Thursday, September 29, 2022

HomeMain Storyകോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍; യുവാക്കള്‍ക്കായി മുറവിളി

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍; യുവാക്കള്‍ക്കായി മുറവിളി

spot_img
spot_img

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് ഉറപ്പായതിന് പിന്നാലെ പദവി ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിച്ചു. നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇതാദ്യമായി കഴിഞ്ഞ ദിവസം രേഖാമൂലം തന്നെ മുല്ലപ്പള്ളി തന്റെ രാജി സന്നദ്ധത പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

പുതിയ അധ്യക്ഷന്റെ സ്ഥാനത്തേക്ക് ആദ്യം മുതലേ കേള്‍ക്കുന്ന പേര് കെ സുധാകരന്റെതാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. മുല്ലപ്പള്ളിയെ നിയമസഭയില്‍ മത്സരിപ്പിച്ച് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ മുല്ലപ്പള്ളി പദവിയില്‍ തുടരാന്‍ തീരുമാനിച്ചതിനാല്‍ അന്ന് മാറ്റം നടന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വമാറ്റമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല കൂടി ഒഴിഞ്ഞതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള മുല്ലപ്പള്ളിയുടെ സാധ്യതയും കുറഞ്ഞു. ഇതോടെയാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചത്.

അണികളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് കെ സുധാകരന്റെ കരുത്ത്. എന്നാല്‍ പാര്‍ട്ടിക്ക് അകത്ത് കെ സുധാകരന് അത്ര പിന്തുണ പോര. പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരും ഉയരുന്നുണ്ട്. എ ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരുയര്‍ത്തുന്നു എന്നുള്ളതാണെന്നാണ് ഏറ്റവും അവസാനമുണ്ടായ ട്വിസ്റ്റ്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തില്‍ വലിയ മാറ്റമാണ് വന്നത്. ഇത് ഒരു നേതാവിന് പിന്നില്‍ ഉറച്ച് നിന്നുകൊണ്ട് സമ്മര്‍ദം ചെലുത്താനുള്ള ഗ്രൂപ്പിന്റെ സ്വാധീന ശക്തിയേയും കുറച്ചു. ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തല വിഭാഗം പുതിയ ഗ്രൂപ്പായ അവസ്ഥയിലാണ്.

പ്രതിപക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള വലിയൊരു വിഭാഗം രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തി വിഡി സതീശന്റെ പേരായിരുന്നു ഉയര്‍ത്തിയത്. കെ സുധാകരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ തന്റെ ഇടപെടലോ അഭിപ്രായങ്ങളോടോ ഉണ്ടാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

എ, ഐ ഗ്രൂപ്പുകളിലെ യുവ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പും രൂപം കൊള്ളുന്നുണ്ട്. ഇവര്‍ വിഡി സതീശനോട് അനുഭാവം പുലര്‍ത്തുന്നു. എ ഗ്രൂപ്പിലും പിളര്‍പ്പ് ശക്തമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമുണ്ടായിട്ടും എ ഗ്രൂപ്പിലെ യുവ എം.എല്‍.എമാര്‍ ഇത് തള്ളി വി.ഡി സതീശനെയായിരുന്നു പിന്തുണച്ചത്.

പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലും ഗ്രൂപ്പുകളിലെ ഈ ചലനങ്ങള്‍ സ്വാധീനം സൃഷ്ടിച്ചേക്കും. ഒരു ഗ്രൂപ്പിലും അംഗമാവാതെയാണ് പി.ടി തോമസ് നില്‍ക്കുന്നത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കപ്പുറമുള്ള തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയുള്ളവരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.

എ ഗ്രൂപ്പ് ഒറ്റക്കെട്ടായി നില്‍ക്കുകയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പിന്തുണ തേടിയെടുക്കാനും സാധിച്ചാല്‍ ബെന്നി ബഹ്നാന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെയാണ് അശോക് ചവാന്‍ സമിതി ഓണ്‍ലൈന്‍ തെളിവെടുപ്പ് ആരംഭിച്ചെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

കെ.പി.സി.സി അധ്യക്ഷനായി കെ മുരളീധരനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തലമുറ മാറ്റം എന്ന മുദ്രാവക്യം ഉയര്‍ത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥിനെ ചിലര്‍ മുന്നോട്ടു വയ്ക്കുന്നു. അതേസമയം തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റന്റായി നിയമിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് വരണമെന്നാണ് എ.ഐ.സി.സിയുടെ ആഗ്രഹം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എം.പിമാര്‍, എം.എല്‍.മാര്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരോടാണു ചവാന്‍ സമിതി അഭിപ്രായം തേടുന്നത്. പരാജയകാരണമാണ് പ്രധാനമായും തേടുന്നതെങ്കിലും അധ്യക്ഷനെ കുറിച്ചുള്ള ചോദ്യവും ഉണ്ടാവും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments