ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ കമ്പനികളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാനുള്ള ഡെഡ്‌ലൈന്‍ ഇന്ന് അവസാനിക്കുന്നു.
മെയ് 26 മുതല്‍ പുതിയ ചട്ടങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. Information Technology (Guidelines for Intermediaries and Digital Media Ethics Code) Rules, 2021 എന്ന പേരില്‍ 30 പേജുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ സോഷ്യല്‍മീഡി, ഒ.ടി.ടി കമ്പനികള്‍ക്ക് നല്‍കിയത്.
എന്നാല്‍, ഫേസ്ബുക്കും ട്വിറ്ററും ഇതുവരെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ നാളെ മുതല്‍ ഇവ പ്രവര്‍ത്തനരഹിതമായേക്കും. നിര്‍ദേശങ്ങള്‍ അംഗീകരിക്കാനുള്ള ലക്ഷ്യത്തിലാണെന്നും പുതിയ ഐ.ടി നയത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നത് തുടരുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
”ഐ.ടി ചട്ടങ്ങളിലെ നിബന്ധനകള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുകയും ചില കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടല്‍ ആവശ്യമുള്ളതിനാല്‍ ചര്‍ച്ച ചെയ്യുന്നത് തുടരുകയും ചെയ്യും. സ്വതന്ത്രമായും സുരക്ഷിതമായും തങ്ങളുടെ അഭിപ്രായം പറയാനുള്ള ജനങ്ങളുടെ കഴിവിനൊപ്പം നില്‍ക്കാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബന്ധമായിരിക്കും…” ഫേസ്ബുക്ക് വക്താവ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
സര്‍ക്കാര്‍ റൂള്‍സില്‍ പറയുന്നത് ഇങ്ങനെ:
സെന്‍സര്‍ഷിപ്പ് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ഐ.ടി റൂള്‍. ഓരോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇന്ത്യയില്‍ ഒരു തലവന്‍ ഉണ്ടായിരിക്കണമെന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഇയാള്‍ ഉത്തരവാദി ആയിരിക്കുമെന്നുമാണ് റൂള്‍സില്‍ പറയുന്നത്. പോസ്റ്റുകളോ, ഉള്ളടക്കങ്ങളോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതുചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ട്രേസ് ചെയ്ത് ഉറവിടം വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനോട് തുടക്കം മുതലേ കമ്ബനികള്‍ എതിരായിരുന്നു. ഉള്ളടക്കത്തിനു മേല്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഉത്തവരാദിത്തം വരുന്നതാണ് ചട്ടങ്ങളിലെ നിബന്ധനകള്‍. കൂടാതെ, വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍, ചാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന് കൈമാറുകയും വേണം.
ഒരുപക്ഷേ, ഫേസ്ബുക്കും അതിനു കീഴില്‍ വരുന്ന വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളും ട്വിറ്ററും ചട്ടങ്ങള്‍ പാലിക്കാത്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുത്ത് നടപടിയാരംഭിക്കാനും സാധ്യതയുണ്ട്. നാളെ മുതലുള്ള സര്‍ക്കാര്‍ നിലപാട് പോലെയാകും ഭാവികാര്യങ്ങള്‍.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐ.ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.