കൊച്ചി: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണു പെയ്യുന്നത്. മത്സ്യബന്ധനത്തിനു വിലക്കില്ലെങ്കിലും ജാഗ്രതാ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം.
മണ്‍സൂണ്‍ കാലവര്‍ഷം കേരളത്തോട് കൂടുതല്‍ അടുത്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിന് മുന്‍പുതന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ജല നിരക്ക് ഉയര്‍ന്നതോടെ മൂഴിയാര്‍, മണിയാര്‍, കല്ലാര്‍കുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.
നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി. അരുവിക്കരയില്‍ ഷട്ടറുകള്‍ നൂറ് സെന്റീമീറ്റര്‍ വരെയാണ് ഉയര്‍ത്തി!യത്. മണിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി.
പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കന്നമെന്ന് ജില്ലാ കലക്റ്റര്‍ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനക്കുന്നതിനാല്‍ ഡാം സുരക്ഷാ സമിതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് അണക്കെട്ടുകള്‍.