സൂറിക് : റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ (69) കാമുകിയെന്ന് പറയപ്പെടുന്ന അലീന കബയേവ (39) മാര്‍ച്ച് അവസാനം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും റഷ്യക്ക് പോയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുട്ടിന്റെ കാമുകി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണെന്നത് ഇതേവരെ ഊഹാപോഹങ്ങള്‍ ആയിരുന്നെങ്കില്‍, കബയേവയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് വാസത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ നിരത്തുകയാണ് മാധ്യമങ്ങള്‍.
റഷ്യയുടെ മുന്‍ ഒളിംപിക് ജിംനാസ്റ്റിക് മെഡല്‍ ജേതാവുകൂടിയായ കബയേവ 2015 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുട്ടിനില്‍ നിന്നും ഗര്‍ഭം ധരിച്ച കുഞ്ഞിന് ജന്മം നല്‍കാനാണ് ഇങ്ങോട്ട് വരുന്നത്.
ടെസ്സിന്‍ പ്രവിശ്യയിലെ ലുഗാനോയിലെ സെന്റ് അന്നാ ക്ലിനിക്കില്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷം ലൂഗോനോയില്‍ അതിസമ്പന്നര്‍ താമസിക്കുന്ന താടകക്കാഴ്ചകളുള്ള വില്ലയിലായിരുന്നു ഏറെക്കാലം. പെണ്‍കുഞ്ഞിനെ കൂടാതെ ഇരട്ട ആണ്‍കുട്ടികളും ഇവര്‍ക്കുള്ളതായിട്ടാണ് പറയപ്പെടുന്നത്.
കൂറ്റന്‍ മതിലുകള്‍ വേര്‍തിരിച്ച ഇവരുടെ താമസസ്ഥലത്തെ സ്വകാര്യ ഹെലിപാഡില്‍ നിന്നും പതിവായി ഹെലികോപ്റ്ററുകള്‍ വന്നു പോയിരുന്നതായി സമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ലൂഗോനോയിലും ജനീവയിലും പൊതുസമൂഹത്തില്‍ നിന്നും അകന്നായിരുന്നു കബയേവയുടെ ജീവിതം.
സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും നല്‍കുന്ന പ്രാധാന്യമാണ് കാമുകിയെ ഒളിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തിരഞ്ഞെടുക്കാന്‍ പുട്ടിനെ പ്രേരിപ്പിച്ചതെന്നാണ് അനുമാനം.
റഷ്യയും അവിടെയുള്ള അതിസമ്പന്നരും ലോകമെമ്പാടും സാമ്പത്തിക നിയന്ത്രണങ്ങളില്‍ വലയുമ്പോള്‍, പുട്ടിന്റെ കാമുകി അലീന കബയേവയ്ക്കെതിരെ യുഎസ്സില്‍ അടക്കം ലോകത്തെവിടെയും ഒരു നിരോധനവും നിലനില്‍ക്കുന്നില്ല.