കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘമാണ് മൊഴിയെടുത്തത്. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിള്‍ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞുവെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് പല ഓഡിയോ സന്ദേശങ്ങളും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതുകൂടാതെ, ദിലീപിന്റെ വീട്ടില്‍ വെച്ചു മുമ്പും, പിന്നീട് വധഗൂഢാലോചനയുമായി ബന്ധപ്പെട്ടും നിരവധി ശബ്ദസന്ദേശങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ഫോണുകളില്‍ നിന്ന് ലഭിച്ചതടക്കമുള്ള ശബ്ദസന്ദേശങ്ങളില്‍ നിന്ന് ദിലീപിന്റേയും മറ്റു പ്രതികളുടേയും ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവാര്യരുടെ മൊഴിയെടുത്തത്. ദിലീപും സുഹൃത്ത് ബൈജു ചെങ്ങമനാടും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്‍രെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു.
ഇതില്‍ ”ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു…” എന്ന് ദിലീപ് പറയുന്നുണ്ട്. ഈ ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായാണ് വിവരം.
ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ ശബ്ദരേഖ കണ്ടെടുത്തത്. എന്നാല്‍ ഇത് തന്റെ ശബ്ദരേഖയല്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് ആരോ തനിക്ക് അയച്ചു തന്നതാണെന്നാണ് കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിഭര്‍ത്താവ് സുരാജ് എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍വിളികളുടെ ഓഡിയോ ക്ലിപ്പും മഞ്ജുവിനെ അന്വേഷണസംഘം കേള്‍പ്പിച്ചു. അതും മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.