എ.എസ് ശ്രീകുമാര്‍
മാനവും മര്യാദയുമുള്ള ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന വര്‍ത്തമാനവും ബോഡിലാംഗ്വേജുമല്ല കേന്ദ്രമന്ത്രി പുങ്കവനായ സുരേഷ് ഗോപിയുടേത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ നാട്ടുകാരുടെയും പത്രക്കാരുടെയും മേക്കിട്ടുകയറുന്നു. ഭരത്ചന്ദ്രന്‍ ഐ.പി.എസിന്റെ വാങ്ങലില്‍ ചന്ദ്രഹാസമിളക്കുന്നു. ”ജനങ്ങളാണ് യജമാനന്‍മാര്‍…” എന്ന് പണ്ട് സിനിമയില്‍ പറഞ്ഞ് കൈയ്യടി മേടിച്ച ഡയലോഗ് എല്ലാം മറന്ന് ഭരത്ചന്ദ്രന്‍ ഐ.പി.എസിന്റെ പ്രേതബാധയൊഴിയാതെ പൂന്തുവിളയാടുകയാണ് സാക്ഷാല്‍ ട്രംപിനെപ്പോലും വെല്ലുന്ന ഈ മഹാമന്ത്രി. മന്ത്രിപദം പൊതുജനങ്ങളുടെ മേല്‍ കുതിരകയറാനുള്ള ചെങ്കോലായി എടുത്തിരിക്കുകയാണ്, ജനം മൂക്കത്ത് വിരല്‍ വച്ച് നോക്കുക്കുന്ന ഈ അഭിനവ എമ്പുരാന്‍.
ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞതാണ് ശരി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോള്‍ സുരേഷ് ഗോപി മാധ്യമങ്ങളോട് കയര്‍ത്ത സംഭവത്തില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് തികച്ചും സൗമ്യനായാണ്. പക്ഷേ ബ്രിട്ടസ് ‘ഭരത് ചന്ദ്രനെ’ തേച്ച് ഒട്ടിക്കുകയായിരുന്നു. സുരേഷ് ഗോപി സാര്‍ പൊട്ടിത്തെറിച്ച് കലിതുള്ളിയത് ഇങ്ങനെയാണ്…”നിങ്ങളാരാ..? നിങ്ങളാരോടാണ് ചോദിക്കുന്നത്..? വളരെ സൂക്ഷിച്ച് സംസാരിക്കണം. ബീ കെയര്‍ഫുള്‍. മാധ്യമം ആരാ..?” കൈരളിയെന്ന് പറഞ്ഞപ്പോള്‍, ”ആ ബെസ്റ്റ്…” എന്ന് പറഞ്ഞ് പുച്ഛത്തിലൊരു ആംഗ്യവും.
ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ സൗകര്യമില്ല പറയാനെന്നും ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും രോഷത്തോടെ പ്രതികരിച്ചു. ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ഗോപി പ്രകോപിതനായി. ”അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാ മതി കേട്ടോ…” എന്ന് കട്ടക്കലിപ്പോടെ പ്രതിവചിച്ചു. കേരളത്തിലെ ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ”അതിന് വേറൊരു അക്ഷരം മാറ്റണം അതിനകത്ത്…” എന്നും പറഞ്ഞ് കാറില്‍ കയറി സ്ഥലം വിട്ടു.
ഇനി ബ്രിട്ടാസ് പറയുന്നത് കേള്‍ക്കാം. ”അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും കാര്യമായെടുക്കുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിപോലും കാര്യമായെടുക്കുന്നില്ല. സുരേഷ്‌ഗോപി ഏത് പാര്‍ട്ടിയിലാണെന്ന കാര്യം സുരേഷ്‌ഗോപിക്കറിയില്ല. ബി.ജെ.പിക്ക് പോലും അതില്‍ സംശയമുണ്ട്. അങ്ങനെ ഒരു വ്യക്തി പറയുന്ന കാര്യത്തിന്റെ സൂക്ഷ്മതലങ്ങള്‍ വിലയിരുത്തി അതിനെ തൂക്കിനോക്കുന്നതില്‍ അര്‍ത്ഥമില്ല…” വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ബ്രിട്ടാസും സുരേഷ് ഗോപിയും കൊമ്പുകോര്‍ത്തിരുന്നു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് തന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതാണ് ഈ പെട്രോളിയം സഹമന്ത്രിയെ പൊള്ളിച്ചത്.
”കാലിക രാഷ്ട്രീയത്തേക്കുറിച്ച് ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് കുറേക്കൂടി സഭ്യമായി പ്രതികരിക്കാവുന്നതാണ്. പക്ഷെ അദ്ദേഹത്തെ ഞാന്‍ കുറ്റം പറയില്ല. കാരണം അദ്ദേഹം ദീര്‍ഘകാലം ഒരു തിരക്കഥാകൃത്തിന്റെ സഹായത്തിലാണ് വിരാജിച്ചത്. അദ്ദേഹത്തിന്റെ സിനിമാ നടനെന്ന പരിവേഷമാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്നെ സഹായകമായത്. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ നല്‍കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കണം. കുറേക്കൂടി യുക്തിഭദ്രമായി രാഷ്ട്രീയ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ക്കും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാവുന്നതാണ്…” ബ്രിട്ടാസ് പറഞ്ഞു.
സുരേഷ് ഗോപി ആ പഴയ തിരക്കഥകളുടെ ഹാങ് ഓവറിലാണ്. ഭരത്ചന്ദ്രനില്‍ നിന്ന് പുള്ളി നിലത്തിറങ്ങി വന്നിട്ടേയില്ല. എന്നാലും തൃശൂരുകാര്‍ക്ക് ഇതെങ്ങനെ പറ്റി..? നല്ല കച്ചോടക്കരാണ് അവര്‍. കേരളത്തില്‍ അല്ല ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജുവലറികളുള്ളത് തൃശൂരിലാണ്. സ്വര്‍ണം അണുവിട വ്യത്യാസമില്ലാതെ അവര്‍ തൂക്കിനേക്കിയാണ് ബിസിനസ് ചെയ്യുന്നത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പള്ളിയും പട്ടക്കാരുമൊക്കെ ടിയാനെ വല്ലാതെ വിശ്വസിച്ചു. രണ്ടുമൂന്നുവട്ടം തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞു. അവസാനം സഹതാപം തോന്നിയ തൃശൂര്‍ നിവാസികള്‍ എടുത്തോളാന്‍ പറഞ്ഞു. ഇനി അനുഭവിക്കുക തന്നെ. തൃശൂരുകാര്‍ മാത്രമല്ല മലയാളികള്‍ക്കെല്ലാം ഈ ചവിട്ടുനാടകം കാണേണ്ടിവരുന്നു.
സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ..? ”ഉണ്ട്, വ്യത്യാസമുണ്ട്..” എന്ന് മന്ത്രി ഗണേശ് കുമാര്‍ പറയുന്നു. ”അദ്ദേഹത്തെക്കുറിച്ച് തിരഞ്ഞെടുപ്പിന് മുമ്പേ ഞാന്‍ പറഞ്ഞതാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അന്ന് സാരമില്ലെന്ന് പലരും പറഞ്ഞു. ഇനി അനുഭവിച്ചോ. ശരിക്കും അദ്ദേഹത്തിനല്ല കുഴപ്പം. പുള്ളിയെ തിരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. നന്നാവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം…”
ഗണേശ് കുമാര്‍ ഒരുകാര്യം കൂടി പറഞ്ഞു. അതാണ് ബെസ്റ്റ് കോമഡി. അതായത് ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം സുരേഷ് ഗോപി തന്റെ കാറിന്റെ പുറകില്‍ ഗ്ലാസിനോട് ചേര്‍ന്ന്, പിന്നില്‍ നിന്ന് വരുന്നവര്‍ക്ക് കാണത്തക്ക വിധത്തില്‍ ഐ.പി.എസ് എന്ന് എഴുതിയ ഒരു എസ്.പിയുടെ തൊപ്പി വച്ചിരുന്നു. പലരും അത് കണ്ടിട്ടുണ്ട്. ഇന്നായിരുന്നെങ്കില്‍ ട്രോളിന്റെ പൂരമായിരുന്നു. ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ കട്ട് പറയുന്നത് സംവിധായകരായ ജനങ്ങളാണ്. അവരത് പറഞ്ഞോളും എന്നാണ് ഗണേശിന്റെ കൊട്ട്.
ഏതായാലും സുരേഷ് ഗോപിയുടെ കണ്‍ട്രോള് പോയിരിക്കുകയാണ്. ഏതോ ക്രിസ്ത്യന്‍ പള്ളിയില്‍ മുട്ടിലിഴയുന്നതും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം മുണ്ടും നേര്യതുമിട്ട് സാഷ്ടാംഗം വീഴുന്നതും ആളുകള്‍ക്ക് നോട്ട് (500-ന്റെ ഒരുകുത്ത് നോട്ടില്‍ നിന്നും 100 മാത്രം) കൊടുക്കുന്നതും നമ്മള്‍ കാണുന്നു. മന്ത്രി സ്ഥാനം കിട്ടിയതോടെ കിളി പോയ ഈ ചങ്ങാതിയുടെ അടുത്ത പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ജനം. തൃശൂരുകാരേ…ഇത് ഇത്തിരിയല്ല, ഒത്തിരി കടുപ്പമായിപ്പോയി…