ന്യൂയോര്‍ക്ക്: പുരുഷന്മാര്‍ക്കു തുല്യമായി സ്ത്രീകളെ പരിഗണിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന തുല്യാവകാശ ഭേദഗതി യുഎസ് സെനറ്റിന്റെ പരിഗണനയില്‍ എത്തി. റിപ്പബ്ലിക്കന്‍ പക്ഷം എതിര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭരണഘടനാ ഭേദഗതി നീക്കം പരാജയപ്പെടുമെന്നാണു വിലയിരുത്തല്‍. ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുഎസ് സുപ്രീം കോടതി കഴിഞ്ഞവര്‍ഷം വിധി പറഞ്ഞിരിക്കെ, ഭേദഗതി ഏറെ അനിവാര്യമാണെന്നാണു ഡെമോക്രാറ്റുകളുടെ നിലപാട്.
1923ലാണ് തുല്യാവകാശ ഭേദഗതി ആദ്യം ചര്‍ച്ചയ്ക്കു വന്നതെങ്കിലും 1972 ല്‍ മാത്രമാണ് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചത്. യുഎസ് നിയമപ്രകാരം ഭരണഘടനാ ഭേദഗതികള്‍ക്ക് അന്‍പതില്‍ 38 സംസ്ഥാനങ്ങളുടെയെങ്കിലും അനുമതി വേണം. 2020 ല്‍ മാത്രമാണ് 38ാം സംസ്ഥാനമായി വെര്‍ജീനിയ ഇതിനെ അനുകൂലിച്ചത്.
എന്നാല്‍ ഇക്കാര്യത്തിലെ 10 വര്‍ഷ സമയപരിധി 1982 ല്‍ അവസാനിച്ചതിനാല്‍ നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങണമെന്നായിരുന്നു അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. സമയപരിധി വ്യവസ്ഥ ആവശ്യമില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ സെനറ്റിനു മുന്നിലുള്ളത്.
സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും 60 പേരെങ്കിലും പിന്തുണച്ചാലേ ഭേദഗതി പാസാകൂ. അംഗീകരിക്കപ്പെട്ടാലും നിയമക്കുരുക്കിനാണു സാധ്യത. വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുകൂല നിലപാടെടുത്ത ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഭേദഗതിക്ക് എതിരാണ്.
ഭേദഗതി പാസായാല്‍ സ്ത്രീകള്‍ക്കു തുല്യ വേതനവും നിയമ അവകാശങ്ങളും ലഭിക്കുമെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഗര്‍ഭഛിദ്ര അവകാശം നിയമപരമാകുമെന്നും സൈനികസേവനം സ്ത്രീകള്‍ക്കു നിര്‍ബന്ധിതമാകുമെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം.