Monday, December 2, 2024

HomeMain Storyഡോ. വിജയ ലക്ഷ്മിയെ തടഞ്ഞുവെച്ച കേസില്‍ എ.എ. റഹീം എം.പിക്കെതിരെ അറസ്റ്റ് വാറന്റ്

ഡോ. വിജയ ലക്ഷ്മിയെ തടഞ്ഞുവെച്ച കേസില്‍ എ.എ. റഹീം എം.പിക്കെതിരെ അറസ്റ്റ് വാറന്റ്

spot_img
spot_img

തിരുവനന്തപുരം: രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ മുന്‍ സെക്രട്ടറിയുമായിരുന്ന എ.എ. റഹീം എം.പിക്കെതിരെ അറസ്റ്റ് വാറന്റ്. എസ്.എഫ്.ഐയുടെ കേരള യൂണിവേഴ്‌സിറ്റി സമരത്തിനിടെ സ്റ്റുഡന്റ്‌സ് സെന്റര്‍ സര്‍വിസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയ ലക്ഷ്മിയെ തടഞ്ഞുവെച്ച കേസിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്റെതാണ് ഉത്തരവ്.

കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറന്റ് നല്‍കിയത്. എ.എ. റഹീം, മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്. അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം. അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, അപര്‍ണ ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.

നേരത്തെ സമര കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.

അതിനിടെ ഇരയോടൊപ്പം നില്‍ക്കേണ്ട സ്റ്റേറ്റ്തന്നെ പ്രതികളോടൊപ്പം നില്‍ക്കുന്ന സാഹചര്യമാണു തന്റെ കേസിലുണ്ടായതെന്ന് ഡോ. ടി.വിജയലക്ഷ്മി. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടര്‍ ആയിരുന്ന ടി.വിജയലക്ഷ്മിയെ സ്റ്റുഡന്റ്‌സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മണിക്കൂറോളം തടഞ്ഞുവച്ചു ചീത്ത വിളിച്ചതും ദേഹോപദ്രവം ഏല്‍പിച്ചതും വിവാദമായിരുന്നു.

തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക. സമരത്തിനു നേതൃത്വം നല്‍കിയ അന്നത്തെ സിന്‍ഡിക്കേറ്റ് അംഗമായിരുന്ന എ.എ.റഹിം എംപിക്കെതിരെ കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു ടി.വിജയലക്ഷ്മിയുടെ പ്രതികരണം.

അധ്യാപക ജോലി ഇഷ്ടമായിരുന്നെന്നും നാളത്തെ തലമുറയെ മാതൃകാപരമായി വാര്‍ത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറഞ്ഞു. ‘കുറേ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാന്‍. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.

വളരെ വിഷമിച്ച് മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞ്, പ്രതിഷേധം നടന്ന മുറിക്കു പുറത്തിറങ്ങിയപ്പോള്‍, ഇതൊക്കെ അവരുടെ പതിവ് രീതിയാണു, കാര്യമാക്കേണ്ട എന്നാണു പലരും പറഞ്ഞത്. ഇതൊക്കെ തെറ്റാണെന്ന് അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍പോലും ആരും ഉണ്ടായില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ പോയാല്‍ പ്രശ്‌നമാണ്, ജീവനു ഭീഷണിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്.

ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. കേരളത്തെപോലുള്ള പരിഷ്‌കൃത സമൂഹത്തിലാണ് ഒരു സ്ത്രീയെ ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. അവര്‍ ആവശ്യപ്പെട്ട ബില്‍ പാസായി എന്നു പറഞ്ഞിട്ടും എന്നെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. കേസില്‍നിന്നു പിന്‍മാറാന്‍ ഉപദേശിച്ചവരും ഭീഷണിപ്പെടുത്തിയവരും ഉണ്ട്. ജോലി ചെയ്യുന്ന മേഖലയില്‍ പ്രശ്‌നം ഉണ്ടാകുമെന്നു പറഞ്ഞവരുണ്ട്.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ ആരെങ്കിലും മുന്നോട്ടു വരണ്ടേ. ഇവര്‍ മാപ്പുപോലും പറയില്ല എന്ന് അറിയാം. എങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ അവര്‍ തെറ്റു ചെയ്തു എന്നു കാണിച്ചു കൊടുക്കാനായി. കേസിനു പോയതിനു ഫലവും കാണുന്നുണ്ട്. നേതാക്കള്‍ പറയാത്തതു കേള്‍ക്കാത്ത ഓഫിസര്‍മാരെ വിരട്ടുന്ന രീതി ഒരു പരിധിവരെ അവസാനിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയിലും അത്തരം സംഭവം ഉണ്ടായിട്ടില്ല.

സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാര്‍ട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. എന്റെ അനുഭവം അതാണ്. അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച വാര്‍ത്ത കേട്ടതില്‍ സന്തോഷം ഉണ്ട്. അധ്യാപന മേഖലയില്‍ പ്രശ്‌നങ്ങളുണ്ടായി. സെമിനാറുകളില്‍നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകള്‍ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്. നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷം. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞു’ടി.വിജയലക്ഷ്മി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments