തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നല്‍കിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പി.വി.സി പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയില്‍ ആവശ്യപ്പെട്ടു.
ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ ഗുരുതരപിഴവ് പുറത്തുവന്നതോടെ ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിലെ അപാകവും ചര്‍ച്ചയായിട്ടുണ്ട്. കോപ്പിയടി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയിലെ ഒരു മുന്‍ പി.വി.സി.യുടെ പ്രബന്ധത്തിന്റെ മുഖ്യഭാഗവും കോപ്പിയടിയാണെന്ന് തെളിഞ്ഞിട്ടും തുടര്‍നടപടികള്‍ ഭരണസ്വാധീനത്തില്‍ സ്തംഭിച്ചിരുന്നു.
അതേസമയം ഒരു എല്‍.പി.എസ് വിദ്യാര്‍ത്ഥിക്കു പോലും അറിയാവുന്ന കാര്യം പോലും തെറ്റായി പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയ ചിന്തയ്ക്ക് ഗൈഡായവരും ഡോക്ടറേറ്റ് നല്‍കയവരുമൊക്കെ കുറ്റക്കാരാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലോവര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ പോലും അറിയാവുന്ന ചെറിയ കാര്യത്തെ ഇത്രത്തോളം വലിയ പ്രോജക്ടില്‍ തെറ്റായി ചേര്‍ക്കുകയും അതിന് ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ യൂണിവേഴ്‌സിറ്റിയുടെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.
ചിന്താ ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത് ഇംഗ്‌ളീഷ് സാഹിത്യത്തിലാണ്. കേരള യൂണിവേഴ്‌സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നുള്ളതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രബന്ധമായിരുന്നു ചിന്ത തയ്യാറാക്കിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റേയും സിനിമകളെന്നും പ്രബന്ധത്തില്‍ എടുത്തു പറഞ്ഞിരുന്നു. ഇതിനിടയിലാണ് ‘വാഴക്കുല’ എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് എഴുതിയിരിക്കുന്നതും. ചങ്ങമ്പുഴ എഴുതിയ വാഴക്കുലയെന്ന കവിതയെ വൈലോപ്പിള്ളിയുടേതാക്കിയാണ് ചിന്ത പ്രബന്ധത്തില്‍ മാറ്റിയിരിക്കുന്നത്. വൈലോപ്പള്ളി അല്ല വൈലോപ്പിള്ളിയെന്നതാണ് ശരി.
ഗവേഷണ ഫലമായി ഒരു പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ ഒത്തിരി പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ അത്തരം പരിശോധനകളൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ഇവിടെ പ്രബന്ധം സമര്‍പ്പിച്ച വിദ്യാര്‍ത്ഥി മുതല്‍ സര്‍വ്വകലാശാലയുടെ അധിപനായ വിസി വരെ കുറ്റക്കാരനാണെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥി, പ്രബന്ധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഗൈഡുമാര്‍, യൂണിവേഴ്‌സിറ്റി, പ്രബന്ധ വിധികര്‍ത്താവ്, വൈസ് ചാന്‍സലര്‍ എന്നിവരെയെല്ലാം ഈ വിഷയം ഗുരുതരമായി ബാധിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഗവേഷണം പോലെ ഇത്രയും പ്രധാനമായ ഒരു സംഗതിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തെ ആരും മറിച്ചുപോലും നോക്കിയിട്ടില്ലെന്ന വസ്തുതയാണ് ഈ ഗുരുതരമായ തെറ്റിലൂടെ തെളിയുന്നതെന്നാണ് യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നതും.
ഏറെ വര്‍ഷമെടുത്താണ് ഗവേഷണ പഠനം പൂര്‍ത്തിയാക്കിയതെന്ന് ചിന്ത വ്യക്തമാക്കിയിട്ടുണ്ട്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ലെന്നുള്ളതാണ് യൂണിവേഴ്‌സിറ്റിയെ പ്രതിസന്ധിയില്‍ നിര്‍ത്തുന്നത്. ഇക്കാര്യത്തില ആരെങ്കിലും പരാതിയുമായി എത്തിയാല്‍ നടപടിയെടുക്കുകയല്ലാതെ സര്‍വ്വകലാശാലയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് പുറത്തു വരുന്ന വിവരം.
അങ്ങനെ വരികയാണെങ്കില്‍ ചിന്തയുടെ ഡോക്ടറേറ്റ് തന്നെ തിരിച്ചെടുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2021 ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. അതേസമയം പ്രബന്ധത്തില്‍ തെറ്റുണ്ടായതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചിന്താ ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചത്.