മോസ്കോ: യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് റഷ്യ. അടുത്ത ഘട്ടത്തില്‍ കിഴക്കന്‍ യുക്രൈനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുക്രൈന്റെ സൈനികശേഷി വലിയ രീതിയില്‍ കുറയ്ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രൈന്‍ വ്യോമസേനയെയും, വ്യോമപ്രതിരോധ സേനയെയും തകര്‍ത്തതായും നാവിക സേനയെ ഇല്ലാതാക്കിയെന്നും റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു.
ലുഹാന്‍സ്ക് ഡോണ്‍ബാസ് പ്രദേശത്തിന്‍റെ സമ്ബൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ലുഹാന്‍ ഒബ്ലാസ്റ്റിന്‍റെ 93 ശതമാനം പ്രദേശവും റഷ്യന്‍ പിന്തുണയുള്ള യുക്രൈന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോണ്‍ബാസ്കിന്‍റെ 54 ശതമാനം പ്രദേശവും ഇവര്‍ കീഴടക്കി കഴിഞ്ഞു.
മരിയുപോളിനായുള്ള യുദ്ധവും തുടരുകയാണ്. ക്രിമിയയില്‍ നിന്ന് ലുഹാന്‍സ്ക് ഡോണ്‍ബാസ്ക് പ്രദേശം വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി കീഴടക്കാനാണ് റഷ്യ ശ്രമിക്കുന്നത്. സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും, പരമാവധി നാശനഷ്ടം ഒഴിവാക്കാന്‍ ശ്രമിച്ചെന്നും റഷ്യ ആവര്‍ത്തിച്ചു.