ബുഡാപെസ്റ്റ്: സ്വവര്‍ഗാനുരാഗികളുടേത് ഉള്‍പ്പെടെയുള്ള എല്‍ജിബിടിക്യു കമ്മ്യൂണിറ്റികളുടെ പൊതുപരിപാടികള്‍ നിരോധിക്കാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി ഹംഗറി പാര്‍ലമെന്റ് തിങ്കളാഴ്ച പാസാക്കി. പ്രതിപക്ഷവും നിയമരംഗത്തെ വിദഗ്ധരും ഈ തീരുമാനത്തെ ജനകീയ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി വ്യാഖ്യാനിക്കുന്നു.
ബില്‍ വോട്ടിനിട്ടപ്പോള്‍ 140 പേര്‍ അനുകൂലിച്ചും 21 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ജനകീയ പ്രധാനമന്ത്രി എന്ന പേരുകേട്ട വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ളഫിഡെസ്-കെഡിഎന്‍പി സഖ്യമാണ് ഇത്തരമൊരു ബില്ലു കൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്. സഭയില്‍ ബില്‍ വോട്ടെടുപ്പിനിട്ടപ്പോള്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഹംഗറിയിലെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സ് കമ്മ്യൂണിറ്റികള്‍ക്കെതിരെ പ്രചാരണം നടത്തിയിട്ടുണ്ട്. സ്വവര്‍ഗരതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭ്യമാകുന്നത് വിലക്കുന്നതിനു ശക്തമായ നടപടികലാണഅ കൈക്കൊള്ളുന്നത്.
എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതിന് ഈ നടപടികള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് പ്രതിപക്ഷ ആരോപണം.