ഓസ്റ്റിന്‍: മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി ഐ.ടി പ്രഫണല്‍ ജെയ്‌സണ്‍ ജോണിനെ കാണാതായിട്ട് ബൂധനാഴ്ച മൂന്നു ദിവസം പിന്നിടുന്നു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ലേഡി ബേര്‍ഡ് ലേക്കില്‍ താല്കാലികമായി നിര്‍ത്തിവച്ച തെരച്ചില്‍ ബുധനാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളത്തിനടിയിലൂടെഡ്രോണ്‍ അയച്ച്പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം ജെയ്സനെ അവസാനമായി കണ്ടതെന്നു കരുതുന്ന വ്യക്തിയുമായി ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സംസാരിച്ചു. ജെയ്സനെ കാണാതായതെന്നു കരുതുന്ന തടാകത്തിന്റെ ഭാഗം ഇദ്ദാഹം ചൂണ്ടിക്കാണിച്ചു. ഇയാള്‍ പോലീസിനെ വിളിക്കാനും മറ്റും ശ്രമിക്കുന്നത് കണ്ടതായി സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരു അമേരിക്കക്കാരനും സ്ഥിരീകരിച്ചു.
ന്യു യോര്‍ക്കിലുള്ള പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ് ജെയ്‌സന്റെ കുടുംബം. അമ്മയും മറ്റും ന്യൂയോര്‍ക്കിലാണ്. മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനാണ് ജെയ്‌സണ്‍. ഐ. ടി രംഗത്തു പ്രവര്‍ത്തിക്കുന്ന ജേസണ്‍ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനില്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി പാര്‍ട്ടിക്ക് ശേഷം താമസസ്ഥലേത്തേക്കു മടങ്ങുകയായിരുന്നു.
കഴിഞ്ഞ 5-ാം തീയതി ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ജെയ്സണ്‍ ജോണിനെ കാണാതായത്. പുലര്‍ച്ചെ ഏകദേശം 2:18 നാണ് ജെയ്‌സനെ അവസാനമായി വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തടാകത്തിന്റെ എതിര്‍വശത്തുള്ള ഒരു ഹോളിഡേ ഇന്നില്‍ നിന്നും വീഡിയോ ദൃശ്യമുണ്ട്. ലോക്കല്‍ പോലീസ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഡൈവിങ്ങ് ടീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇതുവരെ ലേക്കിന്റെ ഓരോ ഭാഗവും വിശദമായി മണിക്കൂറുകളോളം തിരഞ്ഞെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല.