പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചു. ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി വിമാനത്താവള നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണിത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കിയതോടെയാണു ക്ലിയറന്‍സ് ലഭിച്ചത്. എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടം.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കല്‍, നിര്‍മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കല്‍, കണ്‍സല്‍റ്റന്‍സി നിയമനം എന്നിവയാണു തുടര്‍നടപടികള്‍. ഭൂമിയേറ്റെടുത്തു കഴിഞ്ഞാല്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളിലേക്കും കടക്കാം.