Thursday, March 28, 2024

HomeMain Storyമഹാത്മാഗാന്ധി; ഇന്ത്യയുടെ ആത്മാവില്‍ എന്നും തുടിക്കുന്ന ദീപ്ത സ്മരണ

മഹാത്മാഗാന്ധി; ഇന്ത്യയുടെ ആത്മാവില്‍ എന്നും തുടിക്കുന്ന ദീപ്ത സ്മരണ

spot_img
spot_img

1948 ജനുവരി 30

ഏതാനും ചുവടുകള്‍ മാത്രമേ മഹാത്മാവിന് ആ പ്രാര്‍ത്ഥനാമണ്ഡപത്തിലേക്കെത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളു. അതിനു മുമ്പ് നാഥുറാം വിനായക് ഗോഡ്‌സെയുടെ ഉള്ളംകൈയില്‍ ഒളിപ്പിച്ചു പിടിച്ചിരുന്ന ഇറ്റാലിയന്‍ ബരേറ്റ പിസ്റ്റളില്‍ നിന്ന് മൂന്നു വെടിയുണ്ടകള്‍ ശോഷിച്ച ആ നെഞ്ചിലേക്കുയര്‍ന്നു.

”ഹേ റാം…” എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം നിലത്തേക്ക് വീണു. മഹാത്മാഗാന്ധി എന്ന ലോകപ്രകാശം അണഞ്ഞു. മാനവരാശി ഇരുട്ടിലായി. ഗാന്ധിജിയില്ലാത്ത കാലത്തിലൂടെ നമ്മുടെ യാത്ര 75 വര്‍ഷത്തിലെത്തി നില്‍ക്കുന്നു. ഒപ്പമില്ലെങ്കിലും ഗാന്ധിജി എന്ന ആശയം നമ്മെ മുന്നോട്ടു നയിക്കുന്നു. അതിന് മരണമില്ല.

ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം. 75-ാം രക്തസാക്ഷി ദിനത്തില്‍ എത്തി നില്‍ക്കുമ്പോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രാഷ്ട്രപിതാവിന്റെ സ്ഥാനം ഇന്നും മഹാത്മാഗാന്ധിക്ക് മാത്രം.

സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നമ്മള്‍ കാണുന്നത്.

അന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വൈകി. പതിവായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു.

ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്സെയെ വിലക്കി. എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്സെയെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി.

ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥൂറാം ഗോഡ്സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്സെയെ അറസ്റ്റു ചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു.

ഈ വിചാരണ കാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. നാഥൂറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ സഹായികളായിരുന്ന മറ്റു ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്സെയെയും അപ്തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.

കുറ്റവിചാരണ സമയത്ത് കോടതിയില്‍ നാഥൂറാം ഗോഡ്സെ പറഞ്ഞത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ‘ഞാനും എന്റെ സംഘവും ഗാന്ധിയന്‍ അഹിംസയെ കുറിച്ച് വിമര്‍ശിക്കുന്നതില്‍ പ്രസക്തിയുണ്ടായിവില്ലായിരിക്കും. പക്ഷേ, തന്റെ വീക്ഷണങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഗാന്ധിജി, മുസ്ലീങ്ങളോട് പക്ഷാപാതം കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു സമൂഹത്തോടും അതിന്റെ താത്പര്യങ്ങളോടും മുന്‍വിധി പുലര്‍ത്തിക്കൊണ്ടായിരുന്നു അത്’, ഗോഡ്സെയുടെ വാക്കുകള്‍.

1948 ജനുവരി 30 നാണ് ഹിന്ദുത്വ തീവ്രവാദിയായ നാഥൂറാം വിനായക് ഗോഡ്സെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത്. ”നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്…” എന്ന് ബിര്‍ല ഹൗസിന്റെ ഒരു ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ലോകത്തോട് പ്രഖ്യാപിച്ചു.

നാഥുറാം വിനായക് ഗോഡ്സെ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കറെ, വി ഡി സവര്‍ക്കര്‍, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ ഗോഡ്സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാരായണ്‍ ആംപ്തേയും ഗോപാല്‍ ഗോഡ്സെയും നാഥൂറാം ഗോഡ്സെയെ സഹായിച്ചു. കൃത്യത്തിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് മറ്റുള്ളവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. പ്രതികളെല്ലാം സവര്‍ക്കറുടെ അനുയായികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച നാഥൂറാം വിനായക് ഗോഡ്സെ ഹിന്ദു മഹാസഭയുടെയും പിന്നീട് ആര്‍എസ്എസിന്റെയും പ്രവര്‍ത്തകനായിരുന്നു. 1940 കളില്‍ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദള്‍ എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദു മഹാസഭയും ഗോഡ്സെയും ആള്‍ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനെയും എതിര്‍ത്തിരുന്നു. സവര്‍ക്കറുടെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നു ഗാന്ധിവധത്തില്‍ പ്രതികളായവരും. ഹിന്ദു- മുസ്ലീം ഐക്യത്തില്‍ മുന്‍നിര്‍ത്തിയുള്ള ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളാണ് സവര്‍ക്കരെയും കൂട്ടരെയും പ്രകോപിതരാക്കിയത്.

”എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം…” എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓര്‍മ്മപ്പെടുത്തുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments