തിരുവനന്തപുരം: നിയസഭയില്‍ പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് വലിയ പ്രശ്‌നത്തില്‍ കലാശിച്ചത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്.
സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. അതിനിടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
പ്രതിഷേധിച്ച എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചു നീക്കി. നിരന്തരമായി അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കേണ്ട സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.
ബ്രഹ്‌മപുരം വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രസ്താവന കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി സ്പീക്കറുടെ ഓഫീസിലേക്ക് ഉപരോധത്തിന് എത്തിയത്. പോത്തന്‍കോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
സ്പീക്കറുടെ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാല്‍ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകള്‍ക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. തുടര്‍ന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്’-മന്ത്രി സ്പീക്കറോട് പറഞ്ഞു.