ന്യൂഡല്‍ഹി: സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി.
ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാര്‍ച്ച് 23) മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇനി ലോക്സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ എട്ട് പ്രകാരവുമാണ് നടപടി.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. മേല്‍കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
2019 ഏപ്രില്‍ 13ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. തുടര്‍ന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. തുടര്‍ന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തു. പരമാവധി രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
അതേസമയം, ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.