ലഖ്‌നോ: യുപിയിലെ കുഷിനഗറില്‍ വിഷാംശം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്.
യുപിയിലെ കുശിനഗര്‍ ജില്ലയിലെ കസ്യയിലുണ്ടായ ദാരുണ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
മരിച്ചകുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമര്‍ (2) എന്നിവരാണ് മരിച്ച മൂന്ന് പേര്‍. സമീപത്ത് താമസിച്ചിരുന്ന അഞ്ച് വയസുകാരന്‍ അരുണും മരിച്ചിട്ടുണ്ട്.
ദിലിപ് നഗര്‍ വില്ലേജിലെ താമസക്കാരിയായ മുഖ്യദേവിയ്ക്ക് വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച പ്ലാസ്റ്റിക് ബാഗ്ല്‍ കുറച്ച് നാണയങ്ങളും മിഠായികളും ഉണ്ടായിരുന്നതായി കുശിനഗര്‍ അഡി. ജില്ലാ മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പറഞ്ഞു. ദേവിയാണ് മിഠായി കൊച്ചുമക്കള്‍ക്ക് നല്‍കിയത്. കൂടാതെ അയല്‍പക്കത്തെ ഒരു കുട്ടിക്കും അത് നല്‍കി.
മിഠായി കഴിച്ചതോടെ കുട്ടികള്‍ ബോധരഹിതരായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.