Thursday, April 18, 2024

HomeLiterature'അച്ഛന്‍' ഒരു ത്വാത്വിക അവലോകനം

‘അച്ഛന്‍’ ഒരു ത്വാത്വിക അവലോകനം

spot_img
spot_img

അനുഭവ കുറിപ്പ്

ഉണ്ണി പൂരുരുട്ടാതി

മരണം കാണാന്‍ ദിവസവും മെഡിക്കല്‍ കോളജില്‍ പോയിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. കാരണം ഒന്നും അറിയില്ല. ദിവസവും അമ്പലത്തില്‍ പോകുന്ന ലാഘവത്തോടെയുള്ള പോക്കു കാണുമ്പോള്‍ ചിലരൊക്കെ അവനോടുചോദിക്കാറുണ്ട്.
”നിനക്ക് ഭ്രാന്താണോ..?” അവനൊരിക്കലും ഉത്തരം പറയാത്ത ചോദ്യം. ഒരിക്കല്‍ കുമരകത്തെ വള്ളംകളി കാണാന്‍ അവന്റ ബൈക്കില്‍ ഞാനും കൂടെ പോയി. ”ആ ചുണ്ടന്‍ വള്ളത്തില്‍ ഉള്ളവര്‍ മുഴുവന്‍ നിലതെറ്റി കായലില്‍ വീണു ചത്താല്‍ എത്ര ശവങ്ങളായിരിക്കും ഒഴുകി നടക്കുക…”

കാരിച്ചാല്‍ ചൂണ്ടന്‍ ഫിനിഷിംഗ് പോയന്റിലേക്കു തുഴയെറിഞ്ഞു അടുത്തുകൊണ്ടിരിക്കുമ്പോള്‍ രോമാഞ്ചം കയറി അലറിവിളിക്കുന്ന എന്നെ പിടിച്ചിരുത്തി സ്വകാര്യം പറയും പോലെ അവന്‍ ചെവിയില്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിലതെറ്റി തോട്ടിലേക്കു വീണു പോയി.

ആ സമയത്ത് കാരിച്ചാല്‍ ചുണ്ടന്‍ ഫിനിഷിംഗ് പോയന്റ് കടന്നു. അതിന്റ വിജയ ലഹരിയില്‍ ഞാന്‍ തോട്ടില്‍ ചാടിയതാണെന്നു വിചാരിച്ചു മറ്റുള്ളവര്‍ മൈന്റ് ചെയ്തില്ല. ഞാന്‍ നിലവിളിച്ചത് ഞാന്‍ പോലും കേട്ടില്ല. തോട്ടുവെള്ളം വായിലൂടെ എന്റ വയറ്റിലേക്കു സഞ്ചരിക്കുകയായിരുന്നു.
ഞാനപ്പോള്‍ അവന്‍ പറഞ്ഞ കണക്കിലെ ഒരു ശവം ആകാന്‍ നിലതെറ്റി അടിത്തട്ടിലേക്കു പോയ് തുടങ്ങി. പക്ഷേ, എനിക്കു നീന്തലറിയില്ലെന്ന സത്യം അവനറിയാവുന്നതു കൊണ്ടു അവന്‍ തോട്ടിലേക്കു എടുത്തു ചാടി. അങ്ങനെ മരണം കാണാന്‍ കൊതിച്ചു നടക്കുന്ന അവന്റ കൈകള്‍ തന്നെ എന്റ ജീവന്‍ തിരിച്ചു തന്നു.

ഒരിക്കല്‍ എരമല്ലൂര്‍ ഷാപ്പില്‍ കയറി കള്ളുകുടിച്ചിരിക്കുന്ന അവന്റ ഫോണ്‍ എനിക്കു വന്നു. ജോലിയില്ലാതെ തെണ്ടി നടക്കുന്ന സമയത്താണ് കൃത്യം അവന്റ വിളി.
”കള്ളുകുടിച്ചു കൊണ്ടിരിക്കുകയാ. കൊടുക്കാന്‍ കാശില്ല. നീ അന്‍പതു രൂപ ആയിട്ടു വരണം…”
പറഞ്ഞതും ഫോണ്‍ കട്ടു ചെയ്തു. പഴയ അഞ്ഞൂറ് രൂപയുടെ റിലയന്‍സ് ഫോണായിരുന്നു എന്റ കൈയ്യില്‍. പണയം വെച്ചാല്‍ ആര്‍ക്കും വേണ്ട. പട്ടിമറ്റത്തെ ബിനോയ് എന്റ സുഹൃത്തായിരുന്നു. അവന്റ കാമുകിക്കു വേണ്ടി എപ്പോഴും കത്തെഴുതുന്നതു ഞാനായിരുന്നു. അതൊരിക്കലും അവന്റെ കാമുകി അറിഞ്ഞിട്ടുമില്ല. പറയാന്‍ ഞാന്‍ പോയിട്ടും ഇല്ല.
അവന്റ വീടിന്റ പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ ഇരുട്ടായിരുന്നു. ആ ഇരുട്ടില്‍ കയറി നിന്നു കാക്ക കരയുന്നപോലെ ശബ്ദം വെച്ചു. അതൊരു കോഡാണ്. കപ്പ പുഴുക്കും, മത്തികറിയും അകത്തോട്ടു കയറ്റി കൊണ്ടിരുന്ന ബിനോയ് ഇരുട്ടിലേക്കു വന്നു.


”അത്യാവശ്യമായി അന്‍പതു രൂപ വേണം. കത്തെഴുത്തില്‍ പിടിച്ചോ..?” അവന്‍ തല ചൊറിഞ്ഞു. പിന്നെ വിറകുപുരയിലേക്കു പോയി. അഞ്ചു മിനിറ്റ് കാത്തു നിന്നപ്പോള്‍ അവന്‍ തിരിച്ചു വന്നു. കൈയ്യില്‍ കനം കുറഞ്ഞ ഒരു റബ്ബര്‍ ഷീറ്റ്.
”പാപ്പിയുടെ കടയില്‍ കൊടുത്തു കാശു വാങ്ങിക്കോ. കൈയ്യില്‍ ഇതേയുള്ളു…” ഇരുട്ടില്‍ നിന്നു റോഡിലേക്കിറങ്ങുമ്പോള്‍ ബിനോയ് പിന്നില്‍ നിന്നു ഒന്നൂകൂടെ ഓര്‍മ്മിപ്പിച്ചു.


”ആനിക്കു നാളെ എഴുതുന്ന കത്തില്‍ നീയൊരു ഉമ്മ ചോദിക്കണം…” ഞാന്‍ തലകുലുക്കി സൈക്കിള്‍ ചവുട്ടി ഷാപ്പിലെത്തുമ്പോള്‍ സുഹൃത്ത് ഉറങ്ങുകയായിരുന്നു. വിളിച്ചുണര്‍ത്തി കാശു കൊടുത്തു. സൈക്കിളിന്റ പുറകില്‍, എന്റെ മുതുകില്‍ ചാരി അവന്‍ വീണ്ടും ഉറങ്ങി. റോഡിലെ എല്ലാ കയറ്റവും ഇറക്കമാകാന്‍ സ്വപ്നം കണ്ട നിമിഷമായിരുന്നു അവനെ വെച്ചുള്ള ആ സൈക്കിള്‍ യാത്ര.


വീട്ടില്‍ അവനു അമ്മ മാത്രമേയുള്ളു. അവനെ തിണ്ണയില്‍ പഴമ്പായില്‍ കിടത്തിയപ്പോള്‍ അവന്റ അമ്മ ഒന്നു വിതുമ്പുന്നുണ്ടായിരുന്നു.
”അപ്പനെന്നു വെച്ചാല്‍ ഇവന് ജീവനായിരുന്നു. ഇവന്റെ പതിനാറാമത്തെ വയസ്സില്‍ അങ്ങേര് മലയാറ്റൂര്‍ പള്ളിയില്‍ പോയതാ. പിന്നെ ഇന്നേ വരെ ആരും അങ്ങേരെ കണ്ടിട്ടില്ല. അന്നു തുടങ്ങിയ യാത്രയാ. എവിടെ ശവം പൊങ്ങിയാലും അവിടെ എത്തും. അത് തന്റെ അപ്പനാണോന്നറിയാന്‍. ഇപ്പോള്‍ ഇവന്‍ ഇരുപത്തിഅഞ്ചുകാരനായി. അപ്പനെ തേടിയുളള യാത്രയാണ് അവന്റ ജോലി…” തൊഴിലുറപ്പിനു പോകുന്ന അമ്മക്ക് മകനെ പറഞ്ഞു മനസ്സിലാക്കി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ പറ്റുന്നില്ല. അവരും കാത്തിരിക്കുകയാണ്..!


”ഇന്ന് അങ്ങേര് പോയിട്ടു ഒന്‍പതുവര്‍ഷംആകന്നു. വിഷമം താങ്ങാന്‍ പറ്റാതെയാവും എന്റ കുഞ്ഞു കുടിച്ചത്…” ആ അമ്മ കരഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. രണ്ടുവയസ്സില്‍ അച്ഛന്‍ മരിച്ചതു കൊണ്ടാവാം. ആ വിഷമം വേദനയായി ഞാന്‍ അനുഭവിച്ചിട്ടില്ല. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്റ പേരു ചോദിച്ചപ്പോള്‍ വല്യപ്പച്ചന്റ പേരു പറഞ്ഞു. അന്ന് വീട്ടുകാരെ അറിയുന്ന സാറ് തിരുത്തി.


”നീ പറഞ്ഞ പേരു നിന്റ അമ്മയുടെ അച്ഛന്റെ പേരാ. നിന്റ അച്ഛന്‍ മരിച്ചു പോയതാ…” അന്ന് വൈകുന്നേരം അമ്മയോടു ചോദിച്ചു.
”എന്റെ അച്ഛന്‍ മരിച്ചു പോയോ..?”
അമ്മ ചേര്‍ത്തുപിടിച്ചു കരഞ്ഞു. പിന്നെ മരിച്ചു പോയ അച്ഛനെ പറ്റി പറഞ്ഞു തന്നു. അച്ഛാന്നു വിളിക്കാന്‍ യോഗമില്ലാത്ത കുട്ടിയായി ഞാന്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം എന്റ കല്യാണം കഴിഞ്ഞു ഭാര്യയുടെ അച്ഛനെ ”അച്ഛാ…” എന്നു വിളിച്ചപ്പോള്‍ ആ വാക്കിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വാത്സല്യം തുളുമ്പിയ ആനന്ദം ഞാന്‍ തിരിച്ചറിഞ്ഞു. അത് ഏറ്റവും മധുരമുള്ളതായത് എന്റ മോന്‍ എന്നെ അച്ഛാ എന്നു വിളിച്ചപ്പഴാണ്.


2004 ല്‍ ഞാന്‍ മിന്നുകെട്ട് സീരിയലിന്റ സഹ സംവിധായകനായി വര്‍ക്കു ചെയ്യുമ്പോഴാണ് അങ്ങനെ ഒരു രംഗം വീണ്ടും ഓര്‍മ്മ വരുന്നത്. ആര്‍ട്ടിസ്റ്റ് മീനാക്ഷി, രാഘവേട്ടന്‍ ചെയ്യുന്ന കേശവന്‍ നായരുടെ മകളാണ്. ഡോക്ടര്‍ ഷാജു ചെയ്യുന്ന കഥാപാത്രത്തെ കല്യാണം കഴിക്കുകയും അതിലൊരു കുട്ടി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആ 3 വയസ്സുളള കുട്ടി മീനാക്ഷിയെ ആദ്യായി ”അമ്മേ…” എന്നു വിളിക്കുന്ന രംഗം ഷൂട്ടു ചെയ്യുന്ന സമയം. കുട്ടിയുടെ വിളി കേട്ടതും സംവിധായകന്‍ പറയാതെ തന്നെ കുറെ ഉമ്മകള്‍ മീനാക്ഷി കുട്ടിക്കുകൊടുത്തു.


കട്ട് പറഞ്ഞിട്ടും അവര്‍ മാറി നിന്നു കരയുന്നു. വര്‍ഷങ്ങളായി കുട്ടികളിലാത്തതിന്റ വിഷമം പേറി ജീവിക്കുന്ന അവരില്‍ ആ വിളി അത്രത്തോളം വൈകാരികതയുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ വല്ലാണ്ടായി പോയി. ഇന്നും ദൈവം അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടുണ്ടാവുമോ..? അറിയില്ല..!


കഴിഞ്ഞ വര്‍ഷം ആരോ പറഞ്ഞറിഞ്ഞു അന്നത്തെമുന്നുവയസ്സുകാരിയുടെ കല്യാണം കഴിഞ്ഞെന്ന്. കാലത്തിന്റെ പോക്കേ. കൊടുരാറ്റില്‍ വരാലുപിടിക്കാന്‍ ചൂണ്ടയുമായി പോകുന്ന വഴിക്കു വെച്ചു ഞാന്‍ പരേതനെ കണ്ടുമുട്ടി.

ഭാര്യ ഒളിച്ചോടിയപ്പോള്‍ പശുതൊഴുത്തിന്റ ഉത്തരത്തില്‍ കയറില്‍ തുങ്ങിയ ആളാണ്. കയര്‍ പൊട്ടി ഉത്തരത്തോടെ പശുവിന്റ മണ്ടക്കു വീണു. പശു ചത്തു. അയാള്‍ചത്തില്ല. അന്നു കിട്ടിയ പേരാണ് പരേതന്‍. എന്റെ സുഹൃത്തിന്റ അപ്പാപ്പനാണ് പരേതന്‍.


”എടാ ഉണ്ണി അവന്‍ ഹരിദ്വാറിനു പോകുവാന്ന്. അവന്റ അപ്പന്‍ അവിടെയുണ്ടെന്നു ദര്‍ശനം കിട്ടിയെന്നു…”
വരാലുപിടുത്തം വേണ്ടാന്നു വെച്ചു ഞാന്‍ സൈക്കിള്‍ ചവുട്ടി അവന്റ വീട്ടിലെത്തുമ്പോള്‍ കാവി മുണ്ടും ജുബ്ബയും ഉടുത്ത് ‘ശീമാട്ടി’യുടെ തുണി കവറും പിടിച്ചു നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ അവന്റ അമ്മ ഉച്ചത്തില്‍ കരയാല്‍ തുടങ്ങി.


”ഉണ്ണി നീയവനോട് പോകരുതെന്ന് പറയടാ മോനേ…എനിക്കിവനല്ലാതെ വേറെ ആരാ ഉള്ളത്..?”


ആ അമ്മയുടെ സ്‌നേഹം കാണാതെ കാണാമറയത്തുള്ള അചഛന്റെ സ്‌നേഹം തേടി അവന്‍ നടന്നു തുടങ്ങി. ഞാന്‍ വിളിച്ചിട്ടും അവന്‍ നിന്നില്ല. ക്രിസ്ത്യാനിയായ അവന്റെ കാവിയുടുത്തുളള ഹരിദ്വാര്‍ യാത്ര നാട്ടില്‍ വല്യ ചര്‍ച്ചയായി. ആറു മാസത്തോളം അവനെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു. പതുക്കെ നാട് അവനെ മറന്നു തുടങ്ങി. അവനെ മറക്കാതെ ആ അമ്മ മാത്രം കാത്തിരുന്നു. പട്ടിമറ്റത്തെ ബിനോയിയുടെ കല്യാണം എന്നെ ഞെട്ടിച്ചിരുന്നു. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയങ്കണത്തില്‍ വച്ചു ക്‌നാനായക്കാരുടെ ‘നടവിളി’… ബന്ധുക്കാരും കൂട്ടുകാരും ഉച്ചത്തില്‍ വിളിച്ചു.


”നട… നട… നട… നടേ… നടേ…”
ബിനോയിയുടെ മുഖം അസ്തമിച്ച പകലു പോലെ ഇരുണ്ടിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ ഉള്ളില്‍ വെച്ച വീര്‍പ്പുമുട്ടല്‍ മുഴുവന്‍ എന്നിലേക്കു കുടഞ്ഞു.
”എന്റ ആനിയോടു ഞാന്‍ നീതി കാണിച്ചില്ല. അവള്‍ ഇറങ്ങി വരാമെന്നു പറഞ്ഞിട്ടും ഞാന്‍ പുറകോട്ടുപോയി. അവള്‍ ശപിച്ചിട്ടുണ്ടാവും. എന്നിട്ടും അവള്‍ എന്റ കല്യാണത്തിനു ക്വയര്‍ പാടുന്നു…” ഞാന്‍ അവന്റ പുതു പെണ്ണിനെ നോക്കി. അവള്‍ ഇംഗ്ലണ്ടില്‍ നെഴ്‌സാണ്. ബിനോയിയെ ഗൗനിക്കാതെ കൂടുകാരത്തിയോട് സംസാരിച്ചു നില്‍ക്കുന്ന അവരുടെ മുഖം ഞാന്‍ വായിച്ചെടുത്തു.


”നിനക്ക് വീട്ടുകാരെ ധിക്കരിച്ചു ആനിയെ സ്വന്തമാക്കി കുടായിരുന്നോ..?”
”എന്റെ അപ്പനെ എനിക്കു പേടിയാ. വേണ്ടാതീനം കാട്ടിയാല്‍. അപ്പനെന്നെ കൊന്നു കളയും…”


ഞങ്ങള്‍ക്കു ചുറ്റും നടവിളിയുടെ അശരീരികള്‍ പെയ്യാന്‍ തുടങ്ങി. ഉത്തരം പറയാതെ ആ അശരീരികളിലൂടെ ഞാന്‍ തിരികെ നടന്നു. അച്ഛന്‍ എന്ന വാക്കുകള്‍ക്കു പലപ്പോഴും പല ഭാവങ്ങളാണെന്നു എനിക്കു തോന്നി. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, ചിലപ്പോള്‍ ക്രൂരതയുടെ…അങ്ങനെ…അങ്ങനെ…


തുഞ്ചത്തുക്കാരുടെ കണ്ടത്തിലെ വരമ്പിലൂടെ നടക്കുമ്പോ പരേതന്റ കോള്‍ വന്നു.
”ഉണ്ണി നിന്റ കൂട്ടുകാരന്‍ ഹരിദ്വാറില്‍ നിന്നു വന്നിട്ടുണ്ട്…”
ഓടുകയായിരുന്നു ഞാന്‍. ദീക്ഷ വളര്‍ത്തി കാവിക്കുള്ളില്‍ ഒരു സന്യാസ രൂപം. അവന്റെ അമ്മ കരഞ്ഞു നിലവിളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
”ഞാന്‍ എന്റെ അപ്പനെ ദൈവത്തില്‍ കണ്ടു. ഹരിദ്വാറില്‍ എവിടെ നോക്കിയാലും അപ്പന്റെ രൂപങ്ങളാ. അമ്മയെ കൂട്ടിട്ടു പോകാനാ വന്നത്…”
”ഇവന്‍ ശരിക്കും ഭ്രാന്തനായോ..?”


