ന്യൂഡല്‍ഹി: കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
സര്‍വേയെയും കല്ലിടലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു.
കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂവുടമകള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കെ റെയില്‍ സര്‍വേ റദ്ദാക്കണമെന്നും കല്ലുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകള്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭൂനിയമപ്രകാരവും സര്‍വേ ബോര്‍ഡ് ആക്‌ട് പ്രകാരവും സംസ്ഥാന സര്‍ക്കാരിന് സര്‍വേ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.