കടപ്ര (പത്തനംതിട്ട): കോവിഡിന്റെ പുതിയ വകഭേദം ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ സ്ഥിരീകരിച്ചു. നാലുവയസ്സുള്ള ആണ്‍കുട്ടിയിലാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിലെ കടപ്രയിലാണ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലക്കാട്ട് രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന ശേഷി കൂടുതലുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം.
കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലുള്ള കുട്ടിക്ക് മേയ് 24നാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗമുക്തനായി. ന്യൂഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍.ഐ.ജി.ഐ.ബി.യില്‍ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനം നടത്തിയിരുന്നു. ഇതിലൂടെയാണ് വകഭേദത്തിന്റെ സ്ഥിരീകരണം.
കടപ്രയില്‍ ജില്ലാഭരണകൂടം കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടി താമസിക്കുന്ന വാര്‍ഡ് നിലവില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. ടി.പി.ആര്‍. 18.42 ശതമാനമാണ്. പ്രദേശത്തെ കോവിഡ് രോഗികളെ കരുതല്‍വാസ കേന്ദ്രത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചതായി പത്തനംതിട്ട കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.