ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകര്‍ക്കുമെന്ന് ആരോപിച്ചാണ് വാട്സ് ആപ്പ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിയമത്തിലെ ഒരു വകുപ്പ് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്സ്ആപ്പിന്റെ വാദം. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്.
തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് കമ്പനി പറയുന്നു.
വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയിലാണ് അയക്കുന്നതും സ്വീകരിക്കുന്നതും. ചട്ടങ്ങള്‍ നടപ്പാക്കുന്നത് സന്ദേശം ലഭിക്കുന്നവരുടേയും അയക്കുന്നവരുടേയും സ്വകാര്യത ഇല്ലാതാക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നോ വെബ്സൈറ്റുകളില്‍ നിന്നോ ഉള്ളതാകാം സന്ദേശങ്ങള്‍ പലതുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ 40 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നയം രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനിടെയാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ സൈറ്റുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം ബാധകമായ സാഹചര്യത്തില്‍ നിരോധനം വരുമോ എന്നത് ഇന്നറിയാം.
പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വാര്‍ത്താ സൈറ്റുകളും നയം നടപ്പാക്കിയിട്ടില്ല.ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 25നാണ് ഇടക്കാല മാര്‍ഗനിര്‍ദേശങ്ങളും എത്തിക്സ് കോഡും പുറത്തിറക്കിയത്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുക, പോസ്റ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നീക്കം ചെയ്യാനും ഇവര്‍ക്ക് അധികാരം നല്‍കുക എന്നിവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഇത് നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.ഈ സമയപരിധി ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. എന്നാല്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഒന്നും നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് യു.എസ് ആസ്ഥാനമായ പ്ലാറ്റ്ഫോമുകള് ആറ് മാസം സമയമാണ് ആവശ്യപ്പെട്ടത്.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണ്. നയം നടപ്പാക്കിയില്ലെങ്കില്‍ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരെ കേന്ദ്രവും ബിജെപിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ നയം പ്രാബല്യത്തില്‍ വരുന്നത്.
അതേസമയം വിലക്ക് വരാനുള്ള സാധ്യത കുറവെന്ന വിലയിരുത്തലാണ് ഐടി രംഗത്തെ പ്രമുഖര്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാകാവുന്ന വിമര്‍ശനങ്ങളും നിയമപരമായ പ്രശനങ്ങളുമടക്കം നേരിടേണ്ടി വരുമെന്നതിനാല്‍ നിരോധനത്തിലേക്ക് കടക്കില്ലെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്.