എന്റെ സംശയംഅങ്ങനെയായിരുന്നു. വൈകിട്ടു ഇടവകയിലെ വികാരി അവന്റ വീട്ടിലെത്തിയപ്പോള്‍ മടിശീലയില്‍ നിന്നു കഞ്ചാവ് എടുത്തു തെറുപ്പു ബീഡിയില്‍ നിറക്കുന്ന സുഹൃത്തിന്റ മനോഭാവം കണ്ട് ഇടവകയില്‍ അറിയിച്ചു.
”അവന്‍ സാത്താന്റ ജാരസന്തതിയാ. ഉടനെ ഭ്രാന്താശുപത്രിയിലെത്തിക്കണം…” കഞ്ചാവിന്റ ആലസ്യത്തില്‍ സുഹൃത്ത് ശ്ലോകങ്ങള്‍ ചെല്ലി തുടങ്ങി.
”അച്ചോ, എനിക്കു എന്റെ മോനെ തിരിച്ചു തന്നാല്‍ മതി…” ആ അമ്മ ഹൃദയം നുറുങ്ങി കരഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു. ഒരമ്മ ലോകത്തു ഏറ്റവും അധികംസന്തോഷിക്കുന്നതും സങ്കടപ്പെടുന്നതും മക്കളെ ഓര്‍ത്തു മാത്രമായിരിക്കും.

എല്ലാവരും കൂടി അവനെ പിടിച്ചു കെട്ടി കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്കാട്രി വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ ഞാനും പോയിരുന്നു.
”ഡോക്ടര്‍: എന്റെ അച്ഛന്‍ ഈശ്വരനാ. എന്നോട് അമ്മയെ കൂട്ടി ചെല്ലാന്‍ പറഞ്ഞിരിക്കുകയാ…”

സുഹൃത്ത് നിലവിളിച്ചപ്പോള്‍ എനിക്കു സങ്കടം തോന്നി. അച്ഛനോടുള്ള സ്‌നേഹം കൂടി അവന്‍ മറ്റൊരാളായി മാറി തുടങ്ങിയിരിക്കുന്നു. മുന്നാംപക്കം അറിയുന്നു അവന്‍ അവിടുന്നു ചാടി പോയെന്നു. ചാടി കടക്കലിനു ‘ന്യൂഡല്‍ഹി’ സിനിമ കണ്ടതുകൊണ്ടാണെന്നു നാട്ടിലെ കപട സദാചാര വാദികള്‍ അന്നത്തെ കാലത്ത് നാട്ടില്‍ പറഞ്ഞു നടന്നിരുന്നു.


കോട്ടയത്തൂനിന്ന് പടിഞ്ഞാറു മാറി ഒരു യാക്കോബ പള്ളിയില്‍ സുഹൃത്ത് കുമ്പസാരിക്കാന്‍ എത്തിയെന്നു ഇടവകയിലെ കല്യാണ ബ്രോക്കര്‍ വര്‍ഗ്ഗീസാണ് പറഞ്ഞത്. കൈപിടിച്ചു കൊടുത്ത ഏതോകേസ് പറിച്ചെറിയലിന്റവക്കിലായപ്പോള്‍ പരിഹരിക്കാന്‍ കവണാറ്റിന്‍ കരയില്‍ ചെന്നപ്പോഴാണ് അങ്ങേര് ഈ കാര്യം അറിയുന്നത്.


”കുമ്പസാരിക്കണമെന്നു അവന്‍ പറഞ്ഞപ്പോള്‍ ഏതോ സ്വാമിയാണെന്നു തെറ്റുദ്ധരിച്ചു മേടയില്‍ കൊണ്ടുപോയി അച്ചനും കപ്യാരും സല്‍ക്കരിച്ചു. ഉറങ്ങണമെന്നു പറഞ്ഞപ്പോള്‍ കപ്യാരു അച്ചന്റ കിടക്കയില്‍ വിരുന്നുകാര്‍ക്കുള്ള വെല്‍വറ്റിന്റ ബെഡ് ഷീറ്റ് വിരിച്ചു. കൂര്‍ക്കംവലിച്ചു മുന്നു മണിക്കൂര്‍ ഉറങ്ങി. ശേഷം നിദ്രവിട്ടു സ്വബോധത്തിലേക്കു വന്നപ്പോള്‍ കപ്യാരു കട്ടന്‍ കാപ്പിയും ചക്ക വറുത്തതും കൊടുത്തു. അതുകഴിച്ചപ്പോള്‍ കുമ്പസാരിക്കണമെന്നായി. അനന്തരം പള്ളിമേടയിലെ കുമ്പസാര കൂട്ടില്‍ അവന്‍ ഭുതകാലം പറയാന്‍ തുടങ്ങി. ആശുപത്രിയില്‍ നിന്നു ചാടി പോയ രോഗിയില്‍ എത്തിയപ്പോള്‍ അച്ചന്‍ ചാടി എണീറ്റു. കപ്യാരെ സഹായത്തിനു വിളിക്കും മുന്നേ, അടിനാഭിയില്‍ അവന്റ ചവിട്ടു വീണു. അച്ചന്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയിലാണ്. മൂത്രം പോകുന്നില്ലെന്നാണ് അറിവ്…”
”അപ്പോ അവനോ..?”


”അവന്‍ കുമ്പസാരിക്കാന്‍ അടുത്ത പള്ളിയില്‍ പോയി കാണും…” കൂട്ടചിരിക്കിടയില്‍ വര്‍ഗ്ഗീസ് കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ചുറ്റും കേള്‍വിക്കാര്‍ അനവധിയായിരുന്നു.
”അപ്പനെ അതിരറ്റ് സ്‌നേഹിച്ചതു കൊണ്ടല്ലേ അവന്‍ വട്ടനായി പോയത്..?” ആരോ ഒരാളുടെ ചോദ്യം. ആ ചോദ്യവുമായി ഞാന്‍ വീട്ടിലേക്കു നടന്നു. അവന്റ അമ്മയെ കാണണമെന്നു തോന്നി. കണ്ടു. തൊഴിലുറപ്പിനു പോകാതെ അവര്‍ പുറത്തേക്കു കണ്ണുന്നട്ട് തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു..
”മോനെ.. അവനെ എനിക്കു പഴയപടി തിരിച്ചു കിട്ട്വോ..? അച്ഛന്റെ സ്‌നേഹം തേടി അവന്‍ നടക്കുമ്പോ എന്റെ സ്‌നേഹം അവന്‍ കണ്ടില്ല…” ആ അമ്മയുടെ വേദന ആരും അറിഞ്ഞില്ല. ഞാനും.


”എനിക്കും ഭ്രാന്തുപിടിച്ചു തുടങ്ങുന്ന പോലെ. അവനിലെങ്കില്‍ ഞാനും എങ്ങോടെങ്കിലും പോകും…” ഒരമ്മയുടെ പരിതാപമായിട്ടേ ഞാനതിനെ കണ്ടുള്ളു. രണ്ടു ദിവസം കഴിഞ്ഞു കൈനറ്റിക്ക് ഹോണ്ടയില്‍ പശുവിനെ കെട്ടി ഒരോ വീടിന്റ മൂന്നിലും ചെന്നു നിന്നു പാലു കറന്നു കൊടുക്കുന്ന മിനി ചേച്ചിയാണ് പറഞ്ഞത്.
”ശോശാമ്മ ചേച്ചി എങ്ങോട്ടോ പോയി. മോനെ തേടി പോകുകയാണെന്നു പറഞ്ഞു…” ഞാന്‍ ഞെട്ടി പോയി. അപ്പോള്‍ അവരെന്നോടു വെറും വാക്കു പറഞ്ഞതല്ല..
”ചേച്ചി നിങ്ങള്‍ക്കു തടയായിരുന്നില്ലേ..! അല്ലെങ്കില്‍ ആരോടെങ്കിലും പറയായിരുന്നില്ലേ…”
”പിന്നെ, എനിക്കതല്ലേ പണി. അവര്‍ക്കും ഭ്രാന്തിന്റ ലക്ഷണം ഉണ്ടോന്ന് സംശയം ഉണ്ട്…”

മിനി ചേച്ചി നയം വ്യക്തമാക്കി പശുവിനെ കൊണ്ടു വണ്ടി ഓടിച്ചു പോയി. എനിക്കു ശരിക്കും സങ്കടായി. മിനി ചേച്ചി പറഞ്ഞതു പോലെ അവര്‍ക്കു ഭ്രാന്തായിരുന്നു. മകനെ ഓര്‍ത്തുള്ള ഭ്രാന്ത്. അതാര്‍ക്കും മനസ്സിലാവില്ല. ഒരമ്മയ്‌ക്കേ ആ വേദന അറിയൂ. ഒരു കുടുബം മുന്നു വഴിക്കായി. സ്‌നേഹത്തിന്റ കണക്കു പറഞ്ഞ് . ഇനി അവരൊക്കെ തമ്മില്‍ കണ്ടുമുട്ടുമോ..? പതുക്കെ പതുക്കെ നാട് അവരെ മറന്നു തുടങ്ങി. നാട്ടുകാരും. കാടുകയറി തുടങ്ങിയ വീടു മാത്രം ആ വഴി കടന്നുപോയവരെ ഓര്‍മ്മപെടുത്തിപോയി.
കാറ്റു പോലെ…


രണ്ടു വര്‍ഷം കഴിഞ്ഞ ഒരു കര്‍ക്കിടകത്തിലാണ് അവന്‍ തിരിച്ചെത്തിയത്. അവന്‍ കാവിയുടുത്തിരുന്നില്ല. മുടി വളര്‍ത്തിയിരുന്നില്ല. കേരള കോണ്‍ഗ്രസ്സിന്റ കോട്ടയത്തെ ജാഥക്കു പോകാനുള്ള ആളുകളുടെ ലിസ്റ്റ്എഴുതുന്ന തിരിക്കിലേക്കാണ് നാട്ടിലെ പത്ര ഏജന്റ് കോറി വന്നു കാര്യം പറഞ്ഞത്. കേട്ട കൗതുകത്തിനപ്പുറം ആര്‍ക്കും അതൊരു വാര്‍ത്ത അല്ലായിരുന്നു. പക്ഷേ, ഞാനിറങ്ങി നടന്നു. കാടുപിടിച്ച വീടിന്റെ തിണ്ണയില്‍ ആരെയോ കാത്തിരിക്കുന്ന എന്റെ സുഹൃത്ത്.


അവന്‍ യോഗ്യനായ ഒരു ചെറുപ്പക്കാരനായിരിക്കുന്നു. അവനെ കണ്ടപ്പോള്‍ ശരിക്കും സന്തോഷം കൊണ്ട് എനിക്ക് കരച്ചില്‍ വന്നു. അവന്‍ പരവേശപ്പെടുന്നതുപോലെ.
”ഉണ്ണി എന്റെ അമ്മ എന്നെ തേടി ഏങ്ങോട്ടാ പോയെന്നു കവലിയില്‍ വച്ചേ അറിഞ്ഞു. വിശ്വസിച്ചില്ല. പക്ഷേ, ഇവിടെ വന്നപ്പോള്‍…” അവന്‍ എത്ര സംയമനത്തോടെയാണ് സംസാരിക്കുന്നത്.
”സത്യമാണ്. നിന്നെ തേടി പോയിരിക്കുകയാണ്. ഇപ്പോള്‍ മാസങ്ങളായി…” അത്രയും ഉത്തരം കൊടുക്കാനേ, എനിക്കും അറിയുമായിരുന്നുള്ളു. അന്നു രാത്രി എന്റെ വീട്ടിന്നു കഞ്ഞിയുമായി ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ ബൈബിള്‍ വായിക്കുകയായിരുന്നു. ഞാന്‍ വരാന്തയില്‍ കേട്ടിരുന്നു. കൂട്ടിന് ഇരുട്ടും. വായന കഴിഞ്ഞപ്പോള്‍ ബൈബിളില്‍ തല ചേര്‍ത്തു അവന്‍ കരഞ്ഞു. ഞാനത് കണ്ടു നിന്നു. കരയട്ടെ… ഉള്ളിലെ ഭാരം കുറയട്ടെ..!


കരച്ചിലടക്കാതെ വന്നപ്പോള്‍ ഞാന്‍ അവനെ പോയി പിടിച്ചു. അവന്‍ കുഞ്ഞിനെ പോലെ എന്റെ നെഞ്ചില്‍ വീണു കരഞ്ഞു തുടങ്ങി. തുറന്നു വെച്ച ബൈബിളിന്റ താളുകള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. ആ രാത്രി ഒരു പാട് നേരം ഞങ്ങള്‍ സംസാരിച്ചു. മുഴുവന്‍ അവനെ പറ്റി. അച്ഛനെ തേടി അലഞ്ഞു തിരിഞ്ഞ് കല്‍ക്കട്ടയിലെത്തിയതും, അവിടെ ഒരു നല്ല മനുഷ്യന്റ കാരുണ്യത്തില്‍ ജീവിതത്തിലേക്കു തിരിച്ചു വന്നതും, ഒടുവില്‍ അമ്മയെ കൂട്ടി വരാന്‍ ഇവിടേക്കു പുറപ്പെട്ടതും, …അങ്ങനെ എല്ലാം…


”നിന്റെ അമ്മ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു…” ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ മിണ്ടിയില്ല. ഒരു പക്ഷേ, കുറ്റബോധം കൊണ്ട് വാക്കുകള്‍ നഷ്ടപ്പെട്ടതാകാം. പിറ്റേന്ന് സൂര്യന്‍ വെളിച്ചത്തു വരും മുന്നേ അവന്‍ എന്നെ കാണാന്‍ വീട്ടിലെത്തി.
”ഞാന്‍ യാത്ര പറയാന്‍ വന്നതാ. എന്റെ അമ്മയെ എനിക്ക് കണ്ടെത്തണം…” രാത്രി മുഴുവന്‍ ഉറങ്ങാത്ത ആ മുഖത്തെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് ഞാന്‍ കണ്ടു.
”നിന്റെ അമ്മ നിന്റെ അരുകില്‍ ജീവിച്ചപ്പോഴൊന്നും ആ സ്‌നേഹം നീ തിരിച്ചറിഞ്ഞില്ല. ഇല്ലാതെ വന്നപ്പോഴാ നിനക്ക് അനുഭവിക്കാന്‍ തോന്നിയത്…” അവന്‍ എല്ലാം കേട്ടിരുന്നു.


”കുറ്റപ്പെടുത്തിയതല്ലടാ. നിനക്കു കിട്ടാതെ പോയ നിന്റെ അച്ഛന്റ സ്‌നേഹം കൂടി തരാന്‍ നിന്റെ അമ്മ ഒരുപാട് കൊതിച്ചിരുന്നു…” ബാക്കി കേള്‍ക്കാന്‍ അവന്റെ മനസ്സ് അനുവദിക്കാത്ത വണ്ണം അവനെന്റെ കൈയ്യില്‍ കടന്ന് പിടിച്ചു.
”എനിക്കു എന്റെ അമ്മയെ കണ്ടെത്തണം…അമ്മയേയും കൊണ്ടേ ഞാന്‍ വരു…”
അതവന്റെ മനസില്‍ നിന്ന് വന്ന വാക്കുകളായിരുന്നു.


”യാത്ര പറയാന്‍ എനിക്കാരുമില്ല.. കാത്തിരിക്കാനും. എന്നാലും ഞാനെന്റെ അമ്മയെയും കൊണ്ട് തിരിച്ചു വരും….! കണ്ടെത്താന്‍ പറ്റിയിലെങ്കില്‍ ഞാന്‍ പിന്നെ വരില്ല…” അതു പറഞ്ഞപ്പൊഴേക്കും അവന്റ കണ്ണില്‍നിന്നു കണ്ണീര് പുറത്തേക്കു ചാടി. അവനു കൊടുത്തു വിടാന്‍ എന്റെ കൈയ്യില്‍ ഒന്നൂമില്ലായിരുന്നു. ഷര്‍ട്ടിന്റ പോക്കറ്റില്‍ ഇരുപതു രൂപയുടെ ഒറ്റ നോട്ടു മാത്രം. എന്നിട്ടും അതു നീട്ടിയപ്പോള്‍ അവന്‍ വാങ്ങി, അവന്‍ തിരിഞ്ഞു നടന്നു. ഞാന്‍ നോക്കി നിന്നു.


ഇതാണ് ലോകം. ഇതാണ് മനുഷ്യര്‍. ലോകത്ത് സ്‌നേഹം വിലപ്പെട്ട വികാരമാണ്. അതു നഷ്ടപ്പെടുമ്പോഴാണ് തേടലിനെ പറ്റി ചിന്തിക്കുക. അവനു കൊടുക്കാന്‍ അമ്മ സ്‌നേഹവുമായി അടുത്തിരുന്നിട്ടും അവന്‍ കണ്ടില്ല. അച്ഛന്റ സ്‌നേഹത്തെ പറ്റിയേ ചിന്തിച്ചുള്ളു. ഇപ്പോ രണ്ടും നഷ്ടപ്പെട്ടപ്പോള്‍ തിരിച്ചു പിടിക്കാന്‍ ഇറങ്ങിപുറപ്പെട്ട പേരെഴുതാത്ത വിഡ്ഢി. ഇപ്പോള്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ഇതുവരെ അവന്‍ തിരിച്ചു വന്നിട്ടില്ല. അവനെ നാടു മറന്നു. നാട്ടുകാരും. ജീവിതത്തിന്റ പുതിയ മുഖഛായയില്‍ ഞാനും അവനെ മറന്നു.


എന്നാലും ഇടയ്ക്ക് ഓര്‍ക്കും. എവിടെയായിരിക്കും അവന്‍..? ആ അമ്മ എവിടെയായിരിക്കും..? ആ അച്ഛന്‍..? സ്‌നേഹത്തിനു വേണ്ടി മുന്നു വഴിക്കായി പോയ മുന്നാന്മാക്കള്‍. ദൈവം ക്രൂരനാണ്.. ചിലരുടെ മനസാക്ഷിക്കു മുമ്പില്‍. എവിടെയെങ്കിലും വെച്ച് അവര്‍ കണ്ടുമുട്ടുമോ..? കാണട്ടെ…എന്നിട്ട് അവര്‍ നഷ്ടപ്പെടുത്തിയ സ്‌നേഹം ഒന്നിച്ചനുഭവിക്കട്ടെ..


പ്രിയപ്പെട്ട കൂട്ടുകാരാ, കാത്തിരിക്കാന്‍ ആരുമില്ലാന്നു പറഞ്ഞു പോയ നിന്നെ കാത്ത് ഒരു തെരുവില്‍ അമ്മ നില്‍പുണ്ട്. മറ്റൊരു വളവില്‍ അച്ഛനും. നീയവരെ കണ്ടെത്തും വരെ വേഗം നടക്കുക. അവരുടെ കണ്ണുകളില്‍ നിന്നെ കാണാനുള്ളബികൊതിയാണ്.


ഞാനങ്ങനെ എന്നെ വിശ്വസിപ്പിച്ചു. ദൈവത്തിന്റ കണക്കു പുസ്തകത്തില്‍ എഴുതിയ അവരുടെ ജാതകത്തെ പറ്റി ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിച്ചില്ല. എന്റെ അമ്മയുടെ ഫോണ്‍. കുറെ നേരായി വിളിക്കുന്നു ശ്രദ്ധിച്ചില്ല. അറ്റന്‍ഡ് ചെയ്തപ്പോള്‍ പരിഭവം.


”ഉണ്ണി എത്ര വട്ടായി വിളിക്കുന്നു…നാളെ അച്ഛന്റെ ഓര്‍മ്മ ദിവസാണ്. അമ്പലത്തില്‍ പോണം…”
”പോകാം…”


ഞാന്‍ കട്ടു ചെയ്തപ്പോള്‍ എന്റ കണ്ണും കാരണമില്ലാതെ നിറഞ്ഞു വന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments