പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ‘കാണാനില്ല’. കോടതി നടപിട ഭയന്ന് കാര്‍ ഒളിവിടത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കളക്ടര്‍ ദിവ്യ എസ് അയ്യരുടെ കാര്‍ മാത്രമല്ല, എ ഡി എം, ഹുസൂര്‍ ശിരസ്‌തേദാര്‍, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ, ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ എന്നിവരുടെ വാഹനങ്ങളും കളക്ട്രേറ്റ് മുറ്റത്ത് നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
കോടതി അമീന്‍ കളക്ട്രേറ്റ് പരിസരത്ത് രണ്ട് തവണ വന്നുവെന്ന സൂചന ലഭിച്ചതോടെയാണ് വാഹനങ്ങള്‍ മാറ്റിയത്. വാഹനങ്ങള്‍ മാത്രമല്ല, കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ കിടക്കുന്നു പണവും പിന്‍വലിച്ചിട്ടുണ്ട്.
പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ല്‍ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി 38 ലക്ഷം രൂപ കോടതി നഷ്ടപരിഹാരമായി വിധിച്ചിരുന്നു. പലിശയടക്കമുള്ള ഈ തുക നല്‍കിയില്ലെങ്കില്‍ കളക്ടറുടേതുള്‍പ്പെടെ വാഹനങ്ങള്‍ ജപ്തിചെയ്യാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കോടതി ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്ന വിവരം കിട്ടിയതോടെയാണ് കാറും അക്കൌണ്ടിലെ പണവും മാറ്റിയത്.
വാഹനം മാറ്റിയതോടെ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഇപ്പോള്‍ തിരുവല്ല സബ് കളക്ടറുടെ വാഹനത്തിലാണ് യാത്ര. ബോര്‍ഡ് ഉള്‍പ്പടെ ഔദ്യോഗിക വാഹനമാണ് എന്നതിന്റെ ഒരു സൂചനയും ഈ വാഹനത്തിലില്ല. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നല്‍കേണ്ടത് പി ഡബ്ലൂ ഡിയാണെങ്കിലും കളക്ടറേറ്റില്‍നിന്നു പണം ആവശ്യപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചില്ല.
കേസ് എപ്രില്‍ 14 ന് മുമ്പ് തീര്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം കെട്ടിവെച്ചാല്‍ ജപ്തി നടപടി ഒഴിവാകുമെന്നാണ് പ്രതീക്ഷ. സ്ഥലം മാറിപ്പോയ സബ്കളക്ടര്‍ക്ക് പകരം നിയമനം ഇല്ലാതായതോടെയാണ് തിരുവല്ലയിലെ വാഹനം കളക്ടര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചത്.
ജനുവരി ആറിനാണ് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി സ്ഥലം മാറിപ്പോയത്. പുതിയ ആള്‍ എത്താതായതോടെ റവന്യു ഡിവിഷന്‍ ഓഫീസ് ഇന്‍ ചാര്‍ജ് ഭരണത്തിലായിട്ട് 50 ദിവസം പിന്നിട്ടു. സ്ഥിരം ചുമതലയ്ക്ക് ആളില്ലാത്തത് സേവനങ്ങള്‍ക്കെത്തുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്.