ബ്രഹ്മപുരം തീപിടിത്തതില്‍ പൊലീസ് അന്വേഷണവും വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. തീപിടിത്തത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
ബ്രഹ്‌മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍, എയര്‍ഫോഴ്‌സ്, ബി പി സി എല്‍, എച്ച് പി സി എല്‍, സിയാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫാക്‌ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും അണിചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്ബുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- മുഖ്യമന്ത്രി പറഞ്ഞു.