ന്യൂഡല്‍ഹി: കേരളത്തിലെ വനംവകുപ്പ് ഇന്ത്യയെ നാണംകെടുത്തുന്നതായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. വെള്ളനാട്ട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിലാണ് വിമര്‍ശനം. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയം. ചത്തത് അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരടിയാണ്. കരടിയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആ?വശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.10നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വീഴ്ച. മയക്കുവെടിവെച്ച് പിടികൂടി പുറത്തെത്തിച്ച് വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. മയക്കുവെടിയേറ്റ കരടി റിങ് നെറ്റില്‍ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി വെള്ളത്തില്‍ വീണ് ചാവുകയായിരുന്നു.
രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയുണ്ടായതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവെക്കരുതെന്ന മാനദണ്ഡം ലംഘിച്ചു.
രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും മയക്കുവെടിവെച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറിയെന്നും മയക്കുവെടിക്കുശേഷം 50 മിനിറ്റോളം കരടി വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രണ്ട് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും.