പി പി ചെറിയാന്‍
കാലിഫോര്‍ണിയ: സെന്‍ട്രല്‍ കാലിഫോര്‍ണിയായിലെ ഒരു വീട്ടില്‍ അക്രമികള്‍ എന്ന് കരുതുന്ന രണ്ടുപേര്‍ നടത്തിയ വെടിവെപ്പില്‍ കൗമാരക്കാരിയായ മാതാവും, ഇവരുടെ ആറു മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടതായി ടുലെയര്‍ കൗണ്ടി ഷെറിഫ് മൈക്ക് ബോഡ്രിക്‌സ് ജനുവരി 16 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ച പുലര്‍ച്ചയാണ് വെടിവെപ്പുണ്ടായത്. മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് എത്തിചേര്‍ന്നുവെങ്കിലും ഇതിനിടയില്‍ വെടിവെപ്പു നടത്തിയെന്ന് കരുതുന്നവര്‍ രക്ഷപ്പെട്ടിരുന്നു.
17 വയസ്സുള്ള മാതാവിനും, ആറു മാസം പ്രായമുള്ള കുഞ്ഞിനും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്.
വെടിയേറ്റ ചിലര്‍ വീട്ടിനകത്തും, ചിലര്‍ വീടിനു പുറത്തുള്ള റോഡിലുമാണ് കിടന്നിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ വെടിയൊച്ച കേട്ടതോടെ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആറു പേരും കൊല്ലപ്പെട്ടിരുന്നു.
മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി കൗണ്ടി ഷെറിഫ് അറിയിച്ചു. ലക്ഷ്യം വെച്ചുള്ള വെടിവെപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.