തൃശൂര്‍: 30 കോടി രൂപ വിലമതിക്കുന്ന 19 കിലോ തിമിംഗല ഛര്‍ദിലുമായി (ആംബര്‍ ഗ്രിസ്) 3 പേര്‍ വനം വകുപ്പ് ഫ്‌ലയിങ് സ്ക്വാഡിന്റെ പിടിയില്‍. വാടാനപ്പിള്ളി രായംമരയ്ക്കാര്‍ റഫീഖ് (47), പാലയൂര്‍ കൊങ്ങണം വീട്ടില്‍ ഫൈസല്‍ (40), എറണാകുളം വടക്കുംഭാഗം ശ്രീമൂലനഗരം കരിയക്കര ഹംസ (49) എന്നിവരാണു പിടിയിലായത്.
സുഗന്ധദ്രവ്യ അസംസ്കൃത വസ്തുക്കളിലൊന്നായ തിമിംഗല ഛര്‍ദില്‍ കേരളത്തില്‍ നിന്നു പിടിക്കപ്പെടുന്നത് ആദ്യമായാണെന്നു സൂചനയുണ്ട്.
വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക 2ല്‍ പെടുന്നതാണു തിമിംഗലം എന്നതിനാല്‍ ഇതു കൈവശപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. വാങ്ങാനെന്ന വ്യാജേന ഫ്‌ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്‍ റഫീഖുമായി ഫോണില്‍ സംസാരിച്ച പ്പോള്‍ 30 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഇതിനിടെ ഇവര്‍ ചേറ്റുവയിലുണ്ടെന്നു കണ്ടെത്തി പിടികൂടുകയായിരുന്നു. തിമംഗല ഛര്‍ദില്‍ എവിടെ നിന്നെന്നു പ്രതികള്‍ വനംവകുപ്പ് സംഘത്തോടു വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു സംഘത്തില്‍ നിന്നു വാങ്ങിയതാണെന്നും മറിച്ചുവില്‍ക്കാനായിരുന്നു ശ്രമമെന്നും പറയുന്നു. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ബന്ധമുണ്ടോ എന്നതും അറിവായിട്ടില്ല.
തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുക