തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. പൊളിച്ച കല്ലറയ്ക്ക് സമീപമാണ പുതിയ കല്ലറ പണിതത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് നാമജപയാത്രയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു.
സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഗോപന്റെ മകന്‍ സനന്ദന്‍ മാപ്പ് ചോദിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും സനന്ദന്‍ പറഞ്ഞു. ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരാനുണ്ട്. അത് ലഭിച്ച ശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക ഘട്ടത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, മരണത്തിന്റെ ദുരൂഹത നിങ്ങാന്‍ ഫോറന്‍സിക്, കെമിക്കല്‍ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിന്‍കര സിഐ പറഞ്ഞു.
അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്നത് തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദന്‍ പറഞ്ഞു. അച്ഛന്‍ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകന്‍ പറഞ്ഞു.