ന്യൂയോര്‍ക്ക്: നടി സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധത്തിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങി. മന്‍ഹാറ്റന്‍ കോടതിയില്‍ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നില്‍ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
2008 ല്‍ രതിചിത്ര നടി സ്റ്റോമി ഡാനിയേല്‍സുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ 2016 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണു കേസ്. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ്. ഫ്‌ലോറിഡയിലെ വസതിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണു ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. ട്രംപ് ടവറില്‍നിന്നാണു കോടതിയിലേക്കു പോയത്. കോടതിപരിസരത്ത് ട്രംപിന്റെ അനുയായികള്‍ തടിച്ചുകൂടിയിരുന്നു.
കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് ട്രംപ് മന്‍ഹാറ്റന്‍ കോടതിയില്‍ എത്തിയത്. കോടതിയുടെ 15ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികള്‍. കുറച്ചുപേര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചത്.
2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി രതിചിത്ര നടി സ്റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത്