Friday, March 29, 2024

HomeLiteratureശാപങ്ങളുടെ പാരമ്പര്യം (അനുഭവകഥ)

ശാപങ്ങളുടെ പാരമ്പര്യം (അനുഭവകഥ)

spot_img
spot_img

ഉണ്ണി പൂരുരുട്ടാതി

ഒരിക്കല്‍ തിരുവനന്തപുരം നഗരത്തിലൂടെ രാത്രി ഒമ്പത് മണിക്കു നടക്കുമ്പോള്‍ ചില കാഴ്ച്ചകള്‍ കണ്ടു. ഷട്ടറിട്ടടച്ച പല കടകളുടെ ഇരുട്ടു പിടിച്ച തിണ്ണകളില്‍ ഉറങ്ങാന്‍ കാത്തിരിക്കുന്നവര്‍. നഗരസഭയുടെ റോഡില്‍ നിന്നുള്ള നിയോണ്‍ വെളിച്ചത്തില്‍ അവരൊക്കെ ഭിക്ഷക്കാരാണെന്നു എനിക്കു കാണാന്‍ പറ്റിയില്ല. പകലെടുത്ത പണിയുടെ തളര്‍ച്ച കൊണ്ടാവാം പലരും ചാരി ഇരുന്നു നഗരം കാണുകയാണ്.

ഒരിക്കല്‍ ഇവര്‍ നഗരത്തില്‍ ജീവിച്ചവരാകാം. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ? കുടുംബമായിട്ട്…! ഇപ്പോള്‍..! ഗസ്റ്റ് ഹൗസിലെ മുറിയിലിരുന്ന് പുറത്ത് ഇരുട്ടില്‍ ചെയ്യുന്ന മഴ തണുപ്പായി ആസ്വദിച്ച് ഞാന്‍ അവരെ കുറിച്ചു വെറുതെ ഒന്നു ആലോചിച്ചു. ഒരിക്കല്‍ ഇവര്‍ കുടുംബത്തിനു വേണ്ടി ജീവിച്ചവര്‍ ആകാം. എല്ലാം മറന്ന് അവര്‍ക്കു വേണ്ടി അദ്ധ്വാനിച്ചവര്‍. ജീവിതത്തില്‍ പരാതിയും പരിഭവവും ഇല്ലാത്തവര്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തെ അതിരൂപതയിലെ സ്ഥാപനങ്ങളുടെ ഡോക്യുമെന്ററി എടുക്കുന്നതിന്റ ഭാഗമായി ഒരു വൃദ്ധസദനം സന്ദര്‍ശിച്ചു. അവിടുത്തെ വിശാലമായ മുററത്ത് നിറയെ തണലൊരുക്കുന്ന മരങ്ങള്‍ ഉണ്ടായിരുന്നു. കായ്ച്ചു കിടക്കുന്ന ഒരു മാവിന്റ ചുവട്ടിലിരുന്ന് അറുപത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു അന്തേവാസി പാടുകയാണ്. വലതു കൈ പാട്ടിന്റെ ഭാവങ്ങള്‍ക്കനുസരിച്ച് വായുവില്‍ ചിത്രങ്ങള്‍ വരച്ചു. ഞാന്‍ അത്ഭുതത്തോടെ അയാളെ നോക്കി. പാടുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല. ഞാനയാളുടെ അടുത്തേക്കു നീങ്ങി ചെന്നു നോക്കി. ശരിയാണ്. ശബ്ദമില്ല. എന്നാലും പാടി തകര്‍ക്കുകയാണ്.

സിമിന്റ് കൊണ്ടു കെട്ടിയ അരമതില്‍ മുററത്തേയും പൂന്തോട്ടത്തേയും വേര്‍തിരിക്കുന്നുണ്ടായിരുന്നു. ഞാനവിടിരുന്നു ആ കൗതുക കാഴ്ച ആസ്വദിക്കാന്‍ തുടങ്ങി. എനിക്കു ചിരിയാണ് വന്നത്. സര്‍ക്കസിലെ കോമാളിയുടെ മറ്റൊരു മുഖം മൂടി അണിഞ്ഞ പോലെ തോന്നി.

”എന്താ ബ്രദര്‍ ഇതു കണ്ടിട്ടു അത്ഭുതം തോന്നുന്നോ..?” അവിടുത്തെ നടത്തിപ്പുകാരില്‍ ഒരാളായ ഫാദര്‍ ഏലിയാസ് കാട്ടുകുന്നിന്റെ ചോദ്യം (ഫാദറിന്റ പേരു മാറ്റുന്നു).

”ആ തമാശ ആസ്വദിക്കുകയായിരുന്നു ഫാദര്‍. ആള്‍ക്ക് ലേശം തലക്കു പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു…” എന്റെ ഉല്‍സാഹം കണ്ടപ്പോള്‍ ഫാദറും അടുത്തിരുന്നു. പക്ഷേ, അദ്ദേഹം എന്നെ പോലെ ചിരിച്ചില്ല.

”ഇത് ജിബിച്ചന്‍. വല്യ പാട്ടുകാരനായിരുന്നു. പഴയ തബലിസ്റ്റായിരുന്നു. ഒരുപാട് സിനിമാ പാട്ടുകള്‍ക്ക് തബല വായിച്ചിട്ടുണ്ട്. ഇപ്പോ ഈ അവസ്ഥയിലായി…”

എന്റെ മുഖത്തെ ചിരി മാഞ്ഞു. ജിജ്ഞാസയായി. ”എങ്ങനെയാ ശബ്ദം പോയത്..?”

”ശബ്ദം പോയതും ഇവിടെ വന്നുപെട്ടതും ഒക്കെ വല്യ കഥയാ…” ഫാദര്‍ അത്രയും പറഞ്ഞപ്പോഴേക്കും ജിബിച്ചന്റ പാട്ടു കഴിഞ്ഞു. അയാള്‍ ഞങ്ങളെ നോക്കി. ഫാദറെ കണ്ടിട്ടാവാം പെട്ടെന്ന് എഴുന്നേറ്റു. ആദ്യായിട്ടു കണ്ടിട്ടും അയാള്‍ ഹൃദയത്തില്‍ നിന്നു ചിരിച്ചു കാണിച്ചു. ഞാനും ചിരിച്ചു. ചിരിക്കു ഇത്രയും ഫീലും സത്യസന്ധതയും ഉണ്ടെന്നു അപ്പോള്‍ തിരിച്ചറിഞ്ഞു. റഡിയാണെന്നു ക്യാമറാമെന്‍ അറിയിച്ചപ്പോള്‍ അതിന്റ തിരക്കിലേക്കു പോയെങ്കിലും ജിബിച്ചന്‍ ഒരു കരടായി എന്റെ മനസ്സില്‍ കൊളുത്തി.

ഉച്ചഭക്ഷണം കഴിഞ്ഞ് വിശാലമായ പറമ്പിനു താഴെയുള്ള മീന്‍ കുളം കാണിക്കാന്‍ ഫാദര്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ ജിബിച്ചനെ പറ്റി കൂടുതല്‍ ചോദിച്ചു. മീന്‍കുളം ഉറക്കത്തിലായിരുന്നു. ആ നിശബ്ദതയില്‍ ഫാദര്‍ ഏലിയാസ് കാട്ടുകാരന്‍ എനിക്കാ കഥ പറഞ്ഞു തന്നു. ജിബിച്ചന്‍ വണ്ടന്‍മേടുകാരനായിരുന്നു. അപ്പന്‍ കൃഷിക്കാരനാണെങ്കിലും ജിബിച്ചന്റെ പ്രിയം പാട്ടിനോടായിരുന്നു.

അപ്പന്റെ കൂട്ടുകാരന്‍ ശങ്കു ആശാന്റ കീഴില്‍ തബലയും പഠിക്കുമായിരുന്നു. അതും അപ്പനറിയാതെ. പള്ളി ക്വയറില്‍ പാടുന്ന മോളമ്മയെ ഇഷ്ടമാണെന്നു പറയാന്‍ ചെല്ലുമ്പോള്‍ അപ്പന്‍ കോണി ചാരി അതില്‍ കയറി കുരുമുളക് അടര്‍ത്തുകയായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ പറിച്ച കുരുമുളകു വാരി അവന്റെ വായില്‍ തിരുകി ചവക്കാന്‍ പറഞ്ഞു. അപ്പന്റെ ഭാവം കണ്ട് പേടിപിടിച്ച് ജിബിച്ചന്‍ കുരുമുളക് ചവക്കാന്‍ തുടങ്ങി.

”അപ്പനെ സഹായിച്ചു കൃഷിപ്പണി ചെയ്യേണ്ടവന്‍ തബലയടിക്കാന്‍ പോയിരിക്കുന്നു…” കുരുമുളകിന്റെ എരിവില്‍ നീറി നിന്ന ജിബിച്ചന്റ വാ പൊളിഞ്ഞു പോയി. മോളമ്മയെ കല്യാണം കഴിക്കുന്നതിനുള്ള ശിക്ഷ അല്ലേ..? ജിബിച്ചനില്‍ സംശയം രാത്രി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അപ്പന്‍ കേള്‍ക്കാതെ അമ്മച്ചി തീര്‍ത്തു തന്നു.

”നീ മോളമ്മയെ കെട്ടുന്നതിനു അപ്പനു എതിര്‍പ്പില്ല. തബലയടിക്കാന്‍ പോയതാ ചൂടുപിടിപ്പിച്ചത്…”

ശങ്കു ആശാന്‍ സഹായത്തിനെത്തി. ജിബിച്ചനു വേണ്ടി വാദിച്ചു. ആ വാക്കുകളുടെ മുര്‍ച്ചക്കുമുമ്പില്‍ അപ്പന്‍ വീണു. തബല കൊട്ടാനും മോളമ്മയെ മിന്നുകെട്ടാനും അനുവാദം കിട്ടിയ സന്തോഷത്തില്‍ ഏറുമാടത്തിലിരുന്ന് ജിബിച്ചന്‍ ആശാനായ ശങ്കു ആശാനു വാറ്റൊഴിച്ചു കൊടുത്തു. മുന്നു ഗ്ലാസ്സു തീര്‍ത്തപ്പോള്‍ ആശാന്‍ നെഞ്ചു തിരുമി വീണു. ഏറുമാടത്തില്‍ നിന്നു താഴക്കു കയറില്‍ കെട്ടിയിറക്കി വന്നപ്പോഴേക്കും ആശാനെ കാലന്‍ കൊണ്ടുപോയി.

മോളമ്മയെ മിന്നുകെട്ടിയതിന്റ പത്താം പൊക്കം മദ്രാസില്‍ സിനിമാ പാട്ടിനു തബല കൊട്ടാന്‍ അവസരം കിട്ടി. ജിബിച്ചന്‍ പോയി. പാട്ടുകാരനും മറ്റുളളവര്‍ക്കും കൊട്ടിഷ്ടായി.

അവസരങ്ങള്‍ വീണ്ടും വന്നപ്പോള്‍ മോളമ്മയെ മദ്രാസിലേക്കു കൊണ്ടുവന്നു. വണ്ടന്‍മേട്ടില്‍ അപ്പച്ചനും അമ്മച്ചിയും മാത്രമായി. മക്കള്‍ തന്നോളം വളര്‍ന്നതുകൊണ്ടാവാം അപ്പന്‍ പഴയ പോലെ പ്രതികരിച്ചില്ല. എന്നാലും അപ്പന്‍ ഉളളില്‍ ഒരുപാട് വിഷമിക്കുന്നുണ്ടെന്നു ജിബിച്ചനു മനസ്സിലായി. മദ്രാസിലെത്തി രണ്ടാംവര്‍ഷത്തില്‍ മോളമ്മ ഇസഹാക്കിനെ പ്രസവിച്ചു. ഇസഹാക്ക് തമിഴ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ അഞ്ചാം വയസ്സില്‍ ജിബിയുടെ അമ്മച്ചി കര്‍ത്താവില്‍ നിദ്ര പ്രാവിച്ചു. അപ്പന്‍ തനിച്ചായപ്പോള്‍ വണ്ടന്‍ മേട്ടിലെ വസ്തു മുഴുവന്‍ വിറ്റു കാക്കനാട്ട് വീടും പറമ്പും വാങ്ങി. അതോടെ ഇസഹാക്ക് തമിഴ് വിട്ടു മലയാളം വാക്കു പഠിച്ചു തുടങ്ങി.

”എടാ മോനെ…ആ മണ്ണ് എന്റെ അപ്പനും അമ്മയും ആയിരുന്നു. നിന്റെ അമ്മച്ചി ഉറങ്ങുന്നത് അവരുടെ മടിയിലായിരുന്നു. അതാ നി എന്റെ നെഞ്ചില്‍ നിന്നു പറിച്ചു കളഞ്ഞത്…” അപ്പന്‍ ആദ്യായി ജിബിച്ചന്റെ മുന്നില്‍ കരഞ്ഞു.

ജിബിച്ചന്‍ വല്ലാതായി. മുന്നോട്ടുള്ള ജീവിതത്തെ പറ്റി മാത്രമേ ചിന്തിച്ചുള്ളു. ആ മനസിനെ കണ്ടില്ല. പിന്നെ അപ്പന്‍ അധികം മിണ്ടിയില്ല. മോളമ്മയുടെ സ്‌നേഹവും ഇസഹാക്കിന്റ കുസൃതിയും അപ്പനെ പഴയ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ പറ്റിയില്ല. മണ്ണിനോടു പോരാടി ജീവിച്ച അയാള്‍ കാക്കനാട്ടെ നാഗരികതയില്‍ ജീവനുള്ള മാംസ പിണ്ഡമാക്കുകയായിരുന്നു.

ഇസഹാക്ക് ഏഴാം ക്ലാസ്സിലെ പരീക്ഷ എഴുതി വരുമ്പഴാണ് വല്യപ്പന്‍ കുളിമുറിയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ജിബിച്ചന്‍ സ്റ്റുഡിയോയില്‍ ഒരു പാട്ടിന്റ കമ്പോസിങ്ങിനു തബല കൊട്ടാന്‍ പോയിരുന്നു. മോളമ്മ പുതിയ ചുരിദാറു തയ്പ്പിക്കാന്‍ വാഴക്കാലായിലെ തുണിക്കടയില്‍ പോയിരുന്നു. ഇസഹാക്ക് ആ കാഴ്ച കണ്ടു ഒന്നു പകച്ചെങ്കിലും ഇന്നത്തെ ക്രിക്കറ്റ് കളിയില്‍ സിക്‌സര്‍ അടിക്കുമെന്നു തലേന്നു ബെറ്റു വെച്ചതു ഓര്‍ത്തു.

വല്യപ്പന്റെ കാലില്‍ ഉമ്മ കൊടുത്തു ബാഗ് കുളിമുറിയില്‍ തന്നെ വച്ചിട്ടു ഇസഹാക്ക് സിക്‌സര്‍ അടിക്കാന്‍ പോയി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഇസഹാക്കിന്റെ കുറ്റി തെറിച്ചപ്പോള്‍ വല്യപ്പന്‍ ശാപമാണെന്നു സ്വയം വിശ്വസിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഹാളില്‍ കിടത്തിരിക്കുന്ന വല്യപ്പനു മുന്നില്‍ കിടന്നു മോളമ്മ കരഞ്ഞു തുടങ്ങി.

കൊച്ചി മെട്രോസ്റ്റുഡിയോയില്‍ തബലയില്‍ അടുത്ത വായിക്കാന്‍ പോകുന്ന നോട്ടിന്റ താളം ഇടുമ്പോഴാണ് അയല്‍പക്കം കാരനായ അഹമദാലിയുടെ കോള്‍ വന്നത്. വിരലുകളില്‍ താളം മുറികിയതു കൊണ്ടു എടുത്തില്ല. അലി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ അസ്വസ്ഥതയില്‍ ജിബിച്ചന്‍ കോളെടുത്തു.

”ജിബിച്ചാ നിന്റെ അപ്പന്‍ പോയി. കുളിമുറിയില്‍ തൂങ്ങി…” വലതു ചെവിയില്‍ നിന്നു ‘നോക്കിയ’ ഫോണ്‍ തബലയുടെ നെഞ്ചില്‍ വീണു അപശ്രുതി ഇട്ടു. വെള്ള പുതപ്പിച്ച് ജീവനില്ലാതെ കിടക്കുന്നഅപ്പനെ ഒരുപാട് കാലത്തിനു ശേഷം ജിബിച്ചന്‍ സ്‌നേഹത്തോടെ നോക്കി. അപ്പന്‍ ഉറങ്ങുകയാണെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തോറ്റുപോയി..! മനസ്സ് എത്രനൊന്തിട്ടായിരിക്കും ഈ കടുംകൈ ചെയ്തത്. നാളെയെ വെട്ടിപ്പിടിക്കാന്‍ താന്‍ ഓടിയപ്പോള്‍ അപ്പനെ അറിഞ്ഞില്ല. ഇഷ്ടങ്ങള്‍ അറിഞ്ഞില്ല..!

”അടക്കം എവിടെ വച്ചാ..? തീരുമാനങ്ങളൊക്കെ എടുക്കണ്ടേ..?” അഹമ്മദാലി ഓര്‍മ്മപെടുത്തി

”എന്റപ്പനെ എനിക്ക് അമ്മച്ചി ഉറങ്ങുന്ന മണ്ണില്‍ തന്നെ കിടത്തണം…”

”അതിനു വണ്ടന്‍ മേട്ടിലെ സ്ഥലവും വീടും വിറ്റില്ലേ..?”

”വിറ്റ പറമ്പില്‍ അടക്കണം. അമ്മച്ചിയുടെകുഴിമാടത്തിനോട് ചേര്‍ന്ന്..! അല്ലെങ്കില്‍ അപ്പനും എനിക്കും സ്വസ്ഥത കിട്ടില്ല…” മോളമ്മയേയും ഇസഹാക്കിനേയും കൂട്ടി ആംബുലന്‍സില്‍ അപ്പനേയും കൊണ്ടു വണ്ടന്‍ മേട്ടിലേക്കു പോകുമ്പോള്‍ ജിബിച്ചനു മുന്നില്‍ ഉത്തരങ്ങള്‍ ഇല്ലായിരുന്നു. ചോദ്യങ്ങള്‍ മാത്രം..! വെള്ളപുതച്ച അപ്പനെയവണ്ടിയിലിരുന്നു തഴുകിയപ്പോള്‍ മോളമ്മ നെടുവീര്‍പ്പിട്ടു.

”ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ചെയ്തിരുന്നെങ്കില്‍…” തോമസ് ആന്റണി എന്ന ഏല കച്ചവടക്കാരനു വിറ്റ ജിബിച്ചന്റ പഴയ വീടിന്റെ വഴിയിലേക്കു ആംബുലന്‍സു വന്നു നിന്നു. വണ്ടി കണ്ടപ്പോള്‍ നാട്ടുകാര്‍ ഓടി കൂടി. അവര്‍ കാരണം അറിഞ്ഞു.

അതു പലരിലേക്കു മറിഞ്ഞു മറിഞ്ഞുപഞ്ചായത്തിലെത്തി തോമസ് ആന്റണിയിലെത്തി. എല്ലവരും അവിടേക്കെത്തി.

”അതെങ്ങനെ ശരിയാവും ജിബിച്ചാ. പണ്ട് അപ്പന്‍ അദ്ധ്വാനിച്ചുണ്ടാക്കിയത് ശരി തന്നെ. ഇന്ന് ആ ഭൂമിക്കു മറ്റൊരവകാശിയാ…”

”അത്രയും സ്ഥലത്തിന്റെ കാശ് ഞാന്‍ തരും രണ്ടു മാസത്തിനകം. ഉറപ്പിനു കാക്കനാട്ടെ വീട് ഇടുതരാം…” അയാള്‍ ആന്മാര്‍ത്ഥമായി കരഞ്ഞപ്പോള്‍ തോമസ് ആന്റണിയുടെ മനാസലിഞ്ഞു. ഇരുട്ടു വീണു തുടങ്ങാന്‍ നേരം കുഴിയിലിറക്കിവെച്ച അപ്പന്റെ പെട്ടിയില്‍ ജിബിച്ചന്‍ മണ്ണിട്ടു. മാപ്പുപറച്ചില്‍ പോലെ..!

ആത്മാവ് മാപ്പു കൊടുത്തില്ലെന്നു വിശ്വസിച്ച ഇരുപത് വര്‍ഷങ്ങള്‍..! അപ്പന്‍ പോയിട്ടു ഇന്നു ഇരുപത് ആണ്ട് തികയുകയാ.

പള്ളിയിലെ ആദ്യകുര്‍ബ്ബാനക്ക് ശേഷം മേടയില്‍ ചെന്നു അച്ചനെ കണ്ടു ഇന്നലെ രാത്രി കറിവെച്ച താറാവ് ഇറച്ചികൊടുത്തിറങ്ങുമ്പോഴാണ് ഇസഹാക്കിന്റ വിളി.

”അപ്പാ ഞാന്‍ വീട്ടിലുണ്ട്. പള്ളിയില്‍ നിന്നു അമ്മച്ചിയെ കൂട്ടി പെട്ടെന്നു വാ…” ജിബിച്ചന്‍ ആകുലപ്പെട്ടു. മകന്റെ പോക്ക് ഈയിടെ ശരിയല്ലാന്നു തോന്നി തുടങ്ങിരിക്കുന്നു. വീട്ടില്‍ ഇസഹാക്കിന്റെ കൂടെ ഒരു പെണ്ണ്.

”ഇത് മഞ്ചു. മൂന്നുവയസ്സിനു മൂപ്പാ. ഞങള്‍ റെജിസ്ട്രര്‍ ചെയ്തു…” കാന്‍സര്‍ ചികിത്സ നടത്തി തലയിലെ മുടി കൊഴിഞ്ഞ മോളമ്മക്കു മകന്റെ ധൈര്യം കണ്ടു പരവേശപ്പെട്ടു വീണു. അടുക്കളയില്‍ നിന്നു വെള്ളമെടുത്ത് മുഖത്തു തളിച്ചു മോളമ്മയെ ഉണര്‍ത്തിയത് ഇസഹാക്കിന്റ പുതിയ പെണ്ണാ.
”മഞ്ചു സൗദിയില്‍ നെഴ്‌സാ…”

ഇസഹാക്ക് അതും പറഞ്ഞ് അമ്മച്ചിയെ ആശ്വസിപ്പിച്ചു. മഞ്ചു സൗദിക്കു പോയപ്പോള്‍ ഇസഹാക്കി ജോലിക്കു പോകാതെ വീട്ടിലിരുപ്പായി. അവള്‍ അയക്കുന്ന മണി ഓര്‍ഡറില്‍ ഇസഹാക്ക് പുതിയ ജീവിതം കണ്ടു.

”അപ്പാ…ഞാനിനി ജോലിക്കു പോകുന്നില്ല. മഞ്ചുവിനു ഇഷ്ടമല്ല…”

”ഞങ്ങളെ ആരു നോക്കും. നിന്റെ അമ്മയുടെ മരുന്നിനു എന്തു ചെയ്യും…” ജിബിച്ചന്റ സംശയം ഇസഹാക്ക് തീര്‍ന്നു.

”എല്ലാം മഞ്ചു നോക്കും. അവളെ ആരോ ഗര്‍ഭിണി ആക്കിയപ്പോ ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. ആ നന്ദി അവള്‍ക്കുണ്ട്…” പറയാന്‍ നാണം പോലും ഇല്ലാത്ത വിധം ഇസഹാക്ക് മദ്യത്തിനു അടിമ ആയിരുന്നു.

മോളമ്മ മകനെ ഓര്‍ത്തു ജിബിച്ചന്റ നെഞ്ചില്‍ വീണു കരഞ്ഞു. എവിടെയാണ് പിഴച്ചത്..? ജിബിച്ചന്‍ എപ്പോഴും ചിന്തയിലായി. ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് വന്നതറിഞ്ഞ് ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ടു മഞ്ചു നാട്ടിലെത്തി.

”മോളമ്മയുടെ ചികിത്സക്കു പണയപ്പെടുത്തിയതാ. തിരിച്ചടക്കാന്‍ ഞങ്ങളെ കൊണ്ടു പാങ്ങില്ല. ഇവളിപ്പോഴും മരുന്ന് കഴിക്കുകയാ…” ജിബിച്ചന്‍ മഞ്ചുവിനോടു കഴിഞ്ഞ കാലങ്ങളെ വെളിപ്പെടുത്തുമ്പോള്‍ ഇസഹാക്ക് പിതൃത്വം ഏറ്റെടുത്ത് കുഞ്ഞിനെ തൊട്ടിലാട്ടി.

”കടങ്ങളൊക്കെ ഞാന്‍ വീട്ടാം. പക്ഷേ, അപ്പച്ചന്‍ ഈ വീടും പറമ്പും എന്റെ പേരില്‍ എഴുതി തരണം…” ജിബിച്ചനും മോളമ്മയും ഒരുപോലെ ഞെട്ടി. കേട്ടിട്ടും ഇസഹാക്ക് ആട്ടം നിര്‍ത്തിയില്ല.

”ആലോചിച്ചു പറഞ്ഞാല്‍ മതി. ഭര്‍ത്താവും അപ്പനും അമ്മയും ഒക്കെ ശരിയാ. പക്ഷേ, എല്ലാത്തിനും കണക്കുണ്ടാവണം…” ആ രാത്രിയില്‍ പുറത്ത് നല്ല മഴ പെയ്തു. ആ മഴ നനഞ്ഞ് ജിബിച്ചനും മോളമ്മയും സ്വപ്നങ്ങളില്ലാത്തവരെ പോലെ സംസാരിച്ചു.

”ജിബിച്ചായാ…വണ്ടന്‍ മേട്ടില്‍ പോയി അപ്പനോടു ചോദിക്കാം. അപ്പന്‍ പറയട്ടെ…” മോളമ്മ കരഞ്ഞോ..? ഇരുട്ടു നിറഞ്ഞമഴയില്‍ ജിബിച്ചന്റ സംശയം. വണ്ടന്‍ മേട്ടിലെ അപ്പനും അമ്മച്ചിയുംഉറങ്ങുന്ന മണ്ണു നോക്കി ജീബിച്ചന്‍ കുറെ നേരം നിന്നു. ആ നിശബ്ദത അപ്പനെ കാര്യങ്ങള്‍ ധരിപ്പിച്ച സംസാരമായിരുന്നു. അവന്‍ ചുറ്റും നോക്കി. താന്‍ ജനിച്ച മണ്ണ്. ഇപ്പോള്‍ അവിടെ വീടില്ല. പക്ഷേ, കുരുമുളകു തോട്ടം ഉണ്ട്. അപ്പന്റെ അദ്ധ്വാനം..! അടക്കിയ മണ്ണില്‍ പുല്ലു വളര്‍ന്ന് തന്റെ കുടുംബം പോലെ ആയിരിക്കുന്നു. അപ്പന്റയും അമ്മച്ചിയുടേയും നെഞ്ചില്‍ കിടക്കണമെന്നു തോന്നി. നിലത്തേക്കു കിടന്നു. നെഞ്ചിലെ ഭാരം കുറഞ്ഞ പോലെ ജിബിച്ചന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

”അപ്പാ നിങ്ങളുടെ വേദന ഇത്രയും ശാപമായിരുന്നോ..?”

”മഞ്ചുവിന്റ അച്ഛനും അമ്മയും ഇങ്ങോട്ടു താമസിക്കാന്‍ വരുകയാ. അവരുടെ വീടല്ലേ. പറ്റില്ലാന്നു പറയാന്‍ പറ്റുമോ..?” അപ്പനോടും അമ്മയോടും പറയാന്‍ അവന്‍ കൂടുതല്‍ കുടിച്ചിരുന്നു. പിന്നെ വേച്ചുവേച്ചു മുറിയിലേക്കു പോയി. തങ്ങള്‍ അധികപ്പറ്റാണെന്ന യാഥാര്‍ഥ്യം ജിബിച്ചന്‍ തിരിച്ചറിഞ്ഞു. എങ്ങോട്ടു പോകും..? മോളമ്മയുടെ ചികിത്സ..? അയാളുടെ മനസ്സ് മോളമ്മ വായിച്ചെടുത്തു….”

പഴയ രണ്ടു ബാഗുകളില്‍ ഡ്രസ്സുകള്‍ കുത്തി നിറച്ച് കഷണ്ടി പിടിച്ച തലയിലൂടെ സാരി മറച്ച് മോളമ്മ ജിബിച്ചന്റ കൈപിടിച്ചു. അയാളില്‍ അത്ഭുതം. എന്തൊരു ആത്മവിശ്വാസമാ.

”നമ്മുടെ മോനോടു യാത്ര ചോദിക്കണ്ടെ..?” അവര്‍ ഇസഹാക്കിന്റെ മുറിയിലേക്കു ചെന്നു ഓര്‍മ്മ കേടില്‍ ഉറങ്ങുന്ന മകനെ രണ്ടു പേരും നോക്കി. തങ്ങളുടെ മകന്‍.

”വിളിക്കണ്ട. ഉറങ്ങിക്കോട്ടെ..! അവന്റ ഓര്‍മ്മയില്‍ നമ്മളെ സ്‌നേഹിച്ചാല്‍ മതി…” മോളമ്മ അപ്പോള്‍ മാത്രം കരഞ്ഞു. രാത്രിയില്‍ കടത്തിണ്ണയില്‍ തുണി വിരിച്ചു രണ്ടു പേരും കിടന്നു. പുതിയ ലോകത്ത്..! രാവിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നൂറു കണക്കിനു ബസ് നോക്കി രണ്ടു പേരും നിന്നു.

”മോളമ്മേ നമ്മള്‍ എങ്ങോട്ടാ പോകേണ്ടത്..?” അപ്പോള്‍ അയാള്‍ ഒരു കുട്ടിയെ പോലെ ആയിരുന്നു. ദിക്കറിയാത്ത… വഴിയറിയാത്ത..! അയാള്‍ ഒരുപാട് സങ്കടപ്പെടുന്നെന്നു എന്ന് മോളമ്മക്ക് അറിയാരുന്നു.

”അച്ചായാ…കഴിക്കാന്‍ വാങ്ങിയിട്ടുവാ…” അയാള്‍ പോയപ്പോള്‍ മോളമ്മ നോക്കി നിന്നു. അവള്‍ക്കിഷ്ടപ്പെട്ട മസാല ദോശ വാങ്ങി വന്നപ്പോള്‍ മോളമ്മയെ കണ്ടില്ല. തെരഞ്ഞു…ഓടി നടന്നു…നിലവിളിച്ചു. എന്നിട്ടും മോളമ്മയെ കണ്ടില്ല. പിന്നെയും ഓടി…ഒരുപാട്…മോളമ്മയെ തേടി…ആ ഓട്ടം വന്നു നിന്നത് ഇവിടെ. രണ്ടു കൊല്ലം മുമ്പ്. ഫാദര്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സിനിമാക്കഥ പോലെ ഞാന്‍ കേട്ടിരുന്നു.

”മോളമ്മയെ പറ്റി വല്ല വിവരവും..?”

”അവര്‍ അന്നേ മരിക്കാന്‍ പോയതാവും. ജീവിക്കാനാണെങ്കില്‍ ജിബിച്ചനെ വിട്ടു പോവില്ലായിരുന്നു…” ഫാദര്‍ പറഞ്ഞപ്പോള്‍ ശരിയാന്നെന്നു എനിക്കും തോന്നി. ചികിത്സാ ചിലവും തന്നെ ഓര്‍ത്തുള്ള ജിബിച്ചന്റ ആധിയും ആയിരിക്കാം മോളമ്മയെ അങ്ങനെ ചിന്തിപ്പിച്ചത്.

”വോക്കല്‍ കോഡിനു കാന്‍സറാ. ഒരു വര്‍ഷം മുമ്പ് ശബ്ദവും നഷ്ടപ്പെട്ടു…” ഫാദര്‍ പറഞ്ഞു തീരുമ്പഴേക്കും ഞങ്ങള്‍ക്കുള്ള ചായയുമായി ജിബിച്ചന്‍ എത്തി. ഞാന്‍ ചായ കുടിക്കുമ്പോള്‍ ഫാദര്‍ പറഞ്ഞു.

”ഇപ്പോ ഓര്‍മ്മ കേടും ഉണ്ട്. അതൊരു തരത്തില്‍ അനുഗ്രഹായി. അത്രയും കുറച്ചു മനസ്സു വേദനിച്ചാല്‍ മതിയല്ലോ…”

ഷൂട്ടിംഗ് കഴിഞ്ഞ് കാറില്‍ കയറുമ്പോ ഒരിക്കല്‍ കൂടി ജിബിച്ചനെ നോക്കി. അയാള്‍ മാവിന്‍ ചുവട്ടില്‍ ഇരിക്കുന്നു.

അടുത്ത പാട്ടുപാടാനുള്ള പുറപ്പാടാ..!

അയാള്‍ പാടി തുടങ്ങിയപ്പോള്‍ ശബ്ദമില്ലാത്ത ആ പാട്ടിലൂടെ ഞങ്ങളുടെ കാര്‍ ഗേറ്റ് കടന്നുപുറത്തേക്കു പോയി…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments