പാലാ: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം തന്നെ തെരഞ്ഞെടുത്തതില്‍ പ്രതികരണമറിയിച്ച് ജോസിന് ബിനോ. ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന് ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസിന് ബിനോ പറഞ്ഞു.
താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം ജോസിനെ തെരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ബിനു തെരഞ്ഞെടുപ്പിന് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ലെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു.
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു. നേരത്തെ ബി ജെ പി നേതാവായിരുന്നു ബിനു, പിന്നീട് സി പി എമ്മില്‍ ചേര്‍ന്ന് മത്സരിച്ച് നഗരസഭാംഗമാവുകയായിരുന്നു.
26 അംഗ കൗണ്‍സിലില്‍ ഭരണമുന്നണിയായ എല്‍ ഡി എഫിന് 17ഉം യു ഡി എഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് അംഗങ്ങളായുള്ളത്. എല്‍ ഡി എഫിന്റെ 17 ല്‍ 11 കേരള കോണ്‍ഗ്രസ് എം അംഗങ്ങളാണ്. സി പി എം 4, എന്‍ സി പി 1, സി പി ഐ 1 എന്നിങ്ങനെയാണ് ഇടത് പക്ഷത്തെ മറ്റ് പാര്‍ട്ടികളുടെ നില.
യു ഡി എഫില്‍ കോണ്‍ഗ്രസിന് അഞ്ചും , കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് മൂന്നും അംഗങ്ങളാണുള്ളത്. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ എല്‍ ഡി എഫിന് ആദ്യമായി പാലാ നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചിരുന്നു. ഇന്നത്തെ തിരഞ്ഞെടുപ്പോടെ ആദ്യമായി സി പി എമ്മിന് അധ്യക്ഷ സ്ഥാനവും ലഭിക്കുകയായിരുന്നു.