സൂറത്ത്: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി കോടതി. 2019-ലെ ‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്.
കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇതോടെ രാഹുലിന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യം വീണ്ടും ഉയര്‍ന്നു.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാല്‍ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.
രാഹുലിന്റെ അപേക്ഷയില്‍ ഈ മാസം 13ന് കോടതി 5 മണിക്കൂര്‍ വാദം കേട്ടിരുന്നു. മാപ്പ് പറയാന്‍ കൂട്ടാക്കാത്ത രാഹുല്‍ അഹങ്കാരിയാണെന്നും സ്റ്റേ നല്‍കരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി നേതാവുമായ പൂര്‍ണേശ് മോദിയുടെ വാദം.