തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) യു.എസ്.എ ചെയര്‍മാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷററുമായ ജെയിംസ് കൂടല്‍ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്.
കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത്
1994 മുതല്‍ ബഹ്‌റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിൻ്റേത്. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (അമേരിക്ക) ചെയർമാൻ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്, ബെഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഉപദേശക സമിതി അംഗം, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, ജയ്ഹിന്ദ് ചാനല്‍ ബഹ്‌റൈന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡൈ്വസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ‘പറയാനുള്ളത് ‘ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ലോക കേരളസഭയില്‍ ഉയര്‍ത്തികാട്ടുമെന്നും പ്രവാസികളുടെ ഉന്നമനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഫലമായി ലോക കേരളസഭ ഫലപ്രദമായി നടത്തുമെന്ന ഉറപ്പിന്മേലാണ് കോൺഗ്രസ്സ് – യുഡിഎഫ് പ്രതിനിധികൾ വീണ്ടും ലോക കേരള സഭയുമായി സഹകരിക്കുവാൻ നേതൃതലത്തിൽ തീരുമാനമായത്.