ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍, കൊമേഴ്‌സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനവും ഉള്‍പ്പെടുന്നു.
”ഞങ്ങളുടെ പ്രസിഡന്റ് സെപ്റ്റംബറില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ പര്യടനമാണിത്” ദക്ഷിണ-മധ്യേഷ്യയിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡോണാള്‍ഡ് ലു പറഞ്ഞു. 2023 ഇന്ത്യ-യുഎസ് ബന്ധത്തിന് ഒരു ‘വലിയ വര്‍ഷമാണ്’ എന്ന് അദ്ദേഹം നിരീക്ഷിച്ചു.
”ഇത് ഒരു വലിയ വര്‍ഷമായിരിക്കും. ഇന്ത്യ ജി20യ്ക്ക് ആതിഥേയത്വം വഹിക്കുന്നു. യുഎസ് അപ്പെക്കിന് ആതിഥേയത്വം വഹിക്കുന്നു. ജപ്പാന്‍ ജി7ന് ആതിഥേയത്വം വഹിക്കുന്നു. നേതൃപരമായ റോളുകള്‍ ഏറ്റെടുക്കുന്ന ധാരാളം ക്വാഡ് അംഗങ്ങളുണ്ട്. നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇത് നല്‍കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ജി-20 വിദേശകാര്യ മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നന്ദിയുള്ളവരാണെന്നും ഈ വര്‍ഷം വരാനിരിക്കുന്ന നിരവധി ജി-20 മീറ്റിങ്ങുകളില്‍ സജീവമായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.