തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഭരണത്തിനു വേഗം പോരെന്നും മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലുകള്‍ പോലും ഉദ്യോഗസ്ഥതല അലസത മൂലം ഇഴയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായും സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കിയത് 50% ഫയല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദേശിക്കുന്ന ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ അലസത കാട്ടുന്നതിനാല്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരാകേണ്ടി വരുന്നു. 7 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ഭരണാനുമതി നല്‍കുകയും ചെയ്താലും പലതും നടപ്പാകുന്നില്ല. എന്തു കൊണ്ടാണിത് സംഭവിക്കുന്നത്? ഉദ്യോഗസ്ഥര്‍ സഹകരിക്കണം.
വകുപ്പുകളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഉപദേശം തേടി ധനവകുപ്പിലേക്ക് അയയ്ക്കുന്ന രീതി വര്‍ധിച്ചുവരുന്നു. ധനവകുപ്പ് ഉപദേശം കൊടുക്കുന്നതിനു പകരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. കാലതാമസത്തിന്റെ പ്രധാന കാരണം ഇതാണ്. കെഎഎസുകാര്‍ പരിശീലനം കഴിഞ്ഞു ജൂലൈയോടെ എത്തും. അപ്പോഴേക്കും ഭരണ സംവിധാനം കുറേക്കൂടി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. പദ്ധതി നിര്‍വഹണം പ്രായോഗികതലത്തിലേക്കു നീങ്ങണമെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ എത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമര്‍ഥരായി വാര്‍ത്തെടുക്കുന്ന സംസ്‌കാരം ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ മുന്‍പ് ഉണ്ടായിരുന്നു. അതിന് ഇപ്പോള്‍ മാറ്റം വന്നു. പുതിയവര്‍ സ്വയം പഠിക്കട്ടെയെന്ന മനോഭാവം ഉണ്ട്. അവരെ പരിശീലിപ്പിക്കുന്നതു തങ്ങളുടെ ജോലിയല്ലെന്ന സ്വാര്‍ഥത ബലപ്പെടുന്നുമുഖ്യമന്ത്രി പറഞ്ഞു. ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറി സമാഹരിച്ചു മുഖ്യമന്ത്രിക്കു കൈമാറും. ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനല്‍ ചീഫ് സെക്രട്ടറി വി.വേണു, നിയമ സെക്രട്ടറി ഹരി വി.നായര്‍ എന്നിവര്‍ പങ്കെടുത്തു.