Friday, March 29, 2024

HomeMain Storyപര്‍വേസ് മുഷറഫ് മരണത്തിന് കീഴടങ്ങിയത് സ്വന്തം നാടുകാണാന്‍ നിയോഗമില്ലാതെ

പര്‍വേസ് മുഷറഫ് മരണത്തിന് കീഴടങ്ങിയത് സ്വന്തം നാടുകാണാന്‍ നിയോഗമില്ലാതെ

spot_img
spot_img

ദുബായ്: സൈനിക മേധാവിയായിരിക്കെ പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയും പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ച മൂന്ന് യുദ്ധങ്ങളിലും (1965, 1971, 1999) പാക്കിസ്ഥാന്‍ സൈന്യത്തെ നയിക്കുകയും ചെയ്ത പര്‍വേസ് മുഷറഫ് ഒടുവില്‍ നാടുകാണാതെ മരണത്തിന് കീഴടങ്ങി. നാഡിവ്യൂഹത്തെ ബാധിക്കുന്ന അമിലോയിഡോസീസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സയിലിക്കവെ ദുബായില്‍ വച്ചായിരുന്നു അന്ത്യം.

1999 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്നു മുന്‍ സൈനിക മേധാവിയും കരസേന മേധാവിയുമായ റിട്ട.ജനറല്‍ പര്‍വേസ് മുഷറഫ്. 2001-ല്‍ കരസേന മേധാവി സ്ഥാനം നിലനിര്‍ത്തി പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് 2008-ല്‍ ഇംപീച്ച്‌മെന്റിന് മുന്‍പ് രാജിവച്ചു.

സയ്യിദ് മുഷ്‌റഫുദ്ദിന്റെയും ബീഗം സെറിന്റെയും മകനായി 1943 ഓഗസ്റ്റ് 11ന് ഡല്‍ഹിയില്‍ ജനനം. 1947-ലെ വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. 1961-ല്‍ മിലിട്ടറിയില്‍ ചേര്‍ന്ന മുഷറഫ് റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ്, പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവില്‍ 1964-ല്‍ പാക്ക് സൈനിക സര്‍വീസിലെത്തി.

രണ്ട് തവണ ബ്രിട്ടണില്‍ സൈനിക പരിശീലനം നേടി. 1965-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ സെക്കന്റ് ലഫ്റ്റനന്റായിരുന്ന മുഷറഫ് അന്ന് ഖേംകരണ്‍ സെക്ടറില്‍ പാക്ക് സൈന്യത്തെ നയിച്ചു. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമാന്‍ഡറായിരുന്ന അദ്ദേഹത്തിന് അന്ന് നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരില്‍ ഉന്നത ബഹുമതികള്‍ ലഭിച്ചു.

ബേനസീര്‍ ഭൂട്ടോ പ്രസിഡന്റായിരിക്കെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തസ്തികയിലെത്തി. 1998-ല്‍ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് സൈനിക മേധാവിയായിരിക്കെയാണ് പാക്ക് സൈന്യം 1999-ല്‍ കാര്‍ഗിലില്‍ കയ്യേറ്റം നടത്തിയത്. 1999 ഒക്ടോബറില്‍ നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് നീക്കി. 1999-ല്‍ മുഷറഫിന്റെ ശ്രീലങ്ക സന്ദര്‍ശനത്തിനിടെയായിരുന്നു പുറത്താക്കല്‍. ഇത് നടപ്പിലാക്കാന്‍ സൈന്യത്തിലെ ഉന്നതര്‍ വിസമ്മതിച്ചു.

തുടര്‍ന്ന് ശ്രീലങ്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷറഫിന്റെ വിമാനത്തിന് കറാച്ചിയില്‍ ഇറങ്ങാന്‍ ഷെരീഫ് അനുവാദം നല്‍കിയില്ല. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം ഒടുവില്‍ ഇന്ധനം തീരുന്നതിന് തൊട്ട് മുന്‍പാണ് നിലത്തിറക്കാനായത്. ഇതിന് ശേഷം സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച മുഷറഫ് നവാസ് ഷെരീഫിനെ പുറത്താക്കുകയും ജയിലിലടക്കുകയും ചെയ്തു. തുടര്‍ന്ന് 2001 വരെ പാക്ക് പ്രതിരോധ സേനയുടെ സമ്പൂര്‍ണ്ണ മേധാവിയായി പട്ടാളഭരണകൂടത്തിന് നേതൃത്വം നല്‍കി.

2001-ല്‍ കരസേന മേധാവി സ്ഥാനം നിലനിര്‍ത്തി പ്രസിഡന്റായി സ്ഥാനമേറ്റു. ജയിലിലടക്കപ്പെട്ട നവാസ് ഷെരീഫ് മുഷറഫുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് ഷരീഫും കുടുംബവും രാജ്യം വിട്ടു. 1999 മുതല്‍ 8 വര്‍ഷം ഭരിച്ചപ്പോഴേക്കും ജനപിന്തുണ നഷ്ടമായ മുഷറഫിന് 2007 പ്രതിസന്ധികളുടെ വര്‍ഷമായിരുന്നു. 2007 മാര്‍ച്ചില്‍ ചീഫ് ജസ്റ്റീസ് ഇഫ്തിഖര്‍ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിന് പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. ചീഫ് ജസ്റ്റീസിനെ തിരിച്ചെടുത്ത് കൊണ്ടുള്ള പാക്ക് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ രംഗം കലുഷിതമാക്കി.

2007 നവംബര്‍ 27ന് കരസേന മേധാവി സ്ഥാനം രാജിവച്ച മുഷറഫ് 2007 ഡിസംബറില്‍ മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് മുഷറഫിനെതിരെ ഒരുമിച്ച് നീങ്ങാന്‍ ആസിഫലി സര്‍ദാരിയും നവാസ് ഷെരീഫും തീരുമാനിച്ചു. 2008-ല്‍ പി.പി.പി-പി.എം.എല്‍ (എന്‍) ഭരണ സഖ്യം ദേശീയ അസംബ്ലിയില്‍ ഇംപീച്ച്‌മെന്റ് കൊണ്ട് വരാനുള്ള അന്തിമ തീരുമാനത്തിലെത്തി. ഇംപീച്ച്‌മെന്റ് ഉറപ്പായതോടെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് പ്രസിഡന്റ് പദവി രാജിവച്ചു.

പിന്നീട് ദുബായിലെത്തിയ ശേഷം 2013-ലാണ് പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. പാക്ക് അവാമി ഇത്തേഹാദ് (പി.എ.ഐ) എന്ന പേരില്‍ 23 രാഷ്ട്രീയ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് 2013-ല്‍ രൂപം നല്‍കി രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭരണഘടന വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016 മാര്‍ച്ചില്‍ ചികിത്സക്കായി ദുബായില്‍ തിരിച്ചെത്തിയ മുഷറഫ് പിന്നീട് മാതൃരാജ്യത്തേക്ക് പോയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments