സുല്‍ത്താന്‍ ബത്തേരി: തനിക്കെതിരെ സാമ്പത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ അഡ്വ. ടി.എം. റഷീദ് മുഖേനയാണ് നോട്ടീസ് അയച്ചത്.
ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കല്‍പറ്റ പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനം വിളിച്ച് മാപ്പുപറയുക, ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അല്ലാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസില്‍ പറയുന്നു.
പനവല്ലി, മുത്തങ്ങ സമരങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ താന്‍ ആദിവാസികളുടെ ക്ഷേമത്തിന് ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനാണ് ജെ.ആര്‍.പി സംസ്ഥാന നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നത്.
അവര്‍ ഭാരവാഹികളല്ല. ഭാരവാഹികളെന്നുള്ള ലെറ്റര്‍പാട് കൃത്രിമമായി തയാറാക്കിയാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത എഴുതിക്കൊടുത്തത് നോട്ടീസില്‍ വിശദീകരിച്ചു.