ന്യൂയോര്‍ക്ക്: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ.
യു എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. കൊലപാതകങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
യുക്രൈനിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണം. സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ഉടന്‍ നടപടിയെടുക്കണം. നയതന്ത്രതല ചര്‍ച്ചകലിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യുദ്ധത്തിന്റെ തുടക്കഘട്ടം മുതലേ ഇന്ത്യ ആവശ്യപ്പെടുന്നതാണെന്നും ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.
വരും ദിവസങ്ങളില്‍ യുക്രൈന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു.