കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിമര്‍ശനവുമായി കഥാകൃത്ത് ടി.പത്മനാഭന്‍ രംഗത്ത്. മാമുക്കോയയെ വേണ്ടവിധം ആദരിക്കാന്‍ ഒരു സിനിമാക്കാരനും വന്നില്ലെന്ന സംവിധായകന്‍ വി.എം.വിനുവിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നിലപാട് ശരിയാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന വിനുവിന്റെ പ്രസ്താവനയും ശരിയാണെന്ന് പത്മനാഭന്‍ പറഞ്ഞു. നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് പത്മനാഭന്‍ ചൂണ്ടിക്കാട്ടി.
”മാമുക്കോയയെ അദ്ദേഹത്തിന്റെ കബര്‍സ്ഥാനിലേക്കുള്ള യാത്രയിലോ കബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാന്‍ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതില്‍ സിനിമാ സംവിധായകന്‍ വിനുവും ആര്യാടന്‍ ഷൗക്കത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദര്‍ഭത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.’ പത്മനാഭന്‍ പറഞ്ഞു.
”മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാള്‍ ദിവസങ്ങളില്‍ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ.’ പത്മനാഭന്‍ പറഞ്ഞു.
മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനു അഭിപ്രായപ്പെട്ടിരുന്നു. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ലെന്നു പറഞ്ഞ വിനു, എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവന ശരിവച്ചാണ് പത്മനാഭന്റെ പരാമര്‍ശം.