലപ്പോള്‍ ഉന്തുംതള്ളും വരെയെത്തും.
അവര്‍ക്ക് ചുറ്റുമുള്ള മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിച്ചു. അവര്‍ക്ക് ഓഹരി കിട്ടിയിട്ടില്ല. ഗീവര്‍ഗ്ഗീസിന്റെ ചുണ്ടുകള്‍ വിടര്‍ന്നു. കനത്ത സ്വരം.
”മനുഷ്യര്‍ക്കു കൊടുക്കുംമുമ്പേ മറ്റു ജീവികള്‍ക്കു കൊടുക്കണം. പ്രകൃതിയെ ശാന്തമാക്കണം. പ്രകൃതിയില്‍ ചെറിയ മാറ്റങ്ങള്‍ മതി അതിന്റെ ഘടനയും താളവും മാറാന്‍. അതു മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹം വേണം. അതാണു ജ്ഞാനത്തിന്റെ ആരംഭം. ശിക്ഷണം… അതുവേണം… ശിക്ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്ഞാനത്തെ സ്‌നേഹിക്കുന്നു… ജ്ഞാനത്തിനുള്ള ആഗ്രഹം രാജത്വം നല്കുന്നു. ഒരുവന് കിരീടം നല്കുന്നു. അത്തരം കാണാക്കിരീടങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്നത് ലോകത്തിന്റെ രക്ഷയാണ്. ജ്ഞാനം സിദ്ധിച്ചവര്‍ ദൈവത്തിന്റെ സൗഹൃദം തേടുന്നു… ദൈവം അവരെ അനുഗ്രഹിക്കുന്നു… അല്ലെങ്കില്‍ എല്ലാം നശിക്കും… എല്ലാം ലെമൂറിയ പോലെയാവും. വലിയ ദുരന്തം.”
ചിത്രാ ജോസഫ് മൊബൈല്‍ഫോണ്‍ അമര്‍ത്തി പിടിച്ചിരിക്കുകയാണ്. ഗീവര്‍ഗ്ഗീസിന്റെ ശബ്ദങ്ങള്‍ അതില്‍ പതിയുന്നുണ്ട്. അവള്‍ക്ക് ആകാംക്ഷയായി. ഗീവര്‍ഗ്ഗീസ് ഉണരുകയാണ്. അയാള്‍ പറയുന്നതു കിറുക്കല്ല. പറയുന്നതില്‍ ഉള്ളടക്കമുണ്ട്. തന്റെ അന്വേഷണത്തിന് തുടക്കമായി കഴിഞ്ഞു.
”അങ്കിള്‍ എനിക്ക് ലെമൂറിയായെ കുറിച്ചറിയണം. ഒന്നു പറഞ്ഞു തരാമോ?”
ഗീവര്‍ഗ്ഗീസ് ദയനീയമായി ചിത്രയെ നോക്കി. എന്നിട്ട് മുകളിലേക്ക് നോക്കി ശ്വാസമെടുത്തു.
”ഞാനതിനാണ് കഷ്ടപ്പെട്ട് ഇവിടെവരെ വന്നത്. ഒട്ടേറെ കേട്ടിട്ടുണ്ട്. അതു ശരിയാവില്ല. അങ്കിള്‍ എല്ലാം പറയണം. ലെമൂറിയായിലെ ജീവിതം. സംഭവങ്ങള്‍. ചരിത്രം.”
കടല്‍ പെട്ടെന്ന് നിശ്ചല തടാകം പോലെയായി. വിശാലമായ തടാകം. വെയിലും മഞ്ഞും മഴയും കാറ്റും കുളിക്കാനിറങ്ങുന്ന തടാകം. കടല്‍പ്പക്ഷികള്‍ കരയുന്നില്ല. ഏതാണ്ട് നിശബ്ദതയുടെ നിമിഷങ്ങള്‍. ഈ നിശ്ചലത ഒരു സൂചനയാണ്. പലതരം അടിയൊഴുക്കുകള്‍ വന്നു ചേരുമ്പോള്‍ ഉപരിതലത്തിലെ ശക്തി കുറയും. ആ നിശബ്ദതയിലേക്കു പെട്ടാല്‍ ആഴിയുടെ അടിത്തട്ടിലേക്കും പല ദിക്കുകളിലേക്കും ആരെയും വലിച്ചു കൊണ്ടുപോകും.
ഗീവര്‍ഗ്ഗീസിന്റെ നിശബ്ദത അങ്ങനെയാണ്. പുറമെ ഒരു ചലനവും കാണില്ല. പക്ഷെ അടിയൊഴുക്കുകള്‍ ശക്തമായിരിക്കും. ഓര്‍മ്മയുടെ ഏതോ ഒഴുക്കില്‍ പെട്ട് മണിക്കൂറുകളോളം ഒഴുകികൊണ്ടിരിക്കും.
ഗീവര്‍ഗ്ഗീസിന്റെ മനസ്സിലേക്ക് റൂത്ത് കടന്നു വന്നു.
അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് ഇരുപത്തിനാല് വയസ്സ്. ലെമൂറിയായിലെ മുത്ത്. ഏകമകള്‍. അവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എത്ര വയസ്സ് കാണുമായിരുന്നു? എഴുപത്തിമൂന്ന്. തനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോഴാണ് അവള്‍ പിറന്നത്. ദൈവം തന്റെ കയ്യില്‍ ഒരു പട്ടുതുണിയില്‍ അവളെ ഏല്‍പ്പിച്ചു തരികയായിരുന്നു. ഒരു സമ്മാനം പോലെ.
മീനാമ്മയ്ക്ക് ഇപ്പോള്‍ എണ്‍പത്തിയൊമ്പത് വയസ്സ് കാണുമായിരുന്നു. തന്നേക്കാള്‍ മൂന്നു വയസ്സിനിളപ്പം. കല്യാണം നടക്കുമ്പോള്‍ അവള്‍ക്ക് വെറും പതിനാല് വയസ്സ്. എന്തൊരു യൗവന തുടിപ്പായിരുന്നു!. പ്രേമത്തില്‍ തിളച്ച് മറിഞ്ഞ് വികാരങ്ങള്‍ക്ക് തീ പിടിക്കുന്ന യൗവ്വനം.
ഏതാണ്ട് എഴുപത്തിയൊന്നു വയസ്സ് സോളമനും കാണുമായിരുന്നു.
എത്രകാലമായി അവര്‍ ഒരു വാക്കുപോലും പറയാതെ വേര്‍പിരിഞ്ഞിട്ട്? ഏതാണ്ട് അമ്പതു വര്‍ഷം. കാലം അവരോടൊപ്പം കൈ വിട്ട് പോകുന്നു. ഓര്‍മ്മകളും പ്രകൃതിയും ജീവിതവും കൈവിട്ട് പോകുന്നു. ഒന്നും സ്വന്തമെന്ന് പറയാനില്ല. നിശ്ചലമായി പക്ഷെ ഒന്നും നിലനില്ക്കുന്നുമില്ല.
(തുടരും)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments