കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്ത് രഹസ്യരേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു.
ചോര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ എ ഡയറിയില്‍ നിന്നുള്ളതാണെന്നും അത് രഹസ്യരേഖയല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയാണെന്നും അതില്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം, ജീവക്കാരെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്താന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. അതിന് അധികാരം കോടതിക്കാണെന്നും വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസിലെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയിരുന്നു. ഇതിന് ദിലീപ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.
കോടതിയിലെ രഹസ്യരേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്. മൂന്ന് ഹര്ജികളും മേയ് ഒമ്ബതിന് പരിഗണിക്കാനായി മാറ്റി.