സിഡ്‌നി: എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഓസ്‌ട്രേലിയ കറന്‍സി നോട്ടില്‍ നിന്ന് മാറ്റി. A$5 കറന്‍സിയില്‍ നിന്നാണ് ചിത്രം മാറ്റിയത്. രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകല്‍പന നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു.
ഫെഡറല്‍ സര്‍ക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു. നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ചിത്രം തന്നെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് എലിസബത്ത് രാജ്ഞി മരിച്ചത്. ഭരണഘടനാപരമായി രാജവാഴ്ച ഉള്ള സ്ഥലമെന്ന നിലയില്‍, എലിസബത്ത് രാജ്ഞിയുടെ മരണം ഓസ്ട്രേലിയയില്‍ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. 1999-ലെ ഹിതപരിശോധനയില്‍ ബ്രിട്ടീഷ് രാഞ്ജിയെ രാജാവിനെ രാഷ്ട്രത്തലവനായി നിലനിര്‍ത്താന്‍ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു.
അമ്മയുടെ മരണശേഷം ബ്രിട്ടീഷ് രാജാവായി മാറിയ ചാള്‍സ് മൂന്നാമന്‍ രാജാവ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെയ്ക്ക് പുറത്തുള്ള മറ്റ് 12 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രത്തലവനാണ്. ആചാരപരമായി മാത്രമാണ് ഈ സവിശേഷ അധികാരമുള്ളത്.
ചാള്‍സ് രാജാവിന്റെ ചിത്രം എലിസബത്ത് രാജ്ഞിയുടേതിന് പകരം A$5 നോട്ടുകളില്‍ വരില്ലെന്ന് 2022 സെപ്തംബറില്‍ ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. പകരം ഓസ്ട്രേലിയന്‍ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ വന്നേക്കാമെന്നും പറഞ്ഞിരുന്നു. ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ടില്‍ രാജ്ഞിയുടെ ചിത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നത് അവരുടെ രാജപദവി പരിഗണിച്ചായിരുന്നില്ലെന്നും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നെന്നും ഓസ്‌ട്രേലിയ പറഞ്ഞു.
പുതിയ 5 ഡോളര്‍ നോട്ട് നോട്ട് രൂപകല്‍പന ചെയ്യുന്നതില്‍ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് രൂപകല്‍പന ചെയ്ത് അച്ചടിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് വിതരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനും സ്വദേശീയരെ അംഗീകരിക്കുന്നതിനും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളില്‍ അവരുമായി കൂടിയാലോചന നടത്തുന്നതിനും മറ്റുമുള്ള നീക്കത്തിന് ഓസ്ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബര്‍ ഗവണ്‍മെന്റ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടിലെ ചിത്രം മാറ്റാനുള്ള തീരുമാനം. പുതിയ നീക്കങ്ങള്‍ക്കായി ഹിതപരിശോധന നടക്കാനിരിക്കുകയാണ്.
2021-ല്‍, ഓസ്ട്രേലിയ ദേശീയ ഗാനം ഔദ്യോഗികമായി ഭേദഗതി ചെയ്തിരുന്നു. തങ്ങളുടെ തദ്ദേശീയര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതയാണെന്ന് തിരിച്ചറിയണമെന്ന ആഹ്വാനങ്ങള്‍ക്കിടെയായിരുന്നു രാജ്യം ”യുവവും സ്വതന്ത്രവും” ആണെന്ന പരാമര്‍ശം ദേശീയഗാനത്തില്‍ നിന്ന് നീക്കം ചെയ്തത്.