ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് യാസ് ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക്. അതിതീവ്രതയാര്‍ജിച്ച് നാളെ ഉച്ചയോടെ യാസ് ചുഴലിക്കാറ്റ് ഒഡിഷബംഗാള്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണിത്. അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് പടഞ്ഞാറന്‍ തീരങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയായി യാസും എത്തുന്നത്.
ബംഗാളിനും ഒഡിഷക്കുമിടയില്‍ പാരദ്വീപിനും സാഗര്‍ ഐലന്‍ഡിനും മധ്യേയായാണ് കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 155165 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക.
കനത്ത മഴയും അതിശക്തമായ കാറ്റുമാണ് വരും ദിവസങ്ങളില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഇപ്പോള്‍ തന്നെ ഒഡീഷ, പശ്ചിമ ബംഗാള്‍, അന്തമാന്‍ തീരത്ത് കനത്ത മഴയാണ്. ജാര്‍ഖണ്ഡ്, ബീഹാര്‍ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.
വിപുലമായ മുന്നൊരുക്കങ്ങളാണ് യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ബംഗാള്‍, ഒഡീഷ തീരങ്ങളിലെടുത്തിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പ് തന്നെ കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങളെ പറ്റി സംസാരിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ ഒഡിഷ, ആന്ധ്ര, ബംഗാള്‍ മുഖ്യമന്തിമാരുമായും അന്തമാന്‍ നികോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായും ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി.
ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. . ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ മഞ്ഞ അലെര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും തടസമില്ല